സ്വർണം മറന്നേക്കൂ, വെള്ളി വില പുതിയ റെക്കോഡിലേക്ക്
text_fieldsമുംബൈ: പാവപ്പെട്ടവന്റെ സ്വർണമായ വെള്ളി വില പുതിയ സർവകാല റെക്കോഡിലേക്ക്. ആഭ്യന്തര വിപണിയിൽ ഒരു കിലോ ഗ്രാം വെള്ളിയുടെ വില 1,64,359 രൂപയാണ്. ആഗോള വിപണിയിൽ ഒരു ഔൺസ് വെള്ളിക്ക് 54.18 ഡോളർ നൽകണം. 54.50 ഡോളറാണ് വെള്ളിയുടെ റെക്കോഡ് വില. വെള്ളി വില ഏറ്റവും ശക്തമായ മുന്നേറ്റം നടത്തിയ ആഴ്ചയാണിത്. 7.4 ശതമാനം വർധനവ് രേഖപ്പെടുത്തിയിരുന്നു. സിൽവർ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിൽനിന്നടക്കം ഡിമാൻഡ് വർധിക്കുമ്പോഴും ലഭ്യത കുറഞ്ഞതാണ് വില വീണ്ടും സർവകാല റെക്കോഡിലേക്ക് ഉയരാൻ കാരണം. സോളാർ, ഇലക്ട്രോണിക്സ്, ഇലക്ട്രിക് വാഹനം തുടങ്ങിയ വ്യവസായ മേഖലകളിൽനിന്നാണ് ഏറ്റവും അധികം ഡിമാൻഡ് ഉയരുന്നത്. ഡിസംബർ 10ന് യു.എസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറക്കുമെന്ന പ്രതീക്ഷയിൽ നിക്ഷേപകർ വെള്ളി വാങ്ങിക്കൂട്ടുകയാണ്. മാത്രമല്ല, അന്താരാഷ്ട്ര വിപണിയിൽ ഡോളർ ഡിമാൻറ് ഇടിയുന്നതും വെള്ളിക്ക് നേട്ടമായിട്ടുണ്ട്.
നിക്ഷേപകർ വെള്ളിയിലേക്ക് തിരിച്ചുവരുന്നതിന്റെ സൂചനയാണ് പുതിയ മുന്നേറ്റമെന്ന് സാംകോ സെക്യൂരിറ്റീസ് ഗവേഷണ വിഭാഗം മേധാവി അപൂർവ ഷേത് പറഞ്ഞു. വെള്ളി വില അടുത്ത റാലിക്ക് ഉടൻ തുടക്കം കുറിക്കും. ഡിമാൻഡ് നിലനിന്നാൽ ഒരു ഔൺസ് വെള്ളിയുടെ വില 63-64 ഡോളറിലേക്ക് ഉയരുമെന്നും അവർ പറഞ്ഞു. ഔൺസിന് 37 ഡോളറിൽനിന്നാണ് വെള്ളി വില 54 ഡോളറിലേക്ക് കുതിച്ചുയർന്നത്. കഴിഞ്ഞ ആഴ്ചകളിൽ 46-54 ഡോളർ റേഞ്ചിൽ വ്യാപാരം ചെയ്യപ്പെട്ട ശേഷമാണ് പുതിയ മുന്നേറ്റം.
ചൈനയുടെ വെള്ളി കരുതൽ ശേഖരം 10 വർഷത്തെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് ഇടിഞ്ഞിരിക്കുകയാണ്. ഡിമാൻഡ് ഉയർന്ന പശ്ചാത്തലത്തിൽ ചൈന വെള്ളി വൻ തോതിൽ പ്രധാന വിപണിയായ ലണ്ടനിലേക്ക് കയറ്റുമതി ചെയ്തതോടെയാണ് ശേഖരം കുറഞ്ഞത്. 660 ടണിലേറെ വെള്ളിയാണ് ഒക്ടോബറിൽ ചൈന കയറ്റുമതി ചെയ്തത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന കയറ്റുമതിയാണിത്. എന്നാൽ, ഫിസിക്കൽ വെള്ളിയുടെ ലഭ്യത കുറയുമോയെന്ന ആശങ്കയാണ് ചൈനയുടെ നീക്കം നിക്ഷേപകരിലുണ്ടാക്കിയത്. ഇതോടെ നിക്ഷേപകർ ഡോളറടക്കം ആസ്തികൾ വിറ്റൊഴിവാക്കി വെള്ളി വാങ്ങിക്കൂട്ടുകയായിരുന്നു.
ഒക്ടോബറിലാണ് വെള്ളി വില ചരിത്രത്തിൽ ആദ്യമായി ഔൺസിന് 50 ഡോളറിന് മുകളിലേക്ക് ഉയർന്നത്. ശക്തമായ റാലിക്ക് പിന്നാലെ നിക്ഷേപകർ ലാഭമെടുത്തതോടെ വില 46 ഡോളറിലേക്ക് ഇടിഞ്ഞിരുന്നു. 80 ശതമാനത്തിലേറെ ലാഭമാണ് ഈ വർഷം നിക്ഷേപകർക്ക് വെള്ളി സമ്മാനിച്ചത്. സ്വർണ വില 59 ശതമാനം വർധിച്ചപ്പോൾ വെള്ളി വിലയിൽ 82 ശതമാനത്തിന്റെ കുതിപ്പാണുണ്ടായത്. യു.എസിന്റെ താരിഫ് ഭീഷണിയടക്കം ആഗോള രാഷ്ട്രീയ അനിശ്ചിതാവസ്ഥയാണ് വെള്ളിയുടെ ഡിമാൻഡിന് തുടക്കമിട്ടത്. അഞ്ച് വർഷത്തിനിടെ വെള്ളി വിലയിൽ 130 ശതമാനത്തിന്റെ വളർച്ചയാണുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

