അടുക്കള പൊള്ളിച്ച് വിലക്കയറ്റം; അരി വില കുതിക്കുന്നു
text_fieldsപാലക്കാട്: ഓണത്തിന് ഇനി ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ മലയാളികളെ ആശങ്കയിലാഴ്ത്തി വിപണിയിൽ അരി വില കുതിച്ചുയരുന്നു. എല്ലാ ഇനം അരികൾക്കും കിലോക്ക് അഞ്ച് മുതൽ 10 രൂപ വരെയാണ് വർധിച്ചത്. ഓണം അടുക്കുന്നതോടെ ഇനിയും വില ഉയരാനാണ് സാധ്യത. മട്ട അരി കിലോയ്ക്ക് 50 രൂപയായിരുന്നത് 56 ആയി വർധിച്ചു. സുരേഖ അരിക്ക് അഞ്ച് രൂപ കൂടി 55 രൂപയായി. ജയ അരിക്ക് 47 രൂപയും പൊന്നിക്ക് 56-70 രൂപയും നൽകണം. അയൽ സംസ്ഥാനങ്ങളിലെ മഴക്കുറവ്മൂലമുള്ള ഉൽപാദനക്കുറവും ചരക്കുകൂലി വർധനവുമെല്ലാം വിലക്കയറ്റത്തിന് കാരണമായി വ്യാപാരികൾ പറയുന്നു.
അരി വരവ് കുറഞ്ഞു
ആന്ധ്രാപ്രദേശ്, തമിഴ്നാട്, കർണാടക, ഒഡിഷ, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുമാണ് കേരളത്തിലേക്ക് പ്രധാനമായും അരി എത്തുന്നത്. അരി വരവ് കുറഞ്ഞത് ഓണ നാളുകളിൽ തിരിച്ചടിയാകാനും സാധ്യതയുണ്ട്. ബിരിയാണി അരിക്ക് എട്ട് മുതൽ പത്ത് രൂപ വരെയാണ് കൂടിയത്. ഇതോടെ ഹോട്ടലുകളിൽ ബിരിയാണിക്കും ഡിമാൻഡ് കൂടുന്ന സാഹചര്യമാണ്. ചില്ലറ വിപണിയിൽ 58-60 രൂപക്ക് ലഭിച്ചിരുന്ന വടി അരിക്ക് എട്ട് രൂപ വരെ വർധിച്ചു. 45 മുതൽ 48 രൂപക്ക് വരെ ലഭിച്ചിരുന്ന ഉണ്ട അരിക്ക് 50 രൂപയാണ് നിലവിൽ. കർണാടക ജ്യോതി നെല്ലിന്‍റെ വില കിലോ ഗ്രാമിന് 34 രൂപയാണ്. കോല അരി 61ൽനിന്നും 71 രൂപയായി വർധിച്ചു. കർഷകർ അടുത്തവർഷത്തേക്ക് കരുതി വെക്കുന്നതിനാൽ നിലവിൽ നെല്ല് സ്റ്റോക്ക് കുറവാണ്. ഇതും വിലകയറ്റത്തിന് കാരണമാകുന്നുണ്ട്. പശ്ചിമേഷ്യൻ യുദ്ധംമൂലം കയറ്റുമതിയും പ്രതിസന്ധിയിലാണ്.
പൊള്ളി പലചരക്ക് സാധനങ്ങളും
അരിക്ക് മാത്രമല്ല, പഞ്ചസാരക്കും ഉഴുന്നിനും ഉൽപ്പെടെ ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള സാധനങ്ങൾക്ക് വില വർധിച്ചതോടെ സാധാരണക്കാരന്‍റെ വീട്ടിലെ അടുക്കള പൂട്ടുന്ന സ്ഥിതിയാണ്. പലചരക്ക് സാധനങ്ങളുടെ വില വർധനവും ജനങ്ങൾക്ക് ഇരുട്ടടിയാകുന്നു. മലയാളികളുടെ നിത്യോപയോഗ സാധനങ്ങളായ ഉഴുന്നിനും പഞ്ചസാരക്കുമാണ് കുത്തനെ വില കൂടിയത്. 90 മുതൽ 105 രൂപ വരെയുണ്ടായിരുന്ന ഒരു കിലോ ഉഴുന്നിന് 115 മുതൽ 130 രൂപ വരെയാണ് വില ഉയർന്നത്.
പഞ്ചസാര 42 രൂപയിൽ നിന്നും 50ൽ എത്തി. ഒറ്റയടിക്ക് എട്ട് രൂപയാണ് വർധിച്ചത്. കടല, ചെറുപയർ, വെളിച്ചെണ്ണ, ആട്ട, മെെദ, റവ തുടങ്ങിയവക്കെല്ലാം വില വർധിച്ചിട്ടുണ്ട്. ഓണം അടുക്കുന്നതോടെ സാധനങ്ങൾക്കെല്ലാം ഇനിയും വില കൂടുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

