സമുദ്രോൽപന്ന കയറ്റുമതി; കേരളത്തിന് വൻ കുതിപ്പ്
text_fieldsഇന്ത്യയുടെ സമുദ്രോൽപന്ന കയറ്റുമതി സർവകാല റെക്കോഡായ 8.46 ബില്യൺ യു.എസ് ഡോളറിലെത്തി (73,890.46 കോടി രൂപ)യതിൽ കേരളത്തിനും വലിയ പങ്ക്. 2024-25 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 2025-26 വർഷം രാജ്യത്ത് ഈ രംഗത്ത് വരുമാനത്തിലുണ്ടായത് 14 ശതമാനം വളർച്ചയാണ്. അതേസമയം കേരളത്തിന്‍റെ വരുമാനത്തിലുണ്ടായത് 17 ശതമാനം വളർച്ചയാണ്. 2025-26 സാമ്പത്തിക വർഷം കേരളത്തിൽ നിന്ന് 1,94,224 മെട്രിക് ടൺ ഉൽപന്നങ്ങൾ കയറ്റിയയച്ചു.
ഇതിലൂടെ 8466.77 കോടി രൂപയുടെ വരുമാനം നേടാൻ കേരളത്തിന് കഴിഞ്ഞു. മുൻ വർഷത്തേക്കാൾ 1525.41 കോടി രൂപയുടെ അധികവരുമാനമാണ് ഇത്തവണ നേടിയത്. കേരളത്തിൽ നിന്നും ഏറ്റവുമധികം കയറ്റുമതി ചെയ്തത് ശീതീകരിച്ച ചെമ്മീനാണ്. പശ്ചിമേഷ്യൻ സംഘർഷങ്ങളേയും ട്രംപിന്‍റെ അധിക തീരുവ ചുമത്തലിനെയും കടലാമയുടെ പേരിൽ ഇന്ത്യൻ സമുദ്രോൽപന്നങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയ നിരോധനത്തെയും എല്ലാം മറികടന്നാണ് രാജ്യം ഈ നേട്ടം കൈവരിച്ചത്.
നേട്ടം കൊയ്ത് കൊച്ചി തുറമുഖം
സമുദ്രോൽപന്ന കയറ്റുമതിയിൽ 25 ശതമാനം വളർച്ച നേടാൻ കൊച്ചി തുറമുഖത്തിന് കഴിഞ്ഞു. രാജ്യത്തെ മൊത്തം സമുദ്രോൽപന്ന കയറ്റുമതിയുടെ 10 ശതമാനം കൊച്ചി തുറമുഖത്തുനിന്നാണ്. വിശാഖപട്ടണവും മുംബൈയും കഴിഞ്ഞാൽ മൂന്നാം സ്ഥാനമാണ് കൊച്ചിക്കുള്ളത്. ആഗോള സമുദ്രോൽപന്ന വ്യാപാരം 218 ബില്ല്യൺ അമേരിക്കൻ ഡോളറിന്‍റേതാണ്. അതിൽ ഇന്ത്യയുടെ പങ്കാളിത്തം വെറും നാല് ശതമാനം മാത്രമാണ്. നിലവിൽ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നത് കർഷകർ വളർത്തുന്ന ചെമ്മീനാണ്. അതിന്‍റെ വലിയ ഡിമാൻഡാണ് നമുക്ക് നേട്ടമാകുന്നത്. കൊച്ചിയിൽ നിന്നും കയറ്റിയയക്കുന്നതിൽ ബഹു ഭൂരിഭാഗവും ചെമ്മീനാണ്.
വനാമി ചെമ്മീൻ സൂപ്പർ സ്റ്റാർ
ഇന്ത്യയിൽ നിന്നുള്ള സമുദ്രോൽപന്നങ്ങളിൽ കടൽ ചെമ്മീനുകൾക്ക് അമേരിക്കയിൽ നിരോധനമുണ്ട്. ചെമ്മീൻ വലകളിൽ കടലാമകൾ കുടുങ്ങുന്നുവെന്നാരോപിച്ചാണിത്. അതിനാൽ കർഷകർ വളർത്തുന്ന വനാമി ചെമ്മീനാണ് ഏറ്റവുമധികം കയറ്റുമതി ചെയ്യപ്പെടുന്നത്. വനാമി ചെമ്മീൻ വളർത്തുന്നതിന് കിലോക്ക് 180 രൂപയോളം ചെലവ് വരുമെന്നാണ് കർഷകർ പറയുന്നത്. 250 രൂപയോളം കർഷകർക്ക് വിപണിയിൽ വില ലഭിക്കുന്നുണ്ട്. വൃത്തിയാക്കി ശീതീകരിച്ച് കയറ്റുമതി ചെയ്യുന്നത് 500-600 രൂപക്കാണ്. രണ്ടര ഏക്കറിൽ 10000-15000 കിലോവരെ ഉൽപാദിപ്പിക്കാനാവും. നിലവിൽ വനാമി ചെമ്മീൻ ആന്ധ്രയിൽ നിന്നും എത്തിച്ചാണ് കമ്പനികൾ വൃത്തിയാക്കിയെടുക്കുന്നത്. ആന്ധ്രയിൽ നിന്നുള്ള ചെമ്മീനും ഇവിടെ നിന്നുള്ളതും കയറ്റുമതി ചെയ്യപ്പെടുന്നത് ഒരേ വിലക്കാണ്.
കയറ്റുമതി വ്യാപാര മേഖലയിൽ 200ഓളം കമ്പനികൾ
സംസ്ഥാനത്തുടനീളം 200 ഓളം കമ്പനികൾ സമുദ്രോൽപന്ന കയറ്റുമതി വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്നു. ആലപ്പുഴ ജില്ലയുടെ വടക്കൻ പ്രദേശങ്ങളിലും എറണാകുളം ജില്ലയിലെ തെക്കൻ പ്രദേശങ്ങളിലുമാണ് കമ്പനികൾ ഏറെയുമുള്ളത്. ഇവിടങ്ങളിൽ 120 ഓളം കമ്പനികൾ പ്രവർത്തിക്കുന്നു. രണ്ട് ലക്ഷത്തിലേറെ തൊഴിലാളികളുമുണ്ട്. ചേർത്തല താലൂക്കിൽ മാത്രം ചെമ്മീൻ പീലിങ് തൊഴിലാളികൾക്ക് ഒരു മാസം കൂലിയായി വിതരണം ചെയ്യുന്നത് 35 കോടിയോളം രൂപയാണെന്ന് കമ്പനി ഉടമകൾ പറയുന്നു.
10,000 കോടിയുടെ നേട്ടം കൊയ്യാം
ആലപ്പുഴ - എറണാകുളം ജില്ലകളിൽ തരിശ് കിടക്കുന്ന നെൽപാടങ്ങളിൽ വനാമി വളർത്തിയാൽ പ്രതിവർഷം 10,000 കോടി രൂപയുടെ നേട്ടം സംസ്ഥാനത്തിനുണ്ടാകുമെന്ന് കമ്പനികൾ പറയുന്നു. ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് തൊഴിലും ലഭിക്കും. ഫ്രോസൺ ഫിഷ് ഐറ്റങ്ങൾ രാജ്യത്ത് വലിയ ഡിമാഡില്ല. സർക്കാർ പ്രോത്സാഹനം നൽകിയാൽ ആഭ്യന്തര വിപണിയിലും ഫ്രോസൺ ഫിഷ് ഇനങ്ങളുടെ വിൽപന കൂട്ടാനാവും. മറ്റ് രാജ്യങ്ങളേക്കാൾ അമേരിക്കയിൽ കിലോക്ക് രണ്ട് ഡോളറോളം വില കൂടുതൽ ലഭിക്കുന്നുണ്ട്.
യൂറോപ്യൻ വിപണിയിൽ കയറ്റുമതി തുടരാൻ അനുമതി
2025-26 കാലയളവിൽ ഇന്ത്യയുടെ സമുദ്രോൽപന്ന കയറ്റുമതിയുടെ 18.94 ശതമാനം യൂറോപ്യൻ വിപണിയിലേക്കായിരുന്നു. 1.593 ബില്യൺ യു.എസ് ഡോളറിന്റെ ഉൽപന്നങ്ങളാണ് ഇക്കാലയളവിൽ അവിടേക്ക് കയറ്റുമതി ചെയ്തത്. നേരത്തെ പുറപ്പെടുവിച്ച റെഗുലേഷൻ പ്രകാരം 2026 സെപ്റ്റംബർ മുതൽ യൂറോപ്യൻ യൂനിയനിലേക്ക് സമുദ്രോൽപന്നങ്ങൾ കയറ്റുമതി ചെയ്യാൻ ഇന്ത്യക്ക് അനുമതി ഇല്ലായിരുന്നു. എന്നാൽ യൂറോപ്യൻ കമീഷൻ ഡെലിഗേറ്റഡ് റെഗുലേഷൻ പ്രകാരമുള്ള മാനദണ്ഡങ്ങൾ ഇന്ത്യ പാലിച്ച പശ്ചാത്തലത്തിൽ പുതുക്കിയ കരട് പട്ടികയിൽ ഇന്ത്യയെ ഉൾപ്പെടുത്തിയിരുന്നു. ഫ്രോസൺ ചെമ്മീന്‍റെ ഏറ്റവും വലിയ ഇറക്കുമതിക്കാർ: യു.എസ്.എ (2,56,128 മെട്രിക് ടൺ), ചൈന (1,69,505 മെട്രിക് ടൺ), യൂറോപ്യൻ യൂനിയൻ (1,35,599 മെട്രിക് ടൺ), തെക്കുകിഴക്കൻ ഏഷ്യ (83,810 മെട്രിക് ടൺ), ജപ്പാൻ (40,776 മെട്രിക് ടൺ), മിഡിൽ ഈസ്റ്റ് (30,478 മെട്രിക് ടൺ), മറ്റ് രാജ്യങ്ങൾ (76,351 മെട്രിക് ടൺ).
കയറ്റിയയച്ചത് 19,72,018 മെട്രിക് ടൺ സമുദ്രോൽപന്നങ്ങൾ
2025-26 സാമ്പത്തിക വർഷം രാജ്യത്തുനിന്ന് 73,890.46 കോടി രൂപ (8.46 ബില്യൺ) വിലമതിക്കുന്ന 19,72,018 മെട്രിക് ടൺ സമുദ്രോൽപന്നങ്ങളാണ് കയറ്റിയയച്ചത്. ഇതിൽ 49,037.93 കോടി രൂപയുടെ വരുമാനം ശീതീകരിച്ച ചെമ്മീനിൽ നിന്നുണ്ടായി. സമുദ്രോൽപന്ന കയറ്റുമതിയിൽ നിന്നുള്ള മൊത്തം വരുമാനത്തിന്റെ 40.19 ശതമാനം തുകയാണിത്. ഈ കാലയളവിൽ, ചെമ്മീൻ കയറ്റുമതി മൂല്യത്തിൽ 13.16 ശതമാനം വർധനയുണ്ടായി. ഇതിൽ ശീതീകരിച്ച ചെമ്മീനിന്റെ ആകെ കയറ്റുമതി 7,92,647 മെട്രിക് ടൺ ആയിരുന്നു. കയറ്റുമതിയിൽ രണ്ടാം സ്ഥാനത്തുള്ള ശീതീകരിച്ച മത്സ്യം 5,658.37 കോടി രൂപ വരുമാനം നേടി. മൂന്നാമതുള്ള ഉണക്ക മത്സ്യം 5,079.09 കോടി രൂപ നേടി. ശീതീകരിച്ച കൂന്തൾ കയറ്റുമതി 1,02,060 മെട്രിക് ടണ്ണിലെത്തി 4,493.80 കോടി രൂപ നേടി. ശീതീകരിച്ച കണവയുടെ അളവിലും മൂല്യത്തിലും വളർച്ചയുണ്ടായി. അളവിൽ 13.32 ശതമാനവും മൂല്യത്തിൽ 16.25 ശതമാനവും വർധിച്ച് മൊത്തം കയറ്റുമതി 331.96 മില്യൺ ഡോളർ വിലമതിക്കുന്ന 67,157 മെട്രിക് ടണ്ണായി. ശീതീകരിച്ച മത്സ്യ ഇനങ്ങളുടെ കയറ്റുമതിയിൽ നിന്ന് 622.31 കോടി രൂപയുടെ വരുമാനം ലഭിച്ചു. ജീവനുള്ള ഇനങ്ങളുടെ കയറ്റുമതി മൂല്യത്തിൽ 11.46 ശതമാനം വളർച്ച (62.43 മില്യൺ) കൈവരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

