സർക്കാർ ഇടപെട്ടിട്ടും സവാള വില 70 രൂപയിൽ
text_fieldsന്യൂഡൽഹി: സർക്കാർ തങ്ങളുടെ ബഫർ സ്റ്റോക്കിൽ നിന്ന് കിലോയ്ക്ക് 35 രൂപ നിരക്കിൽ സവാള വിൽക്കുന്നുണ്ടെങ്കിലും രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും ഉപഭോക്താക്കൾ ഇപ്പോഴും കിലോക്ക് 60 മുതൽ 70 രൂപ വരെ നൽകേണ്ടി വരുന്ന അവസ്ഥയാണുള്ളത്. ഉപഭോക്തൃ കാര്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് സെപ്റ്റംബർ 16ലെ സവാളയുടെ അഖിലേന്ത്യാ ശരാശരി ചില്ലറ വിൽപ്പന വില 53.84 രൂപയാണ്. ഇത് മുൻവർഷത്തെ 27.71 രൂപയെ അപേക്ഷിച്ച് 94% കൂടുതലാണ്. ശരാശരി മൊത്തവ്യാപാര വില കിലോക്ക് 45.65 രൂപയുമാണ്.
ആഗസ്റ്റ് 24 മുതലാണ് വില സ്ഥിരത ഫണ്ടിൽ നിന്ന് സർക്കാർ സവാള വിപണിയിലെത്തിച്ചു തുടങ്ങിയത്. എൻ.സി.സി.എഫ്, നാഫെഡ്, കേന്ദ്രീയ ഭണ്ഡാർ, മൊബൈൽ വാനുകൾ എന്നിവ വഴിയാണ് 35 രൂപ നിരക്കിൽ സവാള വിൽക്കുന്നത്. വിതരണം വേഗത്തിലാക്കാൻ കാന്ദ എക്സ്പ്രസ് ട്രെയിനുകളും 30ലധികം ട്രക്കുകളും ഉപയോഗിച്ച് 19 പ്രമുഖ നഗരങ്ങളിലേക്ക് സവാള എത്തിക്കുന്നുണ്ട്.
2026-27 വർഷത്തേക്ക് 2 ലക്ഷം ടൺ ബഫർ സ്റ്റോക്ക് ലക്ഷ്യമിട്ടതിൽ 1.21 ലക്ഷം ടൺ ഇതുവരെ സംഭരിച്ചു. കർഷകർക്ക് മികച്ച വില ഉറപ്പാക്കാൻ സംഭരണ വില ക്വിന്റലിന് 1,875 രൂപയിൽ നിന്ന് 2,125 രൂപയായും (കിലോയ്ക്ക് 21.25 രൂപ) ഉയർത്തിയിട്ടുണ്ട്.
സീസൺ മാറ്റവും ഖരീഫ് നടീൽ വൈകിയതും കാലാവസ്ഥയും ഊഹക്കച്ചവടവും: സവാള വില ഉയരുന്നതിന് ആക്കം കൂട്ടി. സർക്കാർ കേന്ദ്രങ്ങളിൽ 35 രൂപക്ക് സവാള ലഭ്യമാണെങ്കിലും വലിയ തോതിൽ പൊതുവിപണിയിലെ എല്ലാ ഉപഭോക്താക്കളിലേക്കും ഇത് എത്തിക്കുന്നതിലുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ വില ഉയർന്ന നിലയിൽ തന്നെ നിലനിർത്തുന്നു.
രാജ്യത്ത് സവാളയുടെ ആകെ ഉൽപ്പാദനത്തിൽ ക്ഷാമമില്ലെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. പുതിയ ഖരീഫ് സവാള വിപണിയിൽ വൻതോതിൽ എത്തിത്തുടങ്ങുന്നതോടെ മാത്രമേ പൊതുവിപണിയിൽ വില കുറയുകയുള്ളൂ. അതുവരെ ചില്ലറ വിൽപ്പന വില ഉയർന്ന് തന്നെ തുടരാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

