ഡിജിറ്റൽ ഗോൾഡ് വാങ്ങാനൊരുങ്ങുകയാണോ ?; സൂക്ഷിച്ചില്ലെങ്കിൽ പണികിട്ടുമെന്ന് സെബി മുന്നറിയിപ്പ്
text_fieldsസ്വർണവില ഉയർന്നതോടെ ഡിജിറ്റൽ ഗോൾഡിന് വലിയ രീതിയിൽ പ്രിയമേറുകയാണ്. പത്ത് രൂപക്ക് വരെ സ്വർണം വാങ്ങാനുള്ള സൗകര്യം പല ഡിജിറ്റൽ ഗോൾഡ് പ്ലാറ്റ്ഫോമുകളും നൽകുന്നുണ്ട്. എന്നാൽ, ഇത്തരം പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് സ്വർണം വാങ്ങുമ്പോൾ ജാഗ്രതപാലിക്കണമെന്നാണ് സെബി നൽകുന്ന മുന്നറിയിപ്പ്. ഇത്തരം പ്ലാറ്റ്ഫോമുകളിൽ പലതിനും ഇന്ത്യയുടെ നിയന്ത്രണ ഏജൻസികളുടെ അംഗീകാരമില്ലെന്നാണ് സെബി മുന്നറിയിപ്പ്.
കഴിഞ്ഞ ദിവസം പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് സെബിയുടെ മുന്നറിയിപ്പ്. ഡിജിറ്റൽ ഗോൾഡ് ഉൽപന്നങ്ങൾ നൽകുന്ന പല പ്ലാറ്റ്ഫോമുകൾക്ക് സെബി അംഗീകാരം നൽകിയിട്ടില്ലെന്നും അതിന് അപകടസാധ്യതയുണ്ടെന്നും ഏജൻസി വ്യക്തമാക്കി. ഡിജിറ്റൽ ഗോൾഡ് അല്ലെങ്കിൽ ഇ ഗോൾഡിൽ നിക്ഷേപിക്കുന്ന പണത്തിന് യാതൊരു ഗ്യാരണ്ടിയുമില്ലെന്നും സെബി പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു.
സ്വർണത്തിൽ എങ്ങനെ നിക്ഷേപിക്കണമെന്നതിലും സെബി ഉപദേശം നൽകുന്നുണ്ട്. സ്വർണത്തിൽ നിക്ഷേപിക്കാനായി ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്, ഇലക്ട്രോണിക് ഗോൾഡ് റെസീപ്പറ്റ് എന്നിവയിൽ നിക്ഷേപിക്കാമെന്നാണ് സെബി അറിയിപ്പ്. ഇത്തരം നിക്ഷേപമാർഗങ്ങൾക്ക് സെബി നിയന്ത്രണമുണ്ടാവുമെന്നും അത് ആളുകളുടെ നിക്ഷേപം സുരക്ഷിതമാക്കാൻ സഹായിക്കുമെന്നുമാണ് സെബി പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നത്.
മുമ്പ് സ്വർണത്തിൽ നിക്ഷേപിക്കാനായി ജ്വല്ലറികൾ ചില പദ്ധതികൾക്ക് തുടക്കം കുറിച്ചിരുന്നു. ഒരു വർഷം വരെ ദൈർഘ്യമുള്ള നിക്ഷേപ പദ്ധതിയാണ് ജ്വല്ലറികൾ അവതരിപ്പിച്ചത്. ഇതുപ്രകാരം 11 മാസത്തെ തുക മാത്രം ആളുകൾ അടച്ചാൽ മതിയാകും. 12ാമത്തെ ഗഡു ജ്വല്ലറികൾ അടക്കും. തുടർന്ന് ഈ തുക ഉപയോഗിച്ച് സ്വർണം വാങ്ങാൻ സാധിക്കും. എന്നാൽ, സുതാര്യത കുറവ് ചൂണ്ടിക്കാട്ടി സർക്കാർ തന്ന ഇത്തരം പദ്ധതികളെ നിരുത്സാഹപ്പെടുത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

