താവി അൽ-ഹറ മാർക്കറ്റ് വീണ്ടും സജീവം
text_fieldsനവീകരണ പ്രവൃത്തികൾക്കുശേഷം തെക്കൻ ബാതിന ഗവർണറേറ്റിലെ റുസ്താക് മാർക്കറ്റ് പൊതുജനങ്ങൾക്കായി തുറന്നുനൽകിയപ്പോൾ
മസ്കത്ത്: ശൈത്യകാലവിളവുകളുമായി തെക്കൻ ബാത്തിന ഗവർണറേറ്റിലെ റുസ്താക് വിലായത്തിലെ താവി അൽ ഹാര മാർക്കറ്റ് വീണ്ടും സജീവമായി. കഴിഞ്ഞദിവസങ്ങളിൽ വ്യാപാരികളും കർഷകരും ഉപഭോക്താക്കളുമെല്ലാമായി മാർക്കറ്റ് സജീവമായി. സമീപ ഗവർണറേറ്റുകളിലും റുസ്താക്കിന്റെ അയൽപ്രദേശങ്ങളിലുംനിന്നെത്തിച്ച പുതിയ പച്ചക്കറി, ധാന്യവർഗ വിളവുകളാണ് മാർക്കറ്റിനെ സജീവമാക്കിയത്.
വീണ്ടും സജീവമായ റുസ്താക് മാർക്കറ്റിൽ ഒമാനിലെ ഗ്രാമീണ മേഖലയിൽനിന്നുള്ള ശൈത്യകാല വിളകൾ വിൽപനക്കെത്തിച്ചപ്പോൾ
നാരങ്ങ, വെള്ളരി, തക്കാളി, ചീര, ലെറ്റ്യൂസ്, മുള്ളങ്കി, മല്ലി, കറിവേപ്പില, പുതിന എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന പച്ചക്കറികൾ വിപണിയിൽ വിൽപനക്കെത്തി. കൂടാതെ ചോളം, ഗോതമ്പ്, ബാർലി തുടങ്ങിയ ധാന്യങ്ങളും പയർവർഗങ്ങളും വെളുത്തുള്ളി, ഉള്ളി, വളർത്തുമൃഗങ്ങൾക്കുള തീറ്റകൾ തുടങ്ങിയ സീസണൽ ഉൽപന്നങ്ങളും വിൽപക്കെത്തി.
താവി അൽ-ഹാര മാർക്കറ്റിൽ കുറച്ചുമുമ്പ് കാര്യമായ വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയിരുന്നു. വിൽപനമേഖലകളുടെ ക്രമീകരണം, സൗകര്യങ്ങളുടെ നവീകരണം, നടപ്പാതകൾ, ഉൽപന്നങ്ങൾ പ്രദർശിപ്പിക്കാനുള്ള ആധുനിക മേൽക്കൂരയുള്ള ഇടങ്ങൾ തുടങ്ങിയവ മാർക്കറ്റിൽ ഒരുക്കിയിട്ടുണ്ട്.
മാർക്കറ്റിന്റെ നവീകരണ പ്രവർത്തനങ്ങൾക്കുശേഷം കഴിഞ്ഞദിവസമാണ് ആദ്യമായി പൊതുജനങ്ങൾക്കായി തുറന്നുനൽകിയത്. ഇതോടെ കർഷകർക്കും ഉപഭോക്താക്കൾക്കും കൂടുതൽ സൗകര്യമുള്ള ഒരു വിപണി അന്തരീക്ഷം ഒരുങ്ങി. കാലാവസ്ഥ അനുകൂലമായതോടെ സീസണിലെ വിളകളിലും വർധനയുണ്ടായതായി കർഷകർ വ്യക്തമാക്കി. പ്രദേശത്തെ പ്രധാന കാർഷിക മാർക്കറ്റുകളിലൊന്നായ താവി അൽ-ഹാര മാർക്കറ്റിലേക്ക് വരും മാസങ്ങളിലും കൂടുതൽ ശൈത്യകാല വിളകൾ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. വിളവിന്റെ അളവും ഗുണമേന്മയും വർധിപ്പിച്ചതോടെ മാർക്കറ്റിൽ നല്ല വിലയിൽ വിൽക്കാൻ സഹായകമായതായി അവർ വ്യക്തമാക്കി.
പദ്ധതിയുടെ ഭാഗമായി മൃഗലേലം നടത്തുന്നതിനുള്ള പ്രത്യേക പ്രദേശം, വിപുലപ്പെടുത്തിയ പ്രവേശനമാർഗങ്ങൾ, വിശാലമായ പാർക്കിങ് സൗകര്യങ്ങൾ എന്നിവയും ഒരുക്കി. സന്ദർശകർക്ക് സൗകര്യപ്രദമായി തുടരാനാവുന്ന ആധുനിക സേവനസൗകര്യങ്ങളും വിപണിയിൽ സജ്ജീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

