Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightഹുർമുസ് കടലിടുക്കിലെ...

ഹുർമുസ് കടലിടുക്കിലെ ഉപരോധം: ക്രൂഡ് ഓയിൽ വില ബാരലിന് 120 ഡോളർ കടന്നു; ഇന്ത്യയിൽ ഇന്ധനവില ഉയരാൻ സാധ്യത!

text_fields
bookmark_border
ഹുർമുസ് കടലിടുക്കിലെ ഉപരോധം: ക്രൂഡ് ഓയിൽ വില ബാരലിന് 120 ഡോളർ കടന്നു; ഇന്ത്യയിൽ ഇന്ധനവില ഉയരാൻ സാധ്യത!
cancel

ന്യൂഡൽഹി: ഹുർമുസ് കടലിടുക്കിൽ യു.എസ് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് ഏർപ്പെടുത്തിയ നാവിക ഉപരോധത്തെത്തുടർന്ന് ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില കുതിച്ചുയരുന്നു. വ്യാഴാഴ്ച ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 120 യു.എസ് ഡോളർ പിന്നിട്ടു. ഇറാനുമായുള്ള ആണവ കരാറിൽ അമേരിക്കൻ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന ഒരു ധാരണയിൽ എത്തുന്നത് വരെ ഉപരോധം തുടരുമെന്ന ട്രംപിന്റെ പ്രഖ്യാപനമാണ് വിപണിയെ പിടിച്ചുലച്ചത്.

ആക്സിയോസിന് (Axios) നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്. ഇറാന്റെ ആണവ പദ്ധതികൾ തടയുന്നതിനുള്ള പ്രധാന ആയുധമായാണ് ഉപരോധത്തെ അമേരിക്ക കാണുന്നത്. 'ആക്രമണത്തേക്കാൾ ഫലപ്രദമാണ് ഉപരോധം. ഉപരോധത്തിൽ ഇറാൻ ശ്വാസം മുട്ടുകയാണ്, ചർച്ചകൾക്ക് തയ്യാറായില്ലെങ്കിൽ സ്ഥിതി കൂടുതൽ വഷളാകും. ഇറാനെ ഒരു കാരണവശാലും ആണവായുധം കൈവശം വെക്കാൻ അനുവദിക്കില്ല,' ട്രംപ് വ്യക്തമാക്കി.

ചർച്ചകൾക്ക് മുമ്പായി ഉപരോധം നീക്കണമെന്ന ഇറാന്റെ ആവശ്യം ട്രംപ് തള്ളിക്കളഞ്ഞു. ആദ്യം അമേരിക്കയുടെ ആശങ്കകൾക്ക് പരിഹാരം കാണണമെന്നും അതിനുശേഷം മാത്രമേ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിനെക്കുറിച്ച് ആലോചിക്കൂ എന്നും ട്രംപ് നിലപാടെടുത്തു. ഉപരോധം ഫലം കണ്ടില്ലെങ്കിൽ സൈനിക നടപടിയെക്കുറിച്ചും ചിന്തിച്ചേക്കാം എന്ന സൂചനയും അദ്ദേഹം നൽകി.

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ വിതരണ പാതയായ ഹുർമുസ് കടലിടുക്കിൽ ചരക്ക് ഗതാഗതം തടസ്സപ്പെടുന്നത് ആഗോള ഊർജ്ജ സുരക്ഷയെ ഗുരുതരമായി ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. എണ്ണ-വാതക പ്രതിസന്ധി ഇനിയും തുടർന്നാൽ ലോകത്തിന് ഏകദേശം ഒരു ലക്ഷം കോടി ഡോളർ (ഒരു ട്രില്യൺ) വരെ അധിക ബാധ്യതയുണ്ടാകുമെന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞൻ ജെഫ്രി സാച്ച്സ് ഈ സാഹചര്യത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി. 'ലോക സമ്പദ്‌വ്യവസ്ഥ ഭയാനകമായ ഒരു പ്രതിസന്ധിയെ നേരിടാൻ പോകുകയാണ്,' ഫിക്കി (FICCI) ലെജൻഡ് സീരീസിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. വിതരണ ശൃംഖലയിലെ തടസ്സങ്ങൾ നീങ്ങുമെന്ന് വിപണി പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, ഹുർമുസിലെ പ്രതിസന്ധി നീണ്ടുനിന്നാൽ എണ്ണവില ഇനിയും വർധിക്കുമെന്നും അത് രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിരതയെ തകർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ക്രൂഡ് ഓയിൽ വിലയിലുണ്ടാകുന്ന വർധനവ് കനത്ത തിരിച്ചടിയാണ് നൽകുന്നത്. ഇറക്കുമതി ചെലവ് വർധിക്കുന്നത് രാജ്യത്തെ പണപ്പെരുപ്പത്തിനും പെട്രോൾ, ഡീസൽ വില വർധനവിനും കാരണമാകും. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ അയവില്ലാതെ തുടരുന്നത് വരും ദിവസങ്ങളിൽ ആഗോള ഓഹരി വിപണികളിലും വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. നിലവിലെ സാഹചര്യത്തിൽ വിതരണം പുനഃസ്ഥാപിക്കാനുള്ള അന്താരാഷ്ട്ര ഇടപെടലുകൾ ലക്ഷ്യം കാണുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Strait of HormuzCrude Oil PriceLatest NewsIsrael Iran War
News Summary - Strait of Hormuz blockade: Crude oil price crosses $120 per barrel; Fuel prices likely to rise in India!
Next Story