Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightപാചകം ചെയ്യാനും...

പാചകം ചെയ്യാനും ഇസ്തിരിയിടാനും എ.ഐയെ പരിശീലിപ്പിക്കാൻ മണിക്കൂറിന് 250 രൂപ: ഇന്ത്യൻ തൊഴിലാളികൾ റോബോട്ടിക്‌സിന്റെ ഭാവി നിർണയിക്കുന്നത് എങ്ങനെ?

text_fields
bookmark_border
പാചകം ചെയ്യാനും ഇസ്തിരിയിടാനും എ.ഐയെ പരിശീലിപ്പിക്കാൻ മണിക്കൂറിന് 250 രൂപ: ഇന്ത്യൻ തൊഴിലാളികൾ റോബോട്ടിക്‌സിന്റെ ഭാവി നിർണയിക്കുന്നത് എങ്ങനെ?
cancel

തങ്ങളുടെ ദൈനംദിന ജോലികൾ കാമറകളിലും സെൻസറുകളിലും റെക്കോർഡ് ചെയ്ത് നൽകി ആയിരക്കണക്കിന് ഇന്ത്യൻ തൊഴിലാളികളാണ് അധിക വരുമാനം നേടുന്നത്. ഈ ഡാറ്റകൾ അടുത്ത തലമുറയിലെ ഹ്യൂമനോയിഡ് റോബോട്ടുകളെ പരിശീലിപ്പിക്കാൻ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് കമ്പനികളെ സഹായിക്കുന്നു. ഈ വികാസം സാങ്കേതിക പുരോഗതിയെക്കുറിച്ചുള്ള പ്രതീക്ഷകൾ നൽകുന്നതിനൊപ്പം മനുഷ്യരുടെ ഭാവി തൊഴിലവസരങ്ങളെക്കുറിച്ചുള്ള ആശങ്കകൾക്കും കാരണമാകുന്നുണ്ട്.

ചെന്നൈയിലെ വീട്ടമ്മമാർ മുതൽ തമിഴ്‌നാട്ടിലെ ടെക്‌സ്റ്റൈൽ ഫാക്ടറി തൊഴിലാളികൾ വരെ പാചകം, വസ്ത്രങ്ങൾ മടക്കിവെക്കൽ, തയ്യൽ, ഇസ്തിരിയിടൽ, സാധനങ്ങൾ തരംതിരിക്കൽ തുടങ്ങിയ സാധാരണ ജോലികൾ ചെയ്യുന്ന തങ്ങളുടെ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നുണ്ട്. "ഈഗോസെൻട്രിക് ഡാറ്റ" എന്നറിയപ്പെടുന്ന ഈ റെക്കോർഡിങുകൾ, മനുഷ്യർ ഭൗതിക ലോകവുമായി എങ്ങനെ ഇടപഴകുന്നുവെന്ന് എ.ഐ നിയന്ത്രിത റോബോട്ടുകളെ പഠിപ്പിക്കാൻ ഉപയോഗിക്കുന്നു.

ഇത്തരത്തിൽ ഡാറ്റ നൽകുന്ന ചെന്നൈയിൽ നിന്നുള്ള 25 വയസുകാരി നാഗിറെഡ്ഡി ശ്രീരാമ്യചന്ദ്ര, തലയിൽ സ്മാർട്ട്‌ഫോൺ ഘടിപ്പിച്ച് വീട്ടുജോലികൾ റെക്കോർഡ് ചെയ്ത് 'ഒബ്‌ജക്റ്റ്‌വേസ്' എന്ന എ.ഐ ഡാറ്റ കമ്പനിക്ക് നൽകുന്നു. ഈ ജോലിക്ക് മണിക്കൂറിന് ഏകദേശം 250 രൂപ വരെയാണ് ഇവർക്ക് ലഭിക്കുന്നത്.

റോബോട്ടിക്‌സ് കമ്പനികളെ സംബന്ധിച്ചിടത്തോളം ഈ ഡാറ്റ വളരെ വിലപ്പെട്ടതാണ്, കാരണം ജോലികൾ ചെയ്യാൻ യന്ത്രങ്ങളെ പഠിപ്പിക്കുക എന്നത് എ.ഐ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ്. ചാറ്റ്‌ബോട്ടുകളും ഇമേജ് ജനറേറ്ററുകളും വലിയ അളവിലുള്ള ഡിജിറ്റൽ വിവരങ്ങളിൽ നിന്നാണ് പഠിക്കുന്നതെങ്കിൽ, റോബോട്ടുകൾക്ക് വീടുകളിലും ഫാക്ടറികളിലും ജോലിസ്ഥലങ്ങളിലും കാര്യക്ഷമമായി പ്രവർത്തിക്കാൻ ശാരീരിക പ്രവർത്തനങ്ങളുടെയും കൈകളുടെ ചലനങ്ങളുടെയും സാധനങ്ങൾ കൈകാര്യം ചെയ്യുന്നതിന്റെയും ദൃശ്യങ്ങൾ ആവശ്യമാണ്.

ഇന്ത്യയിലും യു.എസിലും പ്രവർത്തിക്കുന്ന ഒബ്‌ജക്റ്റ്‌വേസ്, പ്രമുഖ ആഗോള ക്ലയന്റുകളുമായും മെഷീൻ ലേണിങ് പ്ലാറ്റ്‌ഫോമുകളുമായും സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. കമ്പനി സ്ഥാപകനായ രവിശങ്കർ പറയുന്നതനുസരിച്ച്, വസ്ത്രങ്ങൾ മടക്കിവെക്കൽ, കാപ്പി ഉണ്ടാക്കൽ, സാൻഡ്‌വിച്ച് തയ്യാറാക്കൽ തുടങ്ങിയ വിവിധ വീട്ടുജോലികളുടെ വിഡിയോകളാണ് ക്ലയന്റുകൾ പ്രധാനമായും ആവശ്യപ്പെടുന്നത്.

വലിയൊരു തൊഴിൽ സേനയും വളർന്നുവരുന്ന സാങ്കേതിക വ്യവസ്ഥിതിയും ഉള്ളതിനാൽ എ.ഐ ഡാറ്റാ ശേഖരണത്തിന്‍റെയും അനുബന്ധ സേവനങ്ങളുടെയും പ്രധാന കേന്ദ്രമായി ഇന്ത്യ മാറിയിരിക്കുന്നു. കൂടുതൽ കാര്യക്ഷമതയുള്ള റോബോട്ടുകൾ വികസിപ്പിക്കാൻ കമ്പനികൾ മത്സരിക്കുന്നതിനാൽ ഇത്തരം സേവനങ്ങൾക്കായുള്ള ആവശ്യം ഇനിയും ഉയരുമെന്നാണ് വിദഗ്ദർ കരുതുന്നത്.

എ.ഐ അധിഷ്ഠിത ഡാറ്റ ശേഖരണം ഇന്ന് പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും, ഭാവിയിൽ ഇത് ഓട്ടോമേഷൻ മൂലമുള്ള തൊഴിൽ നഷ്ടത്തിന് കാരണമായേക്കാമെന്ന് തൊഴിൽ രംഗത്തെ വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. ഏകദേശം 490 ദശലക്ഷം വരുന്ന രാജ്യത്തെ വലിയൊരു അസംഘടിത തൊഴിലാളി സമൂഹത്തെ എ.ഐ എങ്ങനെ ബാധിക്കുമെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് ഇന്ത്യയുടെ തിങ്ക് ടാങ്കായ നിതി ആയോഗും സമ്മതിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ai trainingBusiness NewsTechnologyAI ​​
News Summary - people training AI on daily core works for wage
Next Story