ഓഹരി വിപണിയിൽ കൂപ്പുകുത്തി ഫിസിക്സ്‍വാല; നഷ്ടമായത് 6000 കോടി
text_fieldsമുംബൈ: നിക്ഷേപകർക്ക് വൻ നേട്ടം സമ്മാനിച്ച എജുക്കേഷൻ ടെക്നോളജി കമ്പനിയായ ഫിസിക്സ്‍വാലയുടെ ഓഹരി വില കൂപ്പുകുത്തി. വ്യാഴാഴ്ച ഒമ്പത് ശതമാനം ഇടിഞ്ഞു. ഉച്ചക്ക് ശേഷം നഷ്ടം നികത്തി 141 രൂപയിലാണ് ഓഹരി വ്യാപാരം ചെയ്യപ്പെട്ടത്. തുടർച്ചയായ രണ്ട് ദിവസത്തെ ഇടിവിലൂടെ കമ്പനിയുടെ വിപണി മൂലധനത്തിൽ 6000 കോടി രൂപയുടെ നഷ്ടമുണ്ടായി. ഓഹരി വിപണിയിൽ വ്യാപാരം തുടങ്ങുമ്പോൾ 46,300 കോടി രൂപയായിരുന്ന മൂലധനം 40,587 കോടിയിലേക്ക് ഇടിഞ്ഞു. ചൊവ്വാഴ്ചയാണ് കമ്പനി ഓഹരി വിപണിയിൽ വ്യാപാരം തുടങ്ങിയത്.
പ്രഥമ ഓഹരി വിൽപനയിൽ (ഐ.പി.ഒ) വാഗ്ദാനം ചെയ്ത 109 രൂപയിൽനിന്ന് 33 ശതമാനം ഉയർന്ന വിലയിലാണ് കമ്പനി ലിസ്റ്റ് ചെയ്തത്. 145 രൂപയിൽ വ്യാപാരം തുടങ്ങിയ ശേഷം 156 ലേക്ക് ഓഹരി വില ഉയർന്നിരുന്നു. അതായത് നിക്ഷേപകർക്ക് 44 ശതമാനം റിട്ടേൺ ലഭിച്ചിരുന്നു. എന്നാൽ, രണ്ടാം ദിവസത്തോടെ ഓഹരി വില തകരാൻ തുടങ്ങി. ബുധനാഴ്ച എട്ട് ശതമാനവും വ്യാഴാഴ്ച ഒമ്പത് ശതമാനവുമാണ് ഇടിഞ്ഞത്. നിക്ഷേപകർ കൂട്ടമായി വിറ്റൊഴിവാക്കിയെങ്കിലും ഇപ്പോഴും ഐ.പി.ഒ വിലയേക്കാൾ 20 ശതമാനം ഉയർന്നാണ് വ്യാപാരം ചെയ്യപ്പെടുന്നത്. ഐ.പി.ഒയിലൂടെ ഓഹരികൾ വാങ്ങിയ നിക്ഷേപകർ ലാഭമെടുത്തതാണ് വില കുത്തനെ ഇടിയാൻ കാരണം.
ജനപ്രിയ കമ്പനിയാണെന്നതും ചെലവ് കുഞ്ഞതും മികച്ച വളർച്ചയുമുള്ള ഓൺലൈൻ, പാഠശാല പഠന മാതൃകകളിലുള്ള നിക്ഷേപകരുടെ വിശ്വാസവുമാണ് ഫിസിക്സ്‍വാല വൻ ലാഭത്തിൽ ഓഹരി വിപണിയിൽ വ്യാപാരം തുടങ്ങാൻ കാരണമെന്ന് സ്വാസ്തിക ഇൻവെസ്റ്റ്മെന്റിലെ വെൽത് വിഭാഗം മേധാവി ശിവാനി ന്യാതി പറഞ്ഞു.
വിശ്വസ്തരായ വിദ്യാർഥി സമൂഹം ഒപ്പമുള്ളതും കുറഞ്ഞ ചെലവിൽ അതിവേഗം ഓൺലൈൻ ഡിജിറ്റൽ പഠന സാമഗ്രികൾ വിതരണം ചെയ്യുന്നതും ഓഫ്ലൈൻ സൗകര്യം വികസിപ്പിക്കുന്നതും ജെ.ഇ.ഇ, നീറ്റ്, യു.പി.എസ്.സി, സംസ്ഥാനതലം തുടങ്ങിയ വൈവിധ്യമാർന്ന വിഭാഗങ്ങളിൽ പരീക്ഷ പരിശീലനം നൽകുന്നതും കമ്പനിക്ക് ഗുണം ചെയ്യും. എന്നാൽ, വൻകിട പരിശീലന കമ്പനികളിൽനിന്നുള്ള മത്സരവും സർക്കാർ നയങ്ങളും ലാഭം നേടാനുള്ള വെല്ലുവിളികളുമാണ് കമ്പനി നേരിടുന്ന പ്രധാന റിസ്കുകളെന്ന് അവർ പറഞ്ഞു.
രാജ്യത്തെ വിദ്യാഭ്യാസ മേഖലയിൽനിന്ന് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെട്ട പ്രധാന കമ്പനിയാണ് ഫിസിക്സ് വാല. അലഖ് പാണ്ഡെയും പ്രതീക് ബൂബും ഒരു യൂടൂബ് ചാനലിൽ തുടങ്ങിയ പരീക്ഷ പരിശീലന സ്റ്റാർട്ട്അപ് ആണ് വൻ കമ്പനിയായി വളർന്നത്. ജൂൺ വരെയുള്ള കണക്ക് പ്രകാരം 13.7 ദശലക്ഷം സബസ്ക്രൈബർമാരും 4.46 ദശലക്ഷം പെയ്ഡ് യൂസർമാരും 303 പരിശീല കേന്ദ്രങ്ങളും കമ്പനിക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

