ഏറ്റവും വലിയ ഐ.പി.ഒ; പക്ഷെ, നനഞ്ഞ പടക്കമായി ടാറ്റ കാപിറ്റൽ
text_fieldsമുംബൈ: ഈ വർഷത്തെ ഏറ്റവും വലിയ പ്രഥമ ഓഹരി വിൽപന (ഐ.പി.ഒ) ആയിരുന്നിട്ടും നിക്ഷേപകരുടെ പ്രതീക്ഷ നഷ്ടപ്പെടുത്തി ടാറ്റ കാപിറ്റൽ. ഐ.പി.ഒ വിലയേക്കാൾ വെറും 1.2 ശതമാനം ലാഭത്തിലാണ് കമ്പനി സ്റ്റോക്ക് എക്സ്ചേഞ്ചിൽ തിങ്കളാഴ്ച വ്യാപാരം തുടങ്ങിയത്. അതായത് ഐ.പി.ഒയിൽ 326 രൂപക്ക് വിറ്റ ഓഹരി 330 രൂപയിലാണ് നാഷനൽ സ്റ്റോക് എക്സ്ചേഞ്ചിലും ബോംബെ സ്റ്റോക് എക്സ്ചേഞ്ചിലും ലിസ്റ്റ് ചെയ്തത്. ഓഹരി വിപണിയിൽ വ്യാപാരം തുടങ്ങിയ ശേഷം കമ്പനിയുടെ മൊത്തം വിപണി മൂലധനം 1,39,783 കോടി രൂപയായി ഉയർന്നു. രാജ്യത്ത് അധിവേഗം വളരുന്ന ബാങ്ക് ഇതര ധനകാര്യ സ്ഥാപനമാണ് (എൻ.ബി.എഫ്.സി) ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ടാറ്റ കാപിറ്റൽ ലിമിറ്റഡ്.
ഐ.പി.ഒയിലൂടെ 15,512 കോടി രൂപയാണ് ടാറ്റ കാപിറ്റൽ സമാഹരിച്ചത്. കമ്പനി വിൽപനക്ക് വെച്ച ഓഹരികൾക്ക് പൂർണമായും അപേക്ഷകൾ ലഭിച്ചിരുന്നു. ചെറുകിട നിക്ഷേപകരും നിക്ഷേപ സ്ഥാപനങ്ങളും വൻകിട നിക്ഷേപകരുമാണ് ഏറ്റവും കൂടുതൽ അപേക്ഷിച്ചത്. എൽ.ഐ.സി, ഐ.സി.ഐ.സി.ഐ പ്രുഡൻഷ്യൽ മ്യൂച്ച്വൽ ഫണ്ട്, മോർഗൻ സ്റ്റാൻലി, നൊമൂറ, ഗോൾഡ്മാൻ സാച്സ് തുടങ്ങിയ വൻകിട കമ്പനികൾ ടാറ്റ കാപിറ്റൽ ഓഹരികൾ വാങ്ങിക്കൂട്ടിയിട്ടുണ്ട്.
എന്നാൽ, കുറഞ്ഞ സമയത്തിനുള്ള വൻ ലാഭമുണ്ടാക്കാൻ ലക്ഷ്യമിട്ട് വാങ്ങിയ ഓഹരികൾ ചെറുകിട നിക്ഷേപകർ വിറ്റൊഴിവാക്കിയതാണ് കമ്പനിക്ക് തിരിച്ചടിയായത്. കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഐ.പി.ഒ ആയിരുന്ന ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യക്കും ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തപ്പോൾ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല.
അതേസമയം, ടാറ്റ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള മികച്ച ബ്രാൻഡ് എന്ന നിലക്കും ചെറുകിട, കോർപറേറ്റ്, ഭവന വായ്പ രംഗത്ത് ശക്തമായ ബിസിനസുമുള്ള ടാറ്റ കാപിറ്റൽ ലിമിറ്റഡിന് രാജ്യത്തെ സാമ്പത്തിക മേഖലയിൽ ഏറെ വളർച്ച സാധ്യതയുള്ള കമ്പനിയാണെന്നും ദീർഘകാല നിക്ഷേപകർക്ക് നേട്ടമാകുമെന്നും മേത്ത ഇക്വിറ്റീസിലെ റിസർച്ച് അനലിസ്റ്റ് പ്രശാന്ത് തപ്സേ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

