സമ്മർദങ്ങൾക്കിടയിലും ഡോളറിനെതിരെ കരുത്തു കാട്ടി രൂപ
text_fieldsമുംബൈ: ഓഹരി വിപണിയിലെ വിദേശ നിക്ഷേപകരുടെ കനത്ത വിൽപ്പന സമ്മർദങ്ങൾക്കിടയിലും യു.എസ് വ്യാപാര, വിസ സംഘർഷങ്ങൾക്കിടയിലും ഡോളറിനെതിരെ കരുത്തുകാട്ടി രൂപ. വ്യാഴാഴ്ച രണ്ട് പൈസ വർധിച്ച് ഡോളറിനെതിരെ 88.67 യിലാണ് രൂപ ക്ലോസ് ചെയ്തത്. രൂപയെ ശക്തിപ്പെടുത്താൻ റിസർവ് ബാങ്ക് നടപടികൾക്കൊരുങ്ങുന്നതിനിടെയാണ് നേട്ടം.
രൂപയുടെ മൂല്യം 3.57 ശതമാനം ഇടിഞ്ഞ് ചൊവ്വാഴ്ച 88.79 എന്ന എക്കാലത്തേയും റെക്കോഡ് താഴ്ചയിലെത്തിയിരുന്നു. ബുധനാഴ്ച 2,425.75 കോടി രൂപ വിറ്റഴിച്ചതോടെ ആഗോള ഫണ്ടുകളുടെ വിൽപ്പന മൂന്നാം ദിവസവും തുടർന്നു.
യു.എസിൽ നടന്ന വ്യാപാര ചർച്ചകൾ വിപണിയിൽ ഇന്ത്യക്ക് നേട്ടമായില്ല. ചർച്ച കഴിഞ്ഞ് വാണിജ്യ മന്ത്രിയുടെ സംഘം ഈ വാരാന്ത്യത്തിൽ തിരിച്ചെത്തും. നിലവിലെ ലോട്ടറി സമ്പ്രദായത്തിന് പകരം എച്ച്‍-വൺബി വിസ പരിഷ്‍കരിക്കുമെന്ന് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചിരുന്നു. എച്ച്-വൺബി വിസ ഫീസ് ഒരു ലക്ഷം ഡോളറായി വർധിപ്പിച്ച എക്സിക്യുട്ടീവ് ഉത്തരവിൽ ഒപ്പുവെച്ചതിന് പിന്നാലെയായിരുന്നു ഈ പ്രഖ്യാപനം. നേരത്തേ 2000 ഡോളറിനും 5000 ഡേവളറിനും ഇടയിലായിരുന്നു വിസ ഫീസാണ് കുത്തനെ ലക്ഷം ഡോളറായി വർധിപ്പിച്ചത്. ഇതും രൂപയുടെ മൂല്യം പിന്നോട്ടടിപ്പിച്ചു.
അതിനിടെ, തുടർച്ചയായ അഞ്ചാംദിവസവും സെൻസെക്സിൽ ഇടിവു തുടരുകയാണ്. നിഫ്റ്റി 24,900ത്തിന് താഴെ പോയി. സെൻസെക്സിൽ 556 പോയന്റ് ഇടിഞ്ഞ് 81,159.68ലാണ് ഇടപാടുകൾ തീർത്തത്. നിഫ്റ്റി 166.05 പോയന്റിന്റെ നഷ്ടത്തിൽ 24,890. 85ലുമെത്തി. യുഎസ് വീസ നിയന്ത്രണങ്ങളെത്തുടർന്ന് വിദേശനിക്ഷേപം തുടർച്ചയായി പിൻവലിക്കപ്പെടുന്നത് ഓഹരി വിപണിക്ക് തിരിച്ചടിയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

