നാല് ദിവസത്തിൽ സെൻസെക്സിലുണ്ടായത് 2500 പോയിന്‍റ് ഇടിവ്; വിപണി തകരാനുള്ള അഞ്ച് കാരണങ്ങൾ നിരത്തി വിദഗ്ധർ
text_fieldsമുംബൈ: തുടർച്ചയായ നാലാം ദിവസവും ഇന്ത്യൻ ഓഹരി വിപണികളിൽ തിരിച്ചടിയുണ്ടായിരിക്കുകയാണ്. ബി.എസ്.ഇ സെൻസെക്സ് 2500 പോയിന്‍റും നിഫ്റ്റി 700 പോയിന്‍റും നാല് ദിവസത്തിനുള്ളിൽ ഇടിഞ്ഞു. ഓഹരി വിപണിയുടെ തകർച്ചക്ക് നിരവധി കാരണങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്. രൂപയുടെ തകർച്ച, വിദേശ ധനകാര്യ സ്ഥാപനങ്ങൾ വിപണിയിൽ നിന്നും വൻതോതിൽ പണം പിൻവലിച്ചത്, കോർപ്പറേറ്റ് കമ്പനികളുടെ ലാഭഫലം എന്നിവയെല്ലാം ഇതിനുള്ള കാരണങ്ങളാണ്. എങ്കിലും വിപണിയുടെ തിരിച്ചടിക്കുള്ള അഞ്ച് കാരണങ്ങളാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
1.വിദേശനിക്ഷേപകരുടെ ഓഹരി വിൽക്കൽ- വിദേശ നിക്ഷേപകർ കഴിഞ്ഞയാഴ്ച വിൽപനക്കാരുടെ മേലങ്കിയണിഞ്ഞത് വിപണികളെ പ്രതികൂലമായി ബാധിച്ചു. 2022 ജനുവരി 20 വരെ 12,415.14 കോടിയുടെ ഓഹരികളാണ് വിദേശനിക്ഷേപകർ വിറ്റഴിച്ചത്. ഇന്ന് മാത്രം 4500 കോടിയുടെ ഓഹരി വിറ്റു. ഫോറിൻ പോർട്ട്ഫോളിയോ നിക്ഷേപകരും ഓഹരി വിൽപനയിൽ പിന്നിലായിരുന്നില്ല. ഈ വിൽപന സമ്മർദം വിപണിയേയും സ്വാധീനിച്ചു.
2. രൂപ-ഡോളർ വിനിയമൂല്യത്തിലെ വ്യതിയാനങ്ങൾ- കഴിഞ്ഞ ഒരാഴ്ചക്കിടയിലും രൂപയുടെ മൂല്യത്തിലും ഇടിവുണ്ടായി. ഡോളറിനെതിരെ രൂപയുടെ മൂല്യം 74.50ത്തിലെത്തി. ഇത് വിപണിയെ ബിയർ മാർക്കറ്റിലേക്ക് നയിച്ചു.
3. കോർപ്പറേറ്റ് ലാഭഫലം: സിയറ്റ്, ഏഷ്യൻ പെയിന്‍റ് തുടങ്ങിയ കമ്പനികളുടെ മൂന്നാംപാദലാഭലം പ്രതീക്ഷിച്ച നിരക്കിലേക്ക് എത്താത്തതും വിപണികളിൽ തിരിച്ചടിയുണ്ടാക്കി.
4.പണപ്പെരുപ്പം: ആഗോള സമ്പദ്വ്യവസ്ഥയിൽ പണപ്പെരുപ്പം ഉയരുന്നത് മറ്റൊരു ആശങ്കക്ക് കാരണമാവുന്നു. ക്രൂഡോയിൽ വില വൈകാതെ 100 ഡോളറിലെത്തുമെന്നാണ് പ്രവചനം. എണ്ണവില ഉയരുന്നതോടെ പ്രമുഖ ലോകരാജ്യങ്ങളെല്ലാം പണപ്പെരുപ്പത്തിന്‍റെ പിടിയിൽ വീഴും.
5. ജനപ്രിയ ബജറ്റ്: അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഈ വർഷത്തെ കേന്ദ്ര ബജറ്റ് ജനപ്രിയമാവുമെന്ന് വിപണി കണക്ക് കൂട്ടുന്നു. ജനപ്രിയ പ്രഖ്യാപനങ്ങൾ മാത്രമാവും ബജറ്റിൽ ഇടംപിടിക്കുകയെന്ന ആശങ്ക വിപണിയെ സ്വാധീനിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

