വിറ്റത് 100 ടൺ വെള്ളി; ഒരാഴ്ചക്കിടെ സമ്പന്നരായത് ആയിരങ്ങൾ
text_fieldsമുംബൈ: പാവപ്പെട്ടവന്റെ സ്വർണമായ വെള്ളി വിറ്റ് സമ്പന്നരായി ആയിരക്കണക്കിന് ഇന്ത്യക്കാർ. കഴിഞ്ഞ ഒരാഴ്ചക്കിടെ ആഭ്യന്തര വിപണിയിൽ ഏകദേശം 100 ടൺ പഴയ വെള്ളി വിറ്റതായാണ് കണക്ക്. ഇന്ത്യൻ ബുള്ളിയൻ ആൻഡ് ജ്വല്ലേസ് അസോസിയേഷനാണ് (ഐ.ബി.ജെ.എ) ഇതു സംബന്ധിച്ച കണക്ക് പുറത്തുവിട്ടത്. ബുധനാഴ്ച വെള്ളി വില സർവകാല റെക്കോഡിലേക്ക് ഉയർന്നതോടെയാണ് പലരും പഴയ വെള്ളി വിറ്റ് വൻ തുക കീശയിലാക്കിയത്. ഒരു കിലോഗ്രാം വെള്ളിക്ക് 1,78,684 രൂപയായി ഉയർന്നിരുന്നു. സാധാരണ ഒരു മാസം 10 മുതൽ 15 വരെ ടൺ പഴയ വെള്ളി വിപണിയിലെത്തുന്നുണ്ടെന്നാണ് കണക്ക്.
വില കുതിച്ചുയർന്നപ്പോൾ ലാഭമെടുക്കാനും വിവാഹ ചെലവുകൾക്കും അവധിക്കാല യാത്രക്കും പണം കണ്ടെത്താനുമാണ് പലരും വെള്ളി വൻതോതിൽ വിറ്റഴിച്ചതെന്ന് ഐ.ബി.ജെ.എ ദേശീയ സെക്രട്ടറി സുരേന്ദ്ര പറഞ്ഞു. വിൽപന നടത്തിയതിൽ ഭൂരിഭാഗവും വെള്ളി ആഭരണങ്ങളും പാത്രങ്ങളുമാണ്. വെള്ളി വില അധികം വൈകാതെ രണ്ട് ലക്ഷം കടക്കുമെന്നതിനാൽ ലാഭമെടുക്കുന്നത് വർധിക്കുമെന്നാണ് ചില വിദഗ്ധർ നൽകുന്ന സൂചന.
വെള്ളിയുടെ ലഭ്യത കുറഞ്ഞതും വ്യാവസായിക ഡിമാൻഡ് ഉയർന്നതും സെൻട്രൽ ബാങ്കുകൾ പലിശ നിരക്ക് കുറക്കുമെന്ന പ്രതീക്ഷയുമാണ് വിലക്കയറ്റത്തിന് ഇടയാക്കിയത്. വികസിത രാജ്യങ്ങളുടെ കറൻസിയെ അപേക്ഷിച്ച് ഡോളർ ഡിമാൻഡ് ഇടിഞ്ഞതും വെള്ളിക്ക് നേട്ടമായി.
ദിപാവലി ആഘോഷ വേളയിൽ വെള്ളി വില കിലോ ഗ്രാമിന് 1.78 ലക്ഷം രൂപയിലെത്തിയിരുന്നതായി മേത്ത പറഞ്ഞു. തുടർന്ന് 1.49 ലക്ഷം രൂപയിലേക്ക് ഇടിഞ്ഞു. വിലയിൽ 20 ശതമാനത്തിന്റെ വർധനവുണ്ടായതോടെയാണ് നിക്ഷേപകരും ഉപഭോക്താക്കളും വിൽപന നടത്തി ലാഭമെടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ വർഷം ഒരു കിലോ വെള്ളിയുടെ വില 86,005 രൂപയായിരുന്നു. സ്വർണം അടക്കമുള്ള മറ്റെല്ലാ ആസ്തികളെക്കാളും ഇരട്ടി നേട്ടമാണ് വെള്ളി നിക്ഷേപകർക്ക് നൽകിയത്. അതായത് ഈ വർഷം മാത്രം വിലയിൽ 60 ശതമാനം വളർച്ച കൈവരിച്ചു.
വെള്ളിയുടെ ലഭ്യത രൂക്ഷമാകുന്നതിനാൽ വില ഇനിയും ഉയരുമെന്നാണ് മോതിലാൽ ഓസ്‍വാൾ ഫിനാൻഷ്യൽ സർവിസസിലെ കമ്മോഡിറ്റീസ് റിസർച്ചിന്റെ തലവൻ നവീന്ത് ധമാനി പറയുന്നത്. അടുത്ത വർഷത്തെ ആദ്യ പാദത്തോടെ വില രണ്ട് ലക്ഷം രൂപ കടക്കും. വർഷാവസാനത്തോടെ വില 2.4 ലക്ഷം തൊടുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
വാഷിങ്ടൺ ആസ്ഥാനമായ സിൽവർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്ക് പ്രകാരം 2020 മുതൽ ലഭ്യതയെക്കാൾ വളരെ അധികമാണ് വെള്ളിയുടെ ഡിമാൻഡ്. സ്വർണവും സിങ്കും ലെഡും ഖനനം ചെയ്യുമ്പോൾ ലഭിക്കുന്ന ഉപോത്പന്നമാണ് വെള്ളി. ഈ ലോഹങ്ങളുടെ ഖനനം വർധിച്ചില്ലെങ്കിൽ വെള്ളിയുടെ ക്ഷാമം തുടരും. ഈ വർഷം 813 ദശലക്ഷം ഔൺസ് വെള്ളിയാണ് സംസ്കരിച്ചെടുത്തത്. മെക്സിക്കോയിലും റഷ്യയിലും ഉത്പാദനം ഉയർന്നെങ്കിലും പെറുവിലും ഇന്തോനേഷ്യയിലും ഇടിവ് നേരിട്ടതായും സിൽവർ ഇൻസ്റ്റിറ്റ്യൂട്ട് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

