രാമച്ചത്തിന് വില ഉയർന്നു; ആശ്വാസത്തിൽ കർഷകർ
text_fieldsപൊന്നാനി എം.ഇ.എസ് കോളജിന് പിൻവശത്ത് രാമച്ച
വിളവെടുപ്പ് ആരംഭിച്ചപ്പോൾ
പൊന്നാനി: ഔഷധ പ്രാധാന്യമുള്ള രാമച്ചത്തിന് വിപണിയിൽ വില വർധിച്ചതോടെ തീരദേശത്തെ രാമച്ച കർഷകർ ആശ്വാസത്തിൽ. തീരദേശത്തിന്റെ പ്രധാന കൃഷികളിലൊന്നായ രാമച്ചത്തിന്റെ വിളവെടുപ്പ് ഏറെ പ്രതീക്ഷയോടെയാണ് ഇത്തവണ കർഷകർക്ക് നോക്കിക്കാണുന്നത്. ഈ വർഷം തുടക്കത്തിൽ അൽപ്പം വിലയിടിവ് ഉണ്ടായെങ്കിലും ഡിമാന്റ് ഏറിയതോടെയാണ് വില വർധിക്കാൻ കാരണമെന്ന് പറയുന്നു. കിലോക്ക് 95, 100, 105 എന്നിങ്ങനെയാണ് ഇപ്പോൾ വില. ഇത് ഏറെ ആശ്വാസകരമായിട്ടാണ് കാണുന്നതെന്നും ഈ വില നിലനിൽക്കുകയാണെങ്കിൽ ഒരു പരിധി വരെ പിടിച്ചു നിൽക്കാനാകുമെന്നും കർഷകർ പറയുന്നു. ഒക്ടോബറിൽ തുടങ്ങിയ വിളവെടുപ്പ് അടുത്ത മാസം ഫെബ്രുവരി അവസാനവാരത്തോടെ അവസാനിക്കും. വില വർധിച്ചതോടെ രാമച്ചം കെട്ടുകളാക്കി സ്റ്റോക്ക് ചെയ്യുകയാണ് കർഷകർ. പൊന്നാനി മുതൽ ചാവക്കാട് വരെ എടക്കഴിയൂർ, പഞ്ചവടി, നാലാംകല്ല്, അകലാട്, മൂന്നൈയിനി, ബദർപള്ളി, മന്ദലാംകുന്ന്, പാപ്പാളി, അണ്ടത്തോട്, പെരിയമ്പലം, തങ്ങൾപ്പടി, കാപ്പിരിക്കാട്, പാലപ്പെട്ടി, വെളിയങ്കോട് തുടങ്ങിയ തീരദേശത്തിന്റെ പഞ്ചാരമണലിൽ കൃഷി ചെയ്യുന്ന രാമച്ചത്തിന് പുറംനാടുകളിൽ ഉൾപ്പെടെ നല്ല മാർക്കറ്റാണുള്ളത്.
ആയുർവേദ ഉൽപ്പന്നങ്ങൾക്കും, വിശറി, ബെഡ്, തലയണ മുതലായവ നിർമിക്കുന്നതിനും ഏറെ സുഗന്ധമുള്ള രാമച്ചം ഉപയോഗിക്കുന്നുണ്ട്. കൃഷി ഇടത്തിൽനിന്ന് തന്നെ 50 കിലോ വരുന്ന കെട്ടുകളാക്കി കയറ്റി വിടുകയാണ്. പല കർഷകരും പാട്ടത്തിന് സ്ഥലമെടുത്താണ് കൃഷി ഇറക്കുന്നത്. ഇപ്പോഴുള്ള ഈ വില അടുത്ത വിളവെടുപ്പ് വേളയിലും ഉണ്ടായാൽ ഒരു പരിധി വരെ പിടിച്ചുനിൽക്കാനാകുമെന്ന് കർഷകനായ ഷിൽജി പറഞ്ഞു. രാമച്ച കൃഷി ഇറക്കാൻ ഏറ്റവും അനുയോജ്യമായ മണ്ണാണ് തീരദേശത്തെ പഞ്ചാരമണലെന്നത് കൊണ്ട് തന്നെ ഇവിടത്തെ രാമച്ചത്തിന് വിപണിയിൽ എന്നും ഡിമാന്റാണെന്ന് കർഷകർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

