കൊച്ചി: ചരിത്രനേട്ടത്തിെൻറ മികവിൽ ഇന്ത്യൻ ഓഹരി വിപണി മുന്നേറുകയാണ്. ബ്ലൂചിപ്പ് ഓഹരികൾ സ്വന്തമാക്കാൻ നിക്ഷേപകർ മത്സരിച്ചതോടെ ഒമ്പത് ശതമാനം കുതിപ്പാണ് ബോംബെ സെൻസെക്‌സും നിഫ്‌റ്റിയും നവംബറിൽ ഇതിനകം കാഴ്‌ച്ചവെച്ചത്. ആഭ്യന്തര ഇൻഡക്‌സുകൾ മാത്രമല്ല, ഏഷ്യൻ‐യുറോപ്യൻ മാർക്കറ്റുകളും നേട്ടത്തിലാണ്.
അമേരിക്കയിൽ ഡൗ ജോൺസ്, എസ് ആൻറ് പി സൂചികകൾ സർവകാല റെക്കോർഡിലാണ്. മുൻനിര ഫാർമ്മ കമ്പനികൾ കോവിഡ്‌വാക്‌സിനുമായി രംഗത്ത് എത്തിയത് ആഗോള സാമ്പത്തിക മേഖലയെ മരവിപ്പിൽ നിന്ന് കരകയറ്റുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ. അടുത്തയാഴ്ച നടക്കുന്ന ഒപ്പെക്ക് യോഗത്തെ ഉറ്റ്‌നോക്കുകയാണ് രാജ്യാന്തര വിപണി. സാമ്പത്തിക രംഗം ഉണർന്നാൽ അന്താരാഷ്‌ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിലിന് ഡിമാൻറ് വർധിക്കുമെന്ന നിഗമനത്തിലാണ് എണ്ണ ഉൽപാദന രാജ്യങ്ങൾ.
പിന്നിട്ടവാരം ക്രൂഡ് ഓയിൽ അവധി വില എട്ട് ശതമാനം കയറി ഈ വർഷത്തെ ഉയർന്ന റേഞ്ചിലെത്തി. എണ്ണ ഉൽപാദന രാജ്യങ്ങളുടെ യോഗം ഈ വാരം നടക്കുമെങ്കിലും ഉൽപാദന അളവിൽ മാറ്റം വരത്തുന്നത് സംബന്ധിച്ച് നിർണ്ണായക തീരുമാനങ്ങൾക്ക് സാധ്യത കുറവാണ്. പുതു വർഷം പിറന്ന ശേഷം ക്രൂഡ് ഓയിൽ ഉൽപാദനം സംബന്ധിച്ച് വ്യക്തമായ ചിത്രംഒപ്പെക്കിൽ നിന്ന് പ്രതീക്ഷിക്കാനാവു. വാരാന്ത്യം എണ്ണ വില ബാരലിന് 45.54 ഡോളറിലാണ്.
നിഫ്‌റ്റി സൂചിക മുൻവാരത്തിലെ 12,859 പോയിൻറ്റിൽ നിന്ന് നേട്ടതോടെയാണ് വ്യാപാരം ആരംഭിച്ചത്. ഇതിനിടയിൽ നവംമ്പർ സീരീസ് സെറ്റിൽമെൻറ്റ് ഭാഗമായി ഓപ്പറേറ്റർമാർ ഡെറിവേറ്റീവ് മാർക്കറ്റിൽ പൊസിഷനുകളിൽ വരുത്തിയ മാറ്റങ്ങൾ വൻചാഞ്ചാട്ടം സൂചികയിൽ സൃഷ്‌ടിച്ചു. ഒരവസരത്തിൽ നിഫ്‌റ്റി ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരമായ 13,146 പോയിൻറ്റ് വരെ കുതിച്ച ശേഷം 12,790 ലേയ്‌ക്ക് ഇടിഞ്ഞു. വാരാന്ത്യം നിഫ്‌റ്റി 12,969 പോയിൻറ്റിലാണ്. മുൻവാരം ഇതേ കോളത്തിൽ വ്യക്തമാക്കിയ 12,971 ലെ പ്രതിരോധത്തിന് രണ്ട് പോയിൻറ്റ് താഴയാണ് ക്ലോസിങ്.
ബോംബെ സൂചിക 43,882 പോയിൻറ്റിൽ നിന്ന് മുൻ റെക്കോർഡായ 44,230 ലെ പ്രതിരോധം തകർത്ത് 44,825 പോയിൻറ് വരെ കയറി.സൂചികയിലെ റെക്കോർഡ് മുന്നേറ്റത്തിനിടയിൽ നിക്ഷേപകർ ലാഭമെടുപ്പിന് ഉത്സാഹിച്ചതോടെ വാരമധ്യം 43,582 ലേയ്‌ക്ക് തളർന്നെങ്കിലും വെള്ളിയാഴ്‌ച്ച വ്യാപാരം അവസാനിക്കുമ്പോൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ക്ലോസിങായ 44,149 പോയിൻറ്റിലാണ്.
വിപണിയുടെ സാങ്കേതിക വശങ്ങൾ പരിശോധിച്ചാൽ സൂപ്പർ ട്രൻറ്റ്, എം.ഏ സി.ഡി എന്നിവ ബുള്ളിഷാണ്. മുൻ നിര ഓഹരികളായ ഒ.എൻ.ജി .സി 78.50 രൂപയിലും ടാറ്റ സ്റ്റീൽ 577.85 ലും ഇൻഡസ്ഇൻഡ് ബാങ്ക് 857.65 ലും ടെക് മഹീന്ദ്ര 876.15 ലും ബജാജ് ഫിനാൻസ് 4903.30 ലും ബജാജ് ഓട്ടോ 3172.60 രൂപയിലും എച്ച്.ഡി.എഫ്.സി ബാങ്ക് 1440.70 സൺ ഫാർമ 511.55 ലും റിലയൻസ്ഇ ൻഡസ്ട്രീസ് 1929.85 രൂപയിലും ഐ.ടി.സി 193.70 രൂപയിലും മാരുതി സുസുക്കി 7026.70 രൂപയിലും ഹിന്ദുസ്ഥാൻ യൂണിലിവർ 2137.20 രൂപയിയും ടി. സി.എസ് 2679.15 രൂപയിലാണ് വാരാന്ത്യം.
വിദേശ ഫണ്ടുകളിൽ നിന്നുള്ള പണപ്രവാഹം ഫോറെക്‌സ് മാർക്കറ്റിൽ രൂപയുടെ മൂല്യം ഉയർത്തി. രൂപയുടെ വിനിമയ നിരക്ക് 74.11 ൽ നിന്ന് 73.94 ലേയ്‌ക്ക് കയറി. ആഗോള വിപണിയിൽ മഞ്ഞലോഹത്തിന് തിളക്കം മങ്ങി. കോവിഡ് വാക്‌സിൻ വരവ് സാമ്പത്തിക മേഖലയെ പുതിയ ദിശയിലേയ്‌ക്ക് തിരിക്കുമെന്ന സുചനകൾ നിക്ഷേപകരെ സ്വർണ അവധി വ്യാപാരത്തിൽ ലാഭമെടുപ്പിന് പ്രേരിപ്പിച്ചു.ട്രോയ് ഔൺസിന് 1987 ഡോളറിൽ നിന്ന് 1774ഡോളറിലേയ്‌ക്ക് ഇടിഞ്ഞ ശേഷം 1787 ഡോളറിലാണ്. വിപണിയുടെ സാങ്കേതിക ചലനങ്ങൾ വിലയിരുത്തിയാൽ സ്വർണം 1700‐1650 ഡോളറിലേയ്‌ക്ക് പരീക്ഷണങ്ങൾക്കുള്ളശ്രമത്തിലാണ്.