Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചൂടിന്റെ പിടിയിൽ തേയില; കൊളുന്ത് ഉൽപാദനത്തിൽ ഇടിവ്

text_fields
bookmark_border
ചൂട്​ കൂടുന്നത്​ വരുംവർഷങ്ങളിൽ ഉൽപാദനത്തെ സാരമായി ബാധിക്കും
https://www.madhyamam.com/tags/tea-leaves
cancel

തൊടുപുഴ: കാലാവസ്ഥ വ്യതിയാനത്തെ തുടർന്നുള്ള കനത്ത ചൂട്​ സംസ്ഥാനത്ത്​ തേയില ഉൽപാദനത്തെ പിന്നോട്ടടിക്കുന്നു. മുൻവർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ തേയിലക്കൊളുന്ത്​ ഉൽപാദനത്തിൽ ഇടിവ്​ കണ്ട്​ തുടങ്ങിയിട്ടുണ്ട്​. ദീർഘകാല വരൾച്ച തുടർന്നാൽ വരുംവർഷം തേയില ഉൽപാദനത്തിൽ പ്രതിസന്ധി ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.

സാധാരണഗതിയിൽ 20 ഡിഗ്രി മുതൽ 30 ഡിഗ്രി വരെ താപനിലയിലാണ്​ തേയിലച്ചെടികൾ ഏറ്റവും മികച്ചരീതിയിൽ പച്ച കൊളുന്ത്​ ഉൽപാദിപ്പിക്കുന്നത്​. എന്നാൽ, എൽനിനോ പ്രതിഭാസം മൂലമുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനത്തിലും ഉയർന്ന ചൂടും മൂലം തേയില ചെടികൾ നശിക്കുകയാണ്​​. 2025 ൽ, കേരളത്തിൽ 31.274 ദശലക്ഷം കിലോ തേയില ഉൽപാദിപ്പിച്ച സ്ഥാനത്ത്​ ഈ വർഷം എട്ട്​ മാസത്തെ കണക്കുകളുമായി നോക്കുമ്പോൾ 30.624 ദശലക്ഷത്തിലേക്ക്​ കുറഞ്ഞു.

വയനാട്ടിൽ 8.1 ശതമാനത്തിന്‍റെ കുറവുണ്ടായി. മധ്യകേരളത്തിലിത്​ 3.8 ശതമാനത്തിന്‍റെ കുറവാണ്​. തോട്ടംമേഖലയായ പീരുമേട്ടിൽ ഹെക്ടറിന്​ 1091 കിലോ ഗ്രാമിൽ നിന്ന്​ 1069 ലേക്ക്​​ ഉൽപാദനം കുറഞ്ഞു. ഇടുക്കി ജില്ലയിൽ മൂന്നാർ, വാഗമൺ മേഖലയിൽ നേരിയ വർധനവുണ്ടെങ്കിലും ചൂട്​ കൂടുന്നത്​ വരുംവർഷങ്ങളിലെ ഉൽപാദനത്തെ ബാധിക്കുമെന്ന്​ വിദഗ്​ധർ വിലയിരുത്തുന്നു. തമിഴ്‌നാട്ടിലെ നീലഗിരിയിൽ ഉത്പാദനത്തിൽ ഹെക്ടറിന് 11.80 ശതമാനം വരെ കുറവുണ്ടായതായാണ്​ കണക്കുകൾ.

ഒക്​ടോബർ- നവംബർ മാസങ്ങളിലാണ്​ തേയിലത്തോട്ടങ്ങൾ ഏറ്റവും കൂടുതൽ ഉൽപാദനം നടക്കുന്നത്​. കാലവർഷം കഴിഞ്ഞ്​ മണ്ണിൽ ആവശ്യത്തിന്​ ഈർപ്പവും ഒപ്പം അനുയോജ്യമായ വെയിലും ലഭിക്കുന്നതിനാൽ​ ഏറ്റവും കൂടുതൽ പച്ചക്കൊളുന്ത്​ ലഭിക്കും​. എന്നാൽ, വരൾച്ച സമാന സാഹചര്യം നിലനിൽക്കുകയും മഴ കുറയുകയും ചെയ്യുന്നതാണ്​ ഇപ്പാഴത്തെ വെല്ലുവിളി.

കടുത്തചൂടും ചുരുങ്ങിയ സമയത്ത്​ പെയ്യുന്ന തീവ്രമഴയും മഞ്ഞും പുതിയ തളിരിലകൾ കരിഞ്ഞ്​ പോകുന്നതിനും ചുരുണ്ട്​ പോകുന്നതിനും​ കാരണമാകുന്നുണ്ട്​. ഇത്​ ഇന്ത്യൻ തേയിലക്ക്​ അന്താരാഷ്ട്ര വിപണിയിൽ ഗുണമേന്മ കുറക്കാനിടയാക്കും. കൃത്യമായ ഇ​ടവേളകളിൽ വിളവെടുക്കാൻ കഴിയാത്ത സാഹചര്യമാണ്​ ഉള്ളതെന്ന്​ തേയില കർഷകർ ചൂണ്ടിക്കാട്ടുന്നു. കീടങ്ങളുടെ ശല്യം പ്രതിരോധിക്കുന്നതിനിടെ കാലാവസ്ഥ വ്യതിയാനം കൂടി കടന്നുവന്നതോടെ പ്രതിസന്ധി കൂടുതലായതായി ചെറുകിട തേയില കർഷകർ പറയുന്നു​. 25 ശതമാനത്തിലധികം വിളവ്​ കുറഞ്ഞ തോട്ടങ്ങൾ വരെയുണ്ട്​.

തേയില കൃഷിയിൽ പിടിച്ച്​ നിൽക്കാൻ കഴിയാതെ വന്നതോടെ ചെറുകിട കർഷകർ പലരും ഏല കൃഷിയിലേക്കും തി​​​രിഞ്ഞിട്ടുണ്ട്​. ശാസ്തീയരീതിയിൽ മണ്ണിന്‍റെ ഈർപ്പം നിലനിർത്തുന്നതിനുള്ള പ്രതിരോധ സംവിധാനങ്ങളടക്കം ഒരുക്കുന്നുണ്ടെന്ന്​ യുനൈറ്റഡ്​ പ്ലാന്‍റേഴ്​സ്​ അസോ. ഓഫ്​ സൗത്ത്​ ഇന്ത്യ (ഉപാസി) അഡ്വൈസ്​ ഓഫിസർ ശ്യാം കുമാർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story