സോപ്പ് മുതൽ ബിസ്കറ്റിന് വരെ വില കൂടും; ഇറാൻ-ഇസ്രായേൽ യുദ്ധം നമ്മളെയും ബാധിക്കും
text_fieldsന്യൂഡൽഹി: ഇറാൻ-ഇസ്രായേൽ യുദ്ധം ഇന്ത്യയിലെ ജനങ്ങളേയും ബാധിക്കുമെന്ന സൂചനകൾ നൽകി രാജ്യത്തെ എഫ്.എം.സി.ജി കമ്പനികൾ. യുദ്ധം മൂലം അസംസ്കൃത വസ്തുക്കൾക്ക് വില കൂടുന്നതിനാൽ സോപ്പിൽ തുടങ്ങി ബിസ്കറ്റ് വരെയുള്ള വിവിധ നിത്യോപയോഗ സാധനങ്ങൾക്ക് വില കൂടുമെന്നാണ് എഫ്.എം.സി.ജി കമ്പനികൾ നൽകുന്ന മുന്നറിയിപ്പ്.
അസംസ്കൃത വസ്തുകൾക്ക് വില കൂടുന്നതിനാൽ ഉൽപാദന ചെലവ് വർധിക്കുകയും അതിനനുസരിച്ച് ഉൽപന്നങ്ങളുടെ വില കൂടുകയും ചെയ്യുമെന്നാണ് മേഖലയിലെ കമ്പനികൾ നൽകുന്ന മുന്നറിയിപ്പ്. യുദ്ധത്തിന്റെ സാഹചര്യത്തിൽ ഉൽപന്നങ്ങളുടെ വില ഉയരുമെന്ന് ഗോദ്റേജ് കൺസ്യൂമർ പ്രൊഡക്ട്സ് ഉദ്യോഗസ്ഥനായ കൃഷ്ണ കഷ്ത്വാനി പറഞ്ഞു. ഡാബറിലെ ചീഫ് എക്സിക്യൂട്ടീവായ മോഹിത് മൽഹോത്രയും യുദ്ധം ഉൽപന്നങ്ങളുടെ വില ഉയരുന്നതിന് ഇടയാക്കുമെന്ന് പറഞ്ഞു.
അതേസമയം, ഇറാൻ-ഇസ്രായേൽ സംഘർഷത്തിനിടെ ആഗോളവിപണിയിൽ എണ്ണവില കുതിക്കുകയാണ്. അഞ്ച് മാസത്തെ ഉയർന്ന നിരക്കിലേക്ക് ബ്രെന്റ് ക്രൂഡോയിലിന്റെ വില ഉയർന്നു. ബ്രെന്റ് ക്രൂഡോയിൽ വില 0.5 ശതമാനം ഉയർന്ന് 76.70 ഡോളറിലെത്തി.
കഴിഞ്ഞ സെഷനിൽ 4.4 ശതമാനം ഉയർന്നിരുന്നു. വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയേറ്റ് ക്രൂഡോയിലിന്റെ 0.64 ശതമാനം ഉയർന്നു. കഴിഞ്ഞ ദിവസം 4.3 ശതമാനം ഉയർച്ചയാണ് ഡബ്യു.ടി.ഐ ക്രൂഡോയിലിനുണ്ടായത്.
ഇറാൻ ഇസ്രായേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ലോകവിപണിയിൽ എത്തുന്ന എണ്ണയുടെ അളവിൽ 0.5 മുതൽ ഒരു മില്യൺ ബാരലിന്റെ വരെ കുറവുണ്ടാവും. എങ്കിലും ബ്രെന്റ് ക്രൂഡോയിൽ വില തൽക്കാലത്തേക്ക് വൻതോതിൽ ഉയരില്ലെന്നാണ് പ്രവചനം. 75 മുതൽ 80 ഡോളർ വരെ തുടരുമെന്നാണമ് പ്രവചനം.
ഇറാൻ എണ്ണയുടെ വരവ് കുറഞ്ഞാലും ഇത് മൂലമുണ്ടാകുന്ന പ്രതിസന്ധി മറികടക്കാനുള്ള എണ്ണശേഖരം സൗദി അറേബ്യ പോലുള്ള അറബ് രാജ്യങ്ങളുടെ കൈവശമുണ്ടെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

