ഓഹരി വിപണി തിരുത്തൽ പൂർത്തിയായി; ജൂണോടെ സെൻസെക്സ് ഒരു ലക്ഷം കടക്കുമെന്ന് മോർഗൻ സ്റ്റാൻലി
text_fieldsമുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ ഒരു വർഷമായി തുടരുന്ന തിരുത്തൽ അവസാനിച്ചെന്ന് ആഗോള സാമ്പത്തിക സേവന, നിക്ഷേപ സ്ഥാപനമായ മോർഗൻ സ്റ്റാൻലി. അടുത്ത വർഷം ജുണോടെ പ്രധാന ഓഹരി സൂചികയായ സെൻസെക്സ് ഒരു ലക്ഷം കടക്കുമെന്നും കമ്പനി പ്രവചിച്ചു. എന്നാൽ, ഈ പോയന്റ് കടക്കാൻ 30 ശതമാനം സാധ്യത മാത്രമേയുള്ളൂ. അതേസമയം, 89,000 എന്ന പോയന്റ് മറികടക്കാൻ 50 ശതമാനം സാധ്യതയുണ്ടെന്നും മോർഗൻ സ്റ്റാൻലി വ്യക്തമാക്കി. അതായത്, നിലവിൽ 83,459.15 എന്ന പോയന്റിൽ വ്യാപാരം ചെയ്യപ്പെടുന്ന സെൻസെക്സ് ആറ് ശതമാനം നേട്ടം കൈവരിക്കും. എന്നാൽ, വിപണി വീണ്ടും തിരിച്ചടി നേരിട്ടാൽ സെൻസെക്സ് 70000ത്തിലേക്ക് (16 ശതമാനം നഷ്ടം) ഇടിയും. എങ്കിലും വെറും 20 ശതമാനം മാത്രമേ അങ്ങനെയൊരു തിരിച്ചടിക്ക് സാധ്യതയുള്ളൂവെന്നും നയന്ത് പരേഖുമായി സഹകരിച്ച് തയാറാക്കിയ റിപ്പോർട്ടിൽ മോർഗൻ സ്റ്റാൻലിയുടെ മാനേജിങ് ഡയറക്ടറും ചീഫ് ഇന്ത്യ ഇക്വിറ്റി സ്ട്രാറ്റജിസ്റ്റുമായ റിധാം ദേശായി വ്യക്തമാക്കി.
വിപണിക്ക് മുന്നേറ്റമുണ്ടായാൽ മാരുതി സുസുക്കി, ട്രെന്റ്, ടൈറ്റൻ കമ്പനി, വരുൺ ബിവറേജസ്, റിലയൻസ് ഇൻഡസ്ട്രീസ്, ബജാജ് ഫിനാൻസ്, ഐ.സി.ഐ.സി.ഐ ബാങ്ക്, ലാർസൻ & ട്യൂബ്രോ, അൾട്രാടെക് സിമന്റ്, കോഫോർജ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുമെന്നാണ് മോർഗൻ സ്റ്റാൻലിയുടെ വിലയിത്തൽ.
രാജ്യത്തിന്റെ സാമ്പത്തിക വളർച്ച ശക്തിപ്പെടുകയാണെന്ന് നിരീക്ഷിച്ച റിപ്പോർട്ട്, പലിശ നിരക്ക് കുറയ്ക്കൽ, ബാങ്കുകൾ റിസർവ് ബാങ്കിൽ അധികം പണം സൂക്ഷിക്കേണ്ടതില്ലെന്ന തീരുമാനം, ബാങ്ക് നിയന്ത്രണങ്ങൾ എടുത്തുകളയൽ, സാമ്പത്തിക മേഖലയിൽ കൂടുതൽ പണം ഉറപ്പുവരുത്തൽ, അടിസ്ഥാന വികസന രംഗത്ത് നിക്ഷേപം വർധിപ്പിച്ചത്, ജി.എസ്.ടി നിരക്ക് കുറയ്ക്കൽ എന്നിവയിലൂടെ റിസർവ് ബാങ്കും സർക്കാരും സ്വീകരിച്ച നടപടികളാണ് ഇതിന്റെ കാരണങ്ങളെന്നും വ്യക്തമാക്കി. യു.എസുമായുള്ള വ്യാപാര കരാർ യാഥാർഥ്യമാകുന്നത് സാമ്പത്തിക മേഖലക്ക് കൂടുതൽ ഉത്തേജനം നൽകും. കോവിഡിന് ശേഷം പണപ്പെരുപ്പം നിയന്ത്രിക്കാൻ സ്വീകരിച്ച കടുത്ത സാമ്പത്തിക നയങ്ങളിൽ അയവ് വരുത്തിയ റിസർവ് ബാങ്ക് വളർച്ച സൗഹൃദ നടപടികളിലേക്ക് കടന്നു.
മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഒക്ടോബറോടെ ആഭ്യന്തര വിപണിയിലെ ഓഹരികളുടെ മൂല്യം ആകർഷകമായിട്ടുണ്ട്. വരാനിരിക്കുന്ന സാമ്പത്തിക പാദങ്ങളിൽ കമ്പനികൾ മികച്ച ലാഭം നേടുമെന്നും പലിശ നിരക്ക് കുറക്കൽ റിസർവ് ബാങ്ക് തുടരുമെന്നും പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം യാഥാർഥ്യമാകുമെന്നും യു.എസ് താരിഫ് കുറക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയാണെങ്കിൽ സമ്പദ് വ്യവസ്ഥക്കും ഓഹരി വിപണിക്കും ഉണർവേകും. അതേസമയം, ആഗോള സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധികൾ കൂടുതൽ വഷളായാൽ ഇന്ത്യക്ക് തിരിച്ചടിയാകുമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകി.
നിലവിൽ വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരികൾ കൂട്ടമായി വിറ്റൊഴിവാക്കിയിരിക്കുകയാണ്. ഓഹരി വിപണിയിൽ വീണ്ടും മുന്നേറ്റം സാധ്യമാകണമെങ്കിൽ വിദേശ നിക്ഷേപകർ തിരിച്ചുവരണം. ശക്തമായ നേട്ടം സമ്മാനിച്ച മറ്റു രാജ്യങ്ങളിലെ ഓഹരി വിപണിയിൽ ഇടിവുണ്ടാവുകയും ആഭ്യന്തര വിപണിയിലെ കമ്പനികളുടെ വരുമാനം മെച്ചപ്പെടുകയും ആഗോള സാമ്പത്തിക രാഷ്ട്രീയ അനിശ്ചിതാവസ്ഥക്ക് വിരാമമാകുകയും ചെയ്താൽ മാത്രമേ അതു സാധ്യമാകൂവെന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

