ചുവടുമാറ്റി വിദേശധനകാര്യ സ്ഥാപനങ്ങൾ; കുതിക്കാൻ വിപണി
text_fieldsകൊച്ചി: വിദേശ ധനകാര്യസ്ഥാപനങ്ങൾ ചുവട് മാറ്റുന്നു, ആറ് മാസത്തിൽ അധികമായി വിൽപ്പനക്കാരുടെ മേലങ്കി മാത്രം അണിഞ്ഞിരുന്ന അവർ വാരമധ്യം പിന്നിട്ടതോടെ ആ കുപ്പായം അഴിച്ചു മാറ്റി വാങ്ങലുകാരാകാനുള്ള തയ്യാറെടുപ്പിലാണ്. വിദേശ ഓപ്പറേറ്റർമാരുടെ രൂപമാറ്റം വിപണിയുടെ മുഖഛായ തന്നെ മാറ്റി മറിക്കാം.
ഇന്ത്യൻ ഓഹരി വിപണി നാലു ദിവസങ്ങൾ കൊണ്ട് മുന്നേറിയത് നാല് ശതമാനത്തിൽ അധികം. വെളളിയാഴ്ച്ച ഹോളി പ്രമാണിച്ച് വിപണി അവധിയായിരുന്നു. ബോംബെ സെൻസെക്സ് 2399 പോയിൻറ്റും നിഫ്റ്റി 692 പോയിൻറ്റും വർദ്ധിച്ചു. വിപണിയിലെ പുത്തൻ ഉണർവ് പ്രദേശിക നിക്ഷേപകരെയും മാടി വിളിച്ചു.
അമേരിക്ക പലിശ നിരക്ക് ഉയർത്തിയെങ്കിലും വിദേശ ഫണ്ടുകൾ ഇന്ത്യൻ മാർക്കറ്റിലെ വിശ്വാസം നിലനിർത്തും വിധം വാരമദ്ധ്യത്തിന് ശേഷം 3100 കോടി രൂപയുടെ ഓഹരികൾ വാരികൂട്ടി. വാരത്തിന്റെ ആദ്യ രണ്ട് ദിനങ്ങളിൽ അവർ 1427 കോടി രൂപയുടെ ഓഹരികൾ വിൽപ്പന നടത്തിയിരുന്നു. വിദേശ ഫണ്ടുൾ വാങ്ങലിലേയ്ക്ക് തിരിഞ്ഞതിനിടയിൽ ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ വിൽപ്പനകാരായി മാറുകയും ചെയ്തു. അവസാന രണ്ട് ദിവസങ്ങളിൽ അവർ മുൻ നിര ഓഹരികൾ വിറ്റുമാറാൻ തിരക്കിട്ട നീക്കം നടത്തിയെങ്കിലും ഇത് സൂചികയുടെ കുതിപ്പിന് തടസമായില്ല.
ഡോളറിന് കരുത്ത് പകരാൻ ഫെഡ് റിസർവ് നീക്കത്തിനിടയിൽ രാജ്യാന്തര ക്രൂഡ് ഓയിൽ വിലയിലുണ്ടായ തളർച്ച ഉൽപാദന രാജ്യങ്ങളിൽ ആശങ്ക സൃഷ്ടിച്ചു. ഒരു വേള എണ്ണ വില മാർച്ചിലെ ഉയർന്ന നിരക്കായ 132 ഡോളറിൽ നിന്നും 97 ഡോളറിലേയ്ക്ക് തളർത്തി. എന്നാൽ വാരാന്ത്യം എണ്ണ വിപണി വീണ്ടും ചൂട് പിടിച്ച് 108 ഡോളറായി.
അന്താരാഷ്ട്ര വിപണിയിൽ നിന്നുള്ള ചൂടുള്ള വാർത്തകൾക്കിടയിൽ ഫോറെക്സ് മാർക്കറ്റിൽ യു എസ് ഡോളറിന് മുന്നിൽ രൂപയുടെ മൂല്യം 76.86 ൽ നിന്ന് വാരാവസാനം 76.02 ലേയ്ക്ക് ശക്തിപ്രാപിച്ചു. രൂപയുടെ തിരിച്ച് വരവ് റിസർവ് ബാങ്കിന് ആശ്വാസം പകർന്നു. ക്രൂഡ് വിപണിയിലെ കുതിപ്പും രൂപയുടെ മൂല്യ തകർച്ചയും ഏതാനും ആഴ്ച്ചകളായി കേന്ദ്ര ബാങ്കിൽ ഏറെ സമ്മർദ്ദമുളവാക്കിയിരുന്നു. എന്നാൽ വാരാവസാനം സ്ഥിതിഗതികളിലുണ്ടായ മാറ്റം നാണപ്പെരുപ്പത്തിൻറ്റ ത്രീവ്രത കുറക്കാൻ ഇടയുണ്ട്, എങ്കിലും വൈകാതെ പലിശ നിരക്കിൽ ഭേദഗതിക്കുള്ള സാധ്യത തള്ളികളയാനാവില്ല. 100‐110 ബേസിസ് പോയിൻറ്റ് പലിശ നിരക്കിൽ മാറ്റങ്ങൾക്ക് ആർ ബി ഐ മുതിരാം.
മുൻ നിര ഓഹരികളായ എച്ച്.ഡി.എഫ്.സി, എച്ച്.ഡി.എഫ്.സി ബാങ്ക്, എസ്.ബി.ഐ, ഐ.സി.ഐ.സി.ഐ ബാങ്ക്, ആക്സിസ് ബാങ്ക്, സൺ ഫാർമ്മ, ഡോ: റെഡീസ്, ആർ.ഐ.എൽ, ഇൻഫോസീസ്, വിപ്രോ, എച്ച്.സി.എൽ, ടി.സി.എസ്, എച്ച്.യു.എൽ, എം ആൻറ് എം തുടങ്ങിയവയിൽ നിക്ഷേപകർ താൽപര്യം കാണിച്ചു.
സെൻസെക്സ് മുൻവാരത്തിലെ 55,550 പോയിൻറ്റിൽ നിന്നും തുടക്കത്തിൽ അൽപ്പം തളർന്നങ്കിലും പിന്നീട് ദൃശ്യമായ വാങ്ങൽ താൽപര്യത്തിൽ 58,098 വരെ മുന്നേറിയ ശേഷം വ്യാപാരാന്ത്യം സൂചിക 57,863 പോയിൻറ്റിലാണ്.നിഫ്റ്റി ഒടുവിൽ 17,000 ന് മുകളിൽ ഇടം പിടിച്ചു. വാരാരംഭത്തിൽ 15,630 ൽ നിന്ന് 15,583 ലേയ്ക്ക് ഇടിഞ്ഞ സൂചിക ഫണ്ടുകളിൽ നിന്നും പ്രാദേശിക ഇടപാടുകാരിൽ നിന്നുമുള്ള ശക്തമായ വാങ്ങലിൽ 17,344 വരെ മുന്നേറിയ ശേഷം ക്ലോസിങിൽ 17,287 പോയിൻറ്റിലാണ്.

