വെള്ളിക്ക് ക്ഷാമം; ഇ.ടി.എഫ് നിക്ഷേപം സ്വീകരിക്കുന്നത് നിർത്തി എസ്.ബി.ഐ
text_fieldsമുംബൈ: വെള്ളിക്ക് കടുത്ത ക്ഷാമം നേരിട്ടതോടെ പുതിയ സിൽവർ ഇ.ടി.എഫ് നിക്ഷേപം സ്വീകരിക്കുന്നത് നിർത്തി എസ്.ബി.ഐ അടക്കം നിരവധി മൂച്ച്വൽ ഫണ്ട് കമ്പനികൾ. സിൽവർ ഇ.ടി.എഫ് ഫണ്ട് ഓഫ് ഫണ്ടിലേക്കുള്ള നിക്ഷേപം സ്വീകരിക്കുന്നതാണ് ഒക്ടടോബർ 13 മുതൽ താൽകാലികമായി നിർത്തിവെച്ചത്. എസ്.ബി.ഐയുടെ സിൽവർ ഇ.ടി.എഫിലാണ് ഈ ഫണ്ട് നിക്ഷേപിക്കുന്നത്. 180,000 രൂപയാണ് ഒരു കിലോ ഗ്രാം വെള്ളിയുടെ വില.
നിലവിൽ പരിമിത തോതിൽ ലഭ്യമായ വെള്ളിയുടെ അടിസ്ഥാനത്തിൽ പുതിയ നിക്ഷേപം സ്വീകരിക്കാൻ കഴിയില്ലെന്ന് എസ്.ബി.ഐ അറിയിച്ചു. നിക്ഷേപകരുടെ സുരക്ഷിതത്വം മുൻനിർത്തിയാണ് നടപടിയെന്നും വ്യക്തമാക്കി. എസ്.ബി.ഐ ഫണ്ട്‌സ് മാനേജ്‌മെന്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ നന്ദ് കിഷോറാണ് ഇതുസംബന്ധിച്ച നോട്ടിസ് പുറത്തിറക്കിയത്.
പുതുതായി ഒരുമിച്ച് വലിയ തുക നിക്ഷേപിക്കുന്നതിനെയും നടപടി ബാധിക്കും. എന്നാൽ, സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (എസ്.ഐ.പി), സിസ്റ്റമാറ്റിക് ട്രാൻസ്ഫർ പ്ലാൻ (എസ്.ടി.പി) എന്നിവ തുടരാം. മ്യൂച്ച്വൽ ഫണ്ട് നിർത്തുന്നതിനും കമ്പനിയുടെ മറ്റൊരു ഫണ്ടിലേക്ക് മാറുന്നതിനും തടസ്സങ്ങളില്ല.
കഴിഞ്ഞ ദിവസം കൊട്ടക് മ്യൂച്ച്വൽ ഫണ്ടും യു.ടി.ഐ മ്യൂച്ച്വൽ ഫണ്ടും സമാനമായ തീരുമാനമെടുത്തിരുന്നു. അന്താരാഷ്ട്ര വിപണിയിൽ നാണയങ്ങൾ, ബാറുകൾ തുടങ്ങിയ ഭൗതിക വെള്ളി ആസ്തികൾക്ക് ഡിമാൻഡ് കുതിച്ചുയർന്ന സാഹചര്യത്തിലാണ് തീരുമാനം.
ആഗോള രാഷ്ട്രീയ അനിശ്ചിതാവസ്ഥയും താരിഫ് യുദ്ധവും കാരണമാണ് സ്വർണം പോലെ വെള്ളിയുടെയും ഡിമാൻഡ് വർധിച്ചത്. ആഭ്യന്തര വിപണിയിൽ ഉത്സവ സീസണിന് മുന്നോടിയായുള്ള ഷോപ്പിങ്ങും വ്യാവസായിക മേഖലയിലുള്ളവർ കൂടുതൽ വാങ്ങുന്നതും വെള്ളി ആഭരണങ്ങളുടെ ആവശ്യക്കാർ ഏറിയതും ചെറുകിട കച്ചവടക്കാരും വ്യപാരികളും സംഭരിക്കുന്നതും ഇ.ടി.എഫ് നിക്ഷേപം ഉയർന്നതുമാണ് വെള്ളിയുടെ വില വർധിപ്പിച്ചത്. നാല് ആഴ്ചക്കിടെയാണ് വെള്ളിയുടെ ഡിമാൻഡിൽ വൻ വർധനയുണ്ടായതെന്ന് നിപ്പോൺ ഇന്ത്യ മ്യൂച്ച്വൽ ഫണ്ട് കമ്പനിയുടെ കമ്മോഡിറ്റീസ് തലവനും ഫണ്ട് മാനേജറുമായ വിക്രം ധവാൻ പറഞ്ഞു.
അതേസമയം, ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ വെള്ളി ഇറക്കുമതി വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് വ്യാപാരികൾ. സ്വിറ്റ്സർലൻഡ്, ലണ്ടൻ എന്നിവിടങ്ങളിൽനിന്ന് വെള്ളി കപ്പലിൽ കൊണ്ടുവരുന്നതിന് പകരം വിമാനത്തിൽ എത്തിക്കാനുള്ള ശ്രമത്തിലാണെന്ന് മുംബൈയിലെ സവേരി ബസാറിലെ വെള്ളി ഡീലർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

