കൂപ്പുകുത്തി കല്ല്യാൺ ജ്വല്ലേഴ്സ് ഓഹരി; നിക്ഷേപകർ കൈവിടാൻ കാരണമിതാണ്
text_fieldsമുംബൈ: സ്വർണ വില ഓരോ ദിവസവും കുതിച്ചു കയറിയിട്ടും കേരളത്തിന്റെ സ്വന്തം കല്ല്യാൺ ജ്വല്ലേഴ്സിന് ഓഹരി വിപണിയിൽ നേരിട്ടത് കനത്ത തിരിച്ചടി. ജനുവരിയിൽ മാത്രം ഓഹരി വില 30 ശതമാനം ഇടിഞ്ഞു. വെള്ളിയാഴ്ച ഓഹരി വില ഒരു വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. 367 രൂപയിലാണ് ഓഹരി നിലവിൽ വ്യാപാരം ചെയ്യപ്പെടുന്നത്. പി.സി ജ്വല്ല്വർ, തങ്കമയിൽ ജ്വല്ലേഴ്സ് തുടങ്ങിയ വിപണിയിലെ മറ്റ് ഓഹരികൾക്ക് ഈ കാലയളവിൽ വിൽപന സമ്മർദം നേരിടേണ്ടി വന്നിട്ടില്ലെന്ന് മാത്രമല്ല മുന്നേറ്റമാണുണ്ടായത്. പി.എൻ ഗാഡ്കിൽ ജ്വല്ലേഴ്സ്, സ്കൈ ഗോൾഡ് ആൻഡ് ഡയമണ്ട്സ് തുടങ്ങിയ ഓഹരികൾ എട്ട് ശതമാനവും സെൻകോ ഗോൾഡ് മൂന്ന് ശതമാനവും ഇടിഞ്ഞപ്പോൾ പി.സി ജ്വല്ല്വറി ഓഹരിക്ക് 14 ശതമാനവും തങ്കമയിൽ ജ്വല്ലേഴ്സിന് 10 ശതമാനവും വളർച്ചയുണ്ടായി.
മ്യൂച്ച്വൽ ഫണ്ട് കമ്പനികൾ വിറ്റൊഴിവാക്കിയതാണ് കല്ല്യാൻ ജ്വല്ലേഴ്സിന്റെ ഓഹരി വില കൂപ്പുകുത്താൻ കാരണമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ബിസിനസ് വളരുകയും മികച്ച സാമ്പത്തിക പാദ ഫലം പ്രഖ്യാപിക്കുകയും ചെയ്തിട്ടും കമ്പനിക്ക് ഓഹരി വിപണിയിൽ കനത്ത ചാഞ്ചാട്ടം നേരിടുകയായിരുന്നു. കമ്പനിയുടെ പ്രമോട്ടർമാർ കഴിഞ്ഞ മാസം കൂടുതൽ ഓഹരികൾ പണയം വെച്ചതോടെയാണ് വിൽപന സമ്മർദം നേരിടാൻ തുടങ്ങിയത്. നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ കണക്ക് പ്രകാരം പ്രമോർട്ടർമാർ 15.62 ശതമാനം ഓഹരികൾ പണയംവെച്ചിട്ടുണ്ട്. ഇതിന്റെ മൂല്യം 8500 കോടിയിലേറെ രൂപ വരും. പ്രമോട്ടർമാരുടെ മൊത്തം ഓഹരിയിൽ ഏകദേശം നാലിലൊന്നാണിത്.
ബി.എസ്.ഇ കണക്ക് പ്രകാരം ഡിസംബർ പാദത്തിൽ മോത്തിൽലാൽ ഓസ്‍വാൾ മിഡ്കാപ് ഫണ്ട് കല്ല്യാൻ ജ്വല്ലേഴ്സിന്റെ 9.05 ശതമാനം ഓഹരികളുടെ ഉടമയായിരുന്നു. സെപ്റ്റംബർ പാദത്തിൽ 9.17 ശതമാനം ഓഹരിയാണുണ്ടായിരുന്നത്. സിങ്കപ്പൂർ സർക്കറിന്റെ ഓഹരി മാർച്ചിൽ 2.35 ശതമാനത്തിൽനിന്ന് ഡിസംബറിൽ 1.75 ശതമാനത്തിലേക്ക് കുറച്ചു. നേരത്തെ ഒരു ശതമാനം ഓഹരി ഉടമയായിരുന്ന സുന്ദരം മിഡ് കാപ് ഫണ്ട് പൂർണമായും വിറ്റൊഴിവാക്കിയെന്നാണ് സൂചന. ആകർഷകമായ മൂല്ല്യത്തിലാണ് കല്ല്യാൺ ജ്വല്ലേഴ്സ് ഓഹരി വ്യാപാരം ചെയ്യപ്പെടുന്നതെന്നും കമ്പനിയുടെ ബിസിനസ് സാധ്യതകൾ വളരെ ശക്തമാണെന്നും എസ്.ബി.ഐ സെക്യൂരിറ്റീസിന്റെ ഫണ്ടമെന്റൽ റിസർച്ച് തലവൻ സണ്ണി അഗൾവാൾ പറഞ്ഞു. അതേസമയം, വിപണിയിൽ കല്ല്യാൺ ഓഹരിക്ക് അധികം ഡിമാൻഡില്ലാത്തതും ചില നിക്ഷേപകർ പൂർണമായും വിറ്റൊഴിവാക്കാൻ ആഗ്രഹിക്കുന്നതും കാരണം വില ഇനിയും ഇടിയാൻ സാധ്യതയുണ്ടെന്നും മറ്റൊരു അനലിസ്റ്റ് സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

