ഡോളറിനെതിരെ രൂപക്ക് റെക്കോഡ് മൂല്യതകർച്ച
text_fieldsന്യൂഡൽഹി: ഡോളറിനെതിരെ രൂപക്ക് റെക്കോഡ് മൂല്യതകർച്ച. രൂപയുടെ മൂല്യത്തിൽ 0.39 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം 91.5 ഡോളറായാണ് ഇടിഞ്ഞത്. ആഗോളതലത്തിൽ നിലനിൽക്കുന്ന ഗ്രീൻലാൻഡ് പ്രതിസന്ധി തന്നെയാണ് രൂപയും തിരിച്ചടിയാവുന്നത്. കഴിഞ്ഞ ദിവസം രൂപയുടെ മൂല്യം റെക്കോഡ് താഴ്ചയിലേക്ക് എത്തിയെങ്കിലും റിസർവ് ബാങ്ക് ഇടപെടൽ ഗുണകരമാവുകയായിരുന്നു.
അതേസമയം, സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചിട്ടുണ്ട്. ഗ്രാമിന് 225 രൂപയുടെ വർധനയാണ് ഉണ്ടായത്. 1800 രൂപയുടെ വർധനവാണ് പവന് ഉണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 14,415 രൂപയായും പവന്റേത് 1,15,320 രൂപയായും വർധിച്ചു. 18 കാരററ് സ്വർണത്തിന്റെ വിലയിൽ ഗ്രാമിന് 185 രൂപയുടെ വർധനയുണ്ടായി. 94,760 രൂപയിലാണ് ഒരു പവൻ 18 കാരറ്റ് സ്വർണത്തിന്റെ വ്യാപാരം നടക്കുന്നത്. 14 കാരറ്റ് സ്വർണത്തിന്റെ വിലയിൽ ഗ്രാമിന് 145 രൂപയുടെ വർധനയുണ്ടായി.
അതേസമയം, ഇന്ന് ഓഹരി വിപണികൾ വൻ നഷ്ടത്തോടെ വ്യാപാരം തുടങ്ങിയെങ്കിലും പിന്നീട് നഷ്ടം കുറച്ചു. വിദേശ നിക്ഷേപകർ ചൊവ്വാഴ്ച മാത്രം 2,938.33 കോടിയാണ് വിപണിയിൽനിന്നും പിൻവലിച്ചത്. ബ്രെന്റ് ക്രൂഡ് നഷ്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്. 1.11 ശതമാനം നഷ്ടത്തോടെ 64.20 ഡോളറിലാണ് ബ്രെന്റ് ക്രൂഡിന്റെ വ്യാപാരം പുരോഗമിക്കുന്നത്.
ഗ്രീൻലാൻഡ് സംബന്ധിച്ച് യു.എസും യുറോപ്യൻ യൂണിയൻ രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന തർക്കങ്ങൾ തന്നെയാണ് സ്വാധീനിക്കുന്നത്. ട്രംപിന്റെ താരിഫ് ഭീഷണിക്ക് വഴങ്ങില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോൺ നിലപാടെടുത്തതോടെ കടുത്ത പ്രതിസന്ധിയാണ് ആഗോള രാഷ്ട്രീയത്തിൽ നിലനിൽക്കുന്നത്. ഇത് സ്വർണത്തിലേക്ക് വൻതോതിലുള്ള നിക്ഷേപമൊഴുക്കിന് കാരണമാവുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

