വാങ്ങലുകാരായി ആഭ്യന്തര ഫണ്ടുകൾ; നേട്ടത്തോടെ വിപണി
text_fieldsകോർപ്പറേറ്റ് മേഖലയിൽ നിന്നുള്ള ത്രൈമാസ പ്രവർത്തന റിപ്പോർട്ടുകളുടെ തിളക്കം ഓഹരി ഇൻഡക്‌സുകളിലും പ്രതിഫലിച്ചു. പുതു വർഷത്തിലെ ആദ്യം പ്രതിവാരനേട്ടത്തിലേക്ക് ഇന്ത്യൻ വിപണി പ്രവേശിച്ചതിനൊപ്പം പണപ്പെരുപ്പം കുറയുമെന്ന സൂചനകൾ നിക്ഷേപകർക്ക് ആവേശം പകർന്നു. സെൻസെക്‌സ് 360 പോയിന്റും നിഫ്‌റ്റി 97 പോയിൻറും കഴിഞ്ഞവാരം ഉയർന്നു.
മുൻ നിര ഐ.ടി കമ്പനികളായ ടി.സി.എസ്, വിപ്രോ, ഇൻഫോസിസ്, എച്ച്.സി.എൽ തുടങ്ങിയവ പുറത്തുവിട്ട് തിളക്കമാർന്ന ത്രൈമാസ പ്രവർത്തന റിപ്പോർട്ടുകൾ നിക്ഷേപക മേഖലയിൽ വൻ സ്വധീനം ചെലുത്തി. പ്രാദേശിക ഇടപാടുകാരും ആഭ്യന്തര മ്യുച്വൽ ഫണ്ടുകളും മുൻ നിര ടെക്‌നോളജി, സ്‌റ്റീൽ വിഭാഗം ഓഹരികൾ വാങ്ങി കൂട്ടാൻ കാണിച്ച ഉത്സാഹം സൂചികയിൽ പ്രതിവാര നേട്ടത്തിന് അവസരം ഒരുക്കി.
ഇടപാടുകൾ നടന്ന എല്ലാ ദിവസങ്ങളിലും വാങ്ങലുകാരായി രംഗത്ത് നിറഞ്ഞ നിന്ന് ആഭ്യന്തര ഫണ്ടുകൾ മൊത്തം 10,043 കോടി രൂപയുടെ ഓഹരികൾ ശേഖരിച്ചു. ജനുവരിയിൽ ഇത്ര ശക്തമായ ബയ്യിങ് അവരുടെ ഭാഗത്ത് നിന്ന് ആദ്യമാണ്. മ്യൂച്ചൽഫണ്ടുകൾ വിപണിയോട് കാണിച്ച താൽപര്യം വരും മാസങ്ങളിലും ആവർത്തിച്ചാൽ വൻ കുതിപ്പ് ഇൻഡക്‌സുകളിൽ പ്രതീക്ഷിക്കാം.
ബോംബെ സെൻസെക്‌സ് ജനുവരി ആദ്യ വാരത്തിലെ 59,900 ൽ നിന്നും മികവോടെയാണ് ഇടപാടുകൾക്ക് തുടക്കം കുറിച്ചത്. മുൻവാരം സുചിപ്പിച്ചതാണ് 60,900 റേഞ്ചിൽ സൂചികയ്‌ക്ക് പ്രതിരോധം നേരിടുമെന്ന കാര്യം. തുടക്കത്തിലെ കുതിപ്പിൽ 60,938 വരെ കയറിയതിനിടയിൽ അലയടിച്ച വിൽപ്പന സമ്മർദ്ദം സെൻസെക്‌സിനെ വെളളിയാഴ്‌ച്ച 59,628 വരെ താഴ്‌ത്തി.
ഇതിനിടയിൽ സാമ്പത്തിക മേഖലയിൽ നിന്നുള്ള അനുകുല വാർത്തകൾ ചവിട്ട് പടിയാക്കി മാറ്റി സൂചിക വാരാന്ത്യ ദിനത്തിൽ കാഴ്‌ച്ചവെച്ച തിരിച്ച് വരവ് മാർക്കറ്റ് ക്ലോസിങിൽ ബോംബെ സൂചികയെ 60,261 പോയിന്റിൽ എത്തിച്ചു. അനുകൂല തരംഗം കണക്കിലെടുത്താൽ വിപണി 60,900 റേഞ്ചിലേയ്‌ക്ക് സഞ്ചരിക്കാൻ വാരത്തിന്റെ ആദ്യ പകുതിയിൽ ശ്രമം നടത്താം. ഈ നീക്കം വിജയം കണ്ടാൽ അടുത്ത ലക്ഷ്യം 61,600 പോയിന്റായി മാറും. എന്നാൽ പ്രതിരോധങ്ങൾക്ക് മുന്നിൽ വിപണി പതറിയാൽ പിടിച്ചു നിൽക്കാനാവുക 59,600‐58,965 പോയിന്റിലാവും.
നിഫ്‌റ്റിക്ക് 18,000 ന് മുകളിൽ കരുത്ത് തിരിച്ചു പിടിക്കാനായില്ല. തുടർച്ചയായ രണ്ടാം വാരമാണ് സൂചിക നിർണായക താങ്ങിൽ മുകളിൽ ക്ലോസിങിൽ ഇടം കണ്ടെത്താനാവാതെ ക്ലേശിച്ചു. മുൻവാരത്തിലെ 17,859 പോയിന്റിൽ നിന്നും ഇടപാടുകളുടെ തുടക്കത്തിൽ 18,100 റേഞ്ചിലേയ്‌ക്ക് വിപണി മുന്നേറിയെങ്കിലും അധികം നേരം ഈ തലത്തിൽ പിടിച്ചു നിൽക്കാൻ നിഫ്‌റ്റിക്കായില്ല.
ഇതിനിടയിൽ ഉടലെടുത്ത വിൽപ്പന സമ്മർദ്ദത്തിൽ വിപണി ആടി ഉലഞ്ഞങ്കിലും മുൻവാരം സൂചിപ്പിച്ച നിർണ്ണായക താങ്ങായ 17,600 തകരാതെ ബുൾ ഇടപാടുകാർ താഴ്‌ന്ന റേഞ്ചിൽ കാണിച്ച വാങ്ങൽ താൽപര്യം 17,774 ൽ നിന്നും നിഫ്റ്റിയെ മാർക്കറ്റ് ക്ലോസിങിൽ 17,956 ലേയ്‌ക്ക് ഉയർത്തി.
മികച്ച മുന്നേറ്റമാണ് പോയവാരം ടാറ്റാ മോട്ടേഴ്‌സ് കാഴ്‌ച്ചവെച്ചത്, ഓഹരി വില 7.67 ശതമാനം ഉയർന്ന് 411 രൂപയായി. ഇൻഫോസിസ്, വിപ്രോ, ടി.സി.എസ്, എച്ച്.സി.എൽ, ടെക് മഹീന്ദ്ര, എൽ ആൻറ് ടി, സൺ ഫാർമ്മ, എച്ച്.യു.എൽ, മാരുതി, ടാറ്റാ സ്‌റ്റീൽ, ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, എച്ച്.ഡി.എഫ്.സി തുടങ്ങിയവയുടെ നിരക്ക് ഉയർന്നപ്പോൾ ഐ.ടി.സി, ആർ.ഐ.എൽ, എയർടെൽ തുടങ്ങിയവയ്‌ക്ക് തിരിച്ചടിനേരിട്ടു.
ഇൻഫോസിസ് ടെക്‌നോളജി ഡിസംബറിൽ അവസാനിച്ച മൂന്ന് മാസകാലയളവിൽ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം കാഴ്‌ച്ചവെച്ചുകൊണ്ട് 13.4 ശതമാനം വർധന അറ്റാദായത്തിൽ നേടി. ആഗോള സമ്പദ്‌വ്യവസ്ഥ മന്ദഗതിയിൽ നീങ്ങുന്നതിനിടയിലും ഇന്ത്യൻ കമ്പനിയുടെ മികച്ച പ്രവർത്തന റിപ്പോർട്ട് വിപണി നേട്ടമാക്കി.
മൂന്നാം പാദത്തിൽ എച്ച്.സി.എൽ ടെക് അറ്റവരുമാനത്തിൽ 19 ശതമാനം വർധിച്ച് 4096 കോടി രൂപയായി. രാജ്യത്തെ ഏറ്റവും വലിയ ഐ ടി കമ്പനികളിൽ ഒന്നായ ടാറ്റ കൺസൾട്ടൻസി ലിമിറ്റഡ് 7.2% വാർഷിക കുതിപ്പ് നടത്തി.
അതേസമയം ഡോളർ സൂചിക കഴിഞ്ഞ ആഴ്ച ഇടിവ് സംഭവിച്ചു. വർഷാരംഭത്തിൽ 105 പോയിന്റിൽ നിലകൊണ്ട സൂചികയിപ്പോൾ 102 ലേയ്‌ക്ക് താഴ്‌ന്നു. ഡെയ്‌ലി, വീക്കിലി ചാർട്ടുകൾ ദുർബലാവസ്ഥയിലേയ്‌ക്ക് വിരൽ ചുണ്ടുന്നതിനാൽ ഒരു വിഭാഗം ഫണ്ടുകൾ നിക്ഷേപം സ്വർണത്തിലേയ്‌ക്ക് തിരിക്കാൻ കഴിഞ്ഞവാരം ഉത്സാഹിച്ചു. വാരാരംഭത്തിൽ ട്രോയ് ഔൺസിന് 1865 ഡോളറായിരുന്ന സ്വർണ വില ശക്തമായ മുന്നേറ്റത്തിലുടെ 1924 ഡോളറിലെ പ്രതിരോധ മേഖലയിലേയ്‌ക്ക് ഉയർന്ന ശേഷം വ്യാപാരം അവസാനിക്കുമ്പോൾ 1920 ഡോളറിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

