നിക്ഷേപകരുടെ പ്രിയങ്കരിയായി പ്ലാറ്റിനം; 115 ശതമാനം റിട്ടേൺ
text_fieldsമുംബൈ: നിക്ഷേപകരുടെ പ്രിയപ്പെട്ട ലോഹമാണ് സ്വർണവും വെള്ളിയും. എന്നാൽ, ലോകത്ത് ഏറ്റവും അമൂല്യമായ ലോഹങ്ങളിൽ ഒന്നായ പ്ലാറ്റിനം വില പുതിയ റെക്കോഡിലാണ്. 18 വർഷത്തെ ഏറ്റവും ഉയർന്ന വിലയിലാണ് പ്ലാറ്റിനം വ്യാപാരം ചെയ്യപ്പെടുന്നത്. കറൻസികളുടെ മൂല്യം ഇടിയുകയും ഓഹരികൾ കൂപ്പുകുത്തുകയും ചെയ്തതോടെയാണ് ആഗോള നിക്ഷേപകർ പ്ലാറ്റിനം വാങ്ങിക്കൂട്ടിയത്. വെള്ളി ഈ വർഷം നിക്ഷേപകർക്ക് 130 ശതമാനം ലാഭം നൽകിയപ്പോൾ പ്ലാറ്റിനം സമ്മാനിച്ചത് 115 ശതമാനം നേട്ടമാണ്. അതേസമയം, സുരക്ഷിതമായ സ്വർണത്തിലെ നിക്ഷേപത്തിൽനിന്ന് ലഭിച്ചത് 65 ശതമാനം മാത്രം റിട്ടേണാണ്.
ആഗോള വിപണിയിൽ ഒരു ഔൺസ് പ്ലാറ്റിനത്തിന്റെ വില 1,975 ഡോളറാണ്. ഡെറിവേറ്റിവ് വിപണിയിൽ ജനുവരിയിൽ വിതരണം ചെയ്യുന്ന പ്ലാറ്റിനം ഔൺസിന് 1986 ഡോളറിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്. ചൈനയിലെ ഗ്യാങ്സു ഫ്യൂച്ചേസ് എക്സ്ചേഞ്ചിൽ പ്ലാറ്റിനത്തിന് വൻ ഡിമാൻഡാണ് രേഖപ്പെടുത്തിയത്. നവംബർ 27ന് ഒരു ഗ്രാം പ്ലാറ്റിനത്തിന് 405 ചൈനീസ് യുവാനായിരുന്നു (5,198 രൂപ) വില. എന്നാൽ, വ്യാഴാഴ്ചയോടെ വില 541.80 യുവാനായി ഉയർന്നു. മാത്രമല്ല, ഗ്യാങ്സു ഫ്യൂച്ചേസ് എക്സ്ചേഞ്ചിലെ പ്ലാറ്റിനം വ്യാപാരത്തിൽ വ്യാഴാഴ്ച 17 ശതമാനത്തിന്റെ വർധനയുണ്ടായി.
ആഭരണങ്ങൾക്ക് പുറമെ, വ്യവസായ ലോകത്ത് ഏറ്റവും കൂടുതൽ ഡിമാൻഡുള്ള ലോഹമാണ് പ്ലാറ്റിനം. മലിനീകരണം കുറക്കാൻ വാഹനങ്ങളിലും പെട്രോളിയം സംസ്കരണത്തിനും അർബുദ ചികിത്സ മരുന്നുകളിലും ഉയർന്ന ഗുണമേന്മയുള്ള ഗ്ലാസ് നിർമാണത്തിനും ഹാർഡ് ഡിസ്കുകളും സെൻസറുകളും നിർമിക്കാനും പ്ലാറ്റിനം അത്യാവശ്യമാണ്.
ചെന്നൈയിൽ ഒരു ഗ്രാം പ്ലാറ്റിനത്തിന് 6,000 മുതൽ 6200 വരെയാണ് വിലയെന്ന് എൻ.എ.സി ജ്വല്ലേസ് ചെയർമാൻ എൻ. അനന്ത പത്മനാഭൻ പറഞ്ഞു. രൂപയുടെ മൂല്യം ഇടിഞ്ഞതോടെ പ്ലാറ്റിനം വില ഈ വർഷം ഇരട്ടിയായിട്ടുണ്ട്. സ്വർണ വില കുതിച്ചുയർന്നതോടെയാണ് പ്ലാറ്റിനം ഡിമാൻഡിൽ വർധനയുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, യു.എസ് ഭരണകൂടത്തിന്റെ സാമ്പത്തിക നയത്തിലെ അനിശ്ചിതാവസ്ഥ കാരണം നിക്ഷേപകർ മികച്ച ലാഭം ലഭിക്കുന്ന ആസ്തികളിലേക്ക് മാറിയതോടെയാണ് പ്ലാറ്റിനം ഡിമാൻഡ് ഉയർന്നതെന്ന് ട്രേഡിങ് എകണോമിക്സ് വെബ്സൈറ്റ് ചൂണ്ടിക്കാട്ടി.
ഗ്രീൻ ഹൈഡ്രജൻ ഉത്പാദനത്തിനും ആവശ്യമായി വന്നതോടെ പ്ലാറ്റിനത്തിന് പുതുജീവൻ ലഭിച്ചതായി സാംകോ സെക്യൂരിറ്റീസ് മാർക്കറ്റ് റിസർച്ച് മേധാവി അപൂർവ ഷേത് പറഞ്ഞു. മാത്രമല്ല, ലോകത്ത് 75 ശതമാനം പ്ലാറ്റിനം വിതരണം ചെയ്യുന്ന ദക്ഷിണാഫ്രിക്കയിലെ ഖനികളിൽ ഉത്പാദനം കുറഞ്ഞു. ആഗോള രാഷ്ട്രീയ സാമ്പത്തിക അനിശ്ചിതാവസ്ഥ റഷ്യയിൽനിന്നുള്ള പ്ലാറ്റിനം വിതരണത്തെ ബാധിച്ചതായി അപൂർവ ചൂണ്ടിക്കാട്ടി.
വേൾഡ് പ്ലാറ്റിനം ഇൻവെസ്റ്റ്മെന്റ് കൗൺസിൽ കണക്ക് പ്രകാരം ഈ വർഷം പ്ലാറ്റിനത്തിന്റെ കുറവ് 69,200 ഔൺസായി ഉയരും. ഇതു തുടർച്ചയായ മൂന്നാം വർഷമാണ് പ്ലാറ്റിനം ലഭ്യതയിൽ രൂക്ഷമായ ക്ഷാമം നേരിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

