എരിതീയിൽനിന്ന് വറചട്ടിയിലേക്ക്; വിലക്കയറ്റത്തിൽ നടുവൊടിഞ്ഞു ജനം
text_fieldsപ്രതീകാത്മക ചിത്രം
കോട്ടയം: സാധനങ്ങളുടെയും പാചകവാതകത്തിന്‍റെയും ഉൾപ്പെടെ വിലവർധനയിൽ വീടകങ്ങളിലെ അടുക്കളകളും ഹോട്ടൽ, ബേക്കറി ബിസിനസുമെല്ലാം താളം തെറ്റുന്നു. നിത്യം ഉപയോഗിക്കുന്ന അരി മുതലുള്ള പലവ്യഞ്ജനങ്ങൾക്കും പച്ചക്കറികൾക്കുമെല്ലാം വില വർധിച്ചുകൊണ്ടിരിക്കുകയാണ്. കുടുംബ ബജറ്റാകെ താളം തെറ്റുന്ന നിലക്കാണ് കാര്യങ്ങൾ. വിലക്കയറ്റം പിടിച്ചുനിർത്തുന്നതിനുള്ള വിപണി ഇടപെടലുകളും കാര്യമായുണ്ടാകുന്നില്ല. നെല്ലിന് വിലയില്ലെങ്കിലും അരിയുടെ വില കുതിക്കുകയാണ്. നാളികേരം, മൽസ്യം, ഇറച്ചി, മുട്ട എന്നിവയുടെയെല്ലാം വില വർധിക്കുകയാണ്.
കർഷകർക്ക് ഗുണമില്ലെങ്കിലും വമ്പൻ കച്ചവടക്കാർക്കും കുത്തകകൾക്കും ലാഭം കൊയ്യാൻ സാധിക്കുന്ന നിലക്കാണ് കാര്യങ്ങൾ. സർക്കാറിന്‍റെ വിപണി ഇടപെടലുകളും പരാജയപ്പെടുന്ന നിലയിലാണ്. വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക വില വർധിപ്പിച്ചത് ഹോട്ടൽ മേഖലയെയും പ്രതിസന്ധിയിലാക്കി. മറ്റു സംസ്ഥാനങ്ങളിൽനിന്നു സാധനങ്ങൾ കൊണ്ടുവന്ന് വിൽപന നടത്തുന്ന കച്ചവടക്കാരും കുത്തകകളും ലാഭം കൊയ്യുമ്പോൾ പല വീടുകളിലേയും അടുക്കളകൾ പുകയാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ മാറുകയാണ്. എല്ലാ സാധനങ്ങൾക്കും വില വർധിക്കുകയാണെന്ന് ഉപഭോക്താക്കൾ പരാതിപ്പെടുന്നു.
വില കുതിച്ചുയരുമ്പോൾ ഭക്ഷണ പദാർഥങ്ങൾക്ക് വില വർധിപ്പിക്കാതിരിക്കാൻ കഴിയില്ലെന്ന് ഹോട്ടൽ, ബേക്കറി ഉടമകളും വ്യക്തമാക്കുന്നു. ചെറുകിട കച്ചവടക്കാരാണ് വിലവർധനയിൽ ഏറെ പ്രയാസം അനുഭവിക്കുന്നത്. പലരും സ്വന്തം നിലക്ക് വില വർധിപ്പിക്കുകയാണ്. 60 രൂപയുണ്ടായിരുന്ന വീട്ടിലെ ഊണ് സംവിധാനങ്ങൾ ഇപ്പോൾ 80ഉം 90 രൂപയായി. മീൻ, ഇറച്ചി, മുട്ട വിഭവങ്ങൾക്കും വില കയറി.
ഹോട്ടൽ വ്യാപാര മേഖല പ്രതിസന്ധിയിൽ
പാചകവാതക വിലയും പലചരക്ക്, പച്ചക്കറി ഇറച്ചി ഉൾപ്പെടെ സാധനങ്ങളുടെ വിലയും വാണം പോലെ കുതിക്കുന്നതിനാൽ പ്രതിസന്ധിയിലായി ഹോട്ടൽ വ്യാപാര മേഖല. വില വർധിപ്പിക്കാതെ പിടിച്ചുനിൽക്കാനാകാത്ത സ്ഥിതിയാണെന്ന് ഈ മേഖലയിലുള്ളവർ പരാതിപ്പെടുന്നു. വമ്പൻ ഹോട്ടൽ വ്യവസായികൾ പ്രതിസന്ധിയെ അതിജീവിക്കുമെങ്കിലും ചെറുകിട ഹോട്ടൽ, തട്ടുകട വ്യവസായം തകർന്ന് തരിപ്പണമാകുമെന്നാണ് ആശങ്ക. പാചകവാതക വിലവർധനയാണ് ഹോട്ടൽ വ്യവസായത്തിന്‍റെ നെഞ്ചത്തടിച്ചത്. പാചക വാതകത്തിന് 110 രൂപയാണ് ഈ മാസം കൂടിയത്. പത്ത് മുതൽ 12 സിലിണ്ടൾ വരെ ആവശ്യമുള്ള ഹോട്ടലുകൾക്ക് 1100 ലധികം രൂപ ഇതുമൂലം അധിക ബാധ്യതയാണ്.
വില ഉയർന്ന് നിൽക്കുന്നതിനാൽ വിറകിലേക്ക് തിരികെപോകാനും കഴിയാത്ത സാഹചര്യമാണ്. 90 മുതൽ 100 രൂപ വരെയാണ് ഒരുകെട്ട് വിറകിന്‍റെ വില. നിത്യോപയോഗ സാധനങ്ങളുടെ വിലവർധനയും ഹോട്ടൽ, ബേക്കറി വ്യവസായത്തിനു വെല്ലുവിളിയാണ്. മട്ട അരിക്ക് ഒരു മാസത്തിനിടെ അഞ്ചു രൂപയുടെ വർധനയാണുണ്ടായത്. ബിരിയാണി അരിയുടെ കാര്യവും ഭിന്നമല്ല. എണ്ണ വിലയും വർധിക്കുകയാണ്. വില കുത്തനെ ഉയർന്നതിനാൽ സാമ്പാർ ഉൾപ്പെടെ കറികളിൽനിന്ന് മുരിങ്ങക്ക അപ്രത്യക്ഷമായി. പരിപ്പ്, പയർ, ചെറുപയർ വില ഉയർന്നതിനാൽ ഉച്ചയൂണിനൊപ്പമുള്ള വിഭവങ്ങളിൽനിന്ന് ഇവയും ഒഴിവാകുകയാണ്. വില കൂടിയ തക്കാളി, കാരറ്റ്, പാവക്ക വിഭവങ്ങളും പല ഹോട്ടലുകളിൽ നിന്നും അപ്രത്യക്ഷമായി.
നോൺ വെജ് ഭക്ഷണത്തിനു കീശ കീറും
കോഴി, മുട്ട, ഇറച്ചി, മീൻ എന്നിവയുടെ വില ദിനംപ്രതി കുതിക്കുന്നത് ഹോട്ടലുകളിൽനിന്ന് നോൺവെജ് ഭക്ഷണങ്ങൾ കഴിക്കാൻ ആഗ്രഹിക്കുന്നവരുടെ കീശ കാലിയാക്കും. മുമ്പെങ്ങുമില്ലാത്ത നിലയിൽ കോഴിയിറച്ചി വില 190 രൂപ എത്തിനിൽക്കുകയാണ്. ബീഫ്, പോത്ത്, മട്ടൻ എന്നിവയുടെ വിലയും ക്രിസ്മസ്-പുതുവൽസര സീസൺ പ്രമാണിച്ച് വർധിച്ചു. അതും ഹോട്ടൽ വ്യവസായത്തെ ബാധിച്ചു. പലയിടങ്ങളിലും കോഴിയിറച്ചി വിഭവങ്ങൾക്ക് വില വർധിപ്പിച്ചു. മീനിനും വില കുതിക്കുകയാണ്. മുട്ടയുടെ വിലയിലും വൻ മാറ്റങ്ങളാണ് ഉണ്ടാകുന്നത്. 6.50 മുതൽ എട്ടു രൂപ വരെ കോഴിമുട്ടക്ക് വിലയുണ്ട്. താറാമുട്ടയുടെ വിലയും ഉയരുകയാണ്.
അമിതവില നിയന്ത്രിക്കാൻ അടിയന്തിര നടപടി വേണം, ഇല്ലെങ്കിൽ കടയടപ്പ് സമരം -ചിക്കൻ വ്യാപാര സമിതി
വിപണിയിൽ കൃത്രിമ ദൗർലഭ്യം വരുത്തി വില വർധിപ്പിക്കാൻ അന്യ സംസ്ഥാന ലോബി നടത്തുന്ന നീക്കം തടയാൻ അടിയന്തര ഇടപെടൽ ആവശ്യം
ജില്ലയിൽ ആയിരക്കണക്കിന് വ്യാപാരികൾ കോഴി വ്യാപാരം ചെയ്തു ജീവിക്കുന്നവരാണ്. ഒക്ടോബർ - നവംബർ മാസങ്ങളിൽ 140 രൂപ വിലക്ക് വിൽപന നടത്തിയിരുന്നിടത്ത് ഡിസംബർ -ജനുവരി ആയപ്പോൾ 40 രൂപയുടെ വർധനയാണുണ്ടായത്. ഇപ്പോൾ 180 രൂപയാണ് വില. മറ്റു ജില്ലകളിൽ ശരാശരി വില 190 രൂപയാണ്. കോട്ടയത്ത് വ്യാപാരികൾ ലാഭത്തിൽനിന്ന് 10 രൂപ കുറച്ചാണ് വിൽപന നടത്തുന്നത്.
കഴിഞ്ഞ മാസങ്ങളിലേതിനേക്കാൾ വില വർധിച്ചതോടെ വ്യാപാരം കുറയുകയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 15 ഓളം വ്യാപാര സ്ഥാപനങ്ങൾ അടച്ചുപൂട്ടി. ഈ രീതിയിൽ മുന്നോട്ട്' തുടർന്ന് പോയാൽ വ്യാപാരികൾ പ്രതിസന്ധിഘട്ടത്തിലേക്ക് പോകുമെന്ന് ചിക്കൻ വ്യാപാരി സമിതി ഭാരവാഹികൾ പറഞ്ഞു. അന്യസംസ്ഥാന ഫാം ഉടമകൾ നടത്തുന്നവയാണ് ജില്ലയിലെ 75 ശതമാനത്തോളം കോഴിഫോമുകളും. 25 ശതമാനം മാത്രമണ് സാധാരണകർഷരുടേത്. 90 രൂപ മുതൽ 100 രൂപ വരെയേ ഫാമിലെ ശരാശരി മാർക്കറ്റ് വില വരുന്നുള്ളു. അതിനാണ്140 മുതൽ 150 രൂപ വരെ വാങ്ങുന്നത്.
130 മുതൽ 140 വരെ വിലക്ക് കോഴിയിറച്ചി വിൽക്കേണ്ട സമയമാണ്. വിപണിയിൽ കൃത്രിമ ദൗർലഭ്യം വരുത്തി വില വർധിപ്പിക്കാൻ അന്യ സംസ്ഥാന ലോബി നടത്തുന്ന നീക്കം തടയാൻ അടിയന്തര ഇടപെടൽ ആവശ്യമാണെന്നും ഇല്ലെങ്കിൽ കടയടപ്പ് സമരത്തിലേക്ക് നീങ്ങാൻ തൊഴിലാളികൾ നിർബന്ധിതമാകുമെന്നും ചിക്കൻ വ്യാപാരി സമിതി ഭാരവാഹികളായ ജോജി ജോസഫ്, എൻ.ആർ. സുരേഷ് കുറുപ്പ് എന്നിവർ അറിയിച്ചു.
***********************************************************
ഹോട്ടൽ മേഖലയെ സംരക്ഷിക്കാൻ സർക്കാറിന്‍റെ അടിയന്തര ഇടപെടൽ ആവശ്യമാണ്. സാമ്പത്തികമായി ഏറെ പ്രയാസമാണ് അനുഭവിക്കുന്നത്. പ്രത്യേകിച്ചും ചെറുകിട ഹോട്ടൽ വ്യവസായികൾ. നിത്യോപയോഗ സാധനങ്ങളുടെയും പാചകവാതകത്തിന്‍റെയും വിലവർധന മേഖലയെ തകർക്കുകയാണ്. ചെറുകിട ഹോട്ടൽ വ്യാപാരികൾക്ക് സബ്സിഡി അനുവദിച്ചു സംരക്ഷിക്കുകയോ വിലക്കയറ്റത്തിൽ സർക്കാർ അടിയന്തരമായി ഇടപെടുകയോ ചെയ്യണം. ഭക്ഷണ സാധനങ്ങളുടെ വില വർധിപ്പിക്കാതെ പിടിച്ചുനിൽക്കാൻ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.
ടി.എ. മുഹമ്മദ് ഷെരീഫ് (കേരള ഹോട്ടൽ ആന്‍റ് റെസ്റ്റാറന്‍റ് അസോസിയേഷൻ(കെ.എച്ച്.ആർ.എ) സംസ്ഥാന സമിതിയംഗം)
നിത്യോപയോഗ സാധനങ്ങളുടെയും പാചകവാതകത്തിന്‍റെയും വിലവർധന ബേക്കറി മേഖലയെ സാരമായി ബാധിച്ചു. സാധനങ്ങൾക്ക് വില വർധിക്കുന്നതിന് ആനുപാതികമായി ബേക്കറി ഉൽപന്നങ്ങളുടെ വില വർധിപ്പിക്കാൻ സാധിക്കാത്ത സാഹചര്യമാണ്. തേയിലക്കും പാലിനും പഞ്ചസാരക്കുമൊക്കെ വില കൂടിയിട്ടും 12 രൂപക്ക് നൽകുന്ന ചായയുടെ വില വർധിപ്പിക്കാനാകുന്നില്ല. മൈദ, നെയ്യ് എന്നിവയുടെയെല്ലാം വില കൂടിയെങ്കിലും പപ്സ്, കേക്ക് ഉൾപ്പെടെയുള്ള സാധനങ്ങളുടെ വില വർധിപ്പിക്കാനാകുന്നില്ല. നിത്യോപയോഗ സാധന വിലവർധന വ്യാപാരികളുടെ വരുമാനത്തെയാണു ബാധിച്ചിട്ടുള്ളത്. മുമ്പ് 1000 രൂപയായിരുന്നു പ്രതിദിന ലാഭമെങ്കിൽ അതു നേർപകുതിയായി കുറഞ്ഞിരിക്കുകയാണ്.
മുഹമ്മദ് നാഫി (ബേക്കറി ഉടമ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

