ഒാഹരി വിപണി സർവകാല റെക്കോഡിൽ; സെൻസെക്സ് 60,000ന് മുകളിൽ, നിഫ്റ്റിയും കുതിക്കുന്നു
text_fieldsമുംബൈ: രാജ്യത്തെ ഒാഹരി വിപണിയിൽ സർവകാല റെക്കോഡ്. ബോംബെ സൂചിക സെൻസെക്സ് 60,287 പോയിന്‍റിന് മുകളിലെത്തി. ദേശീയ സൂചിക നിഫ്റ്റി 17,930 പോയിന്‍റിലാണ് നിൽകുന്നത്.
ആദ്യമായാണ് സെൻസെക്സ് 60,000 എന്ന മാർക്ക് കടക്കുന്നത്. സെൻസെക്സ് 427 പോയിന്‍റും നിഫ്റ്റി 50 പോയിൻറും കുതിപ്പാണ് രേഖപ്പെടുത്തിയത്. നിഫ്റ്റി 18,000 പോയിന്‍റ് കടന്നേക്കുമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
പ്രധാന ഒാഹരികളിൽ വലിയ കുതിപ്പ് രേഖപ്പെടുത്തി. ഇൻഫോസിസ്, എച്ച്.ഡി.എഫ്.സി ബാങ്ക്, ടാറ്റ കൺസൽട്ടൻസി സർവീസ്, ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.സി.എൽ ടെക്നോളജീസ്, ലാർസൻ ആൻഡ് ടെർബോ എന്നീ കമ്പനികളുടെ ഒാഹരികൾ നേട്ടം കൈവരിച്ചു.
എവർഗ്രാൻഡ് എന്ന ചൈനീസ് റിയൽ എസ്റ്റേറ്റ് കമ്പനി രാജ്യത്തും ലോകത്തും വലിയ സാമ്പത്തിക മാന്ദ്യം ഉണ്ടാക്കുമെന്ന ഭയം നിലനിന്നിരുന്നു. ഇതിനെ മറികടന്നതിന്‍റെ പ്രതിഫലമാണ് ഇന്ത്യൻ വിപണിയിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസവും ഇന്ത്യൻ ഒാഹരി വിപണി നേട്ടം കൈവരിച്ചിരുന്നു.