ഹുർമുസിലും ബാബുൽ മന്ദബിലും കപ്പലുകൾക്ക് നേരെ ആക്രമണം; 90 തൊട്ട് ക്രൂഡ് ഓയിൽ
text_fieldsവാഷിങ്ടൺ: യു.എസ്-ഇറാൻ സമാധാന കരാർ അനിശ്ചിതാവസ്ഥയിലാവുകയും രണ്ട് കപ്പലുകൾക്ക് നേരെ ആക്രമണങ്ങളുണ്ടാവുകയും ചെയ്തതോടെ ആഗോളവിപണിയിൽ എണ്ണവില വർധിച്ചു. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 90 ഡോളറിനടുത്തെത്തി. ബ്രെന്റ് ക്രൂഡ് ഓയിലിന് 0.81 ശതമാനം വർധിച്ച് ബാരലിന് 89.63 ഡോളറിലെത്തി. അതേസമയം യു.എസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് 83.91 ഡോളറിലെത്തി. ജൂലൈ 31 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.
ഹുർമുസ് കടലിടുക്കിലും ബാബുൽ മന്ദബ് കടലിടുക്കിലും കപ്പലുകൾക്ക് നേരെ ആക്രമണം നടന്നതായി അമേരിക്കയും യെമനിലെ ഇറാൻ അനുകൂല ഹൂതികളും ചൊവ്വാഴ്ച വെവ്വേറെ റിപ്പോർട്ട് ചെയ്തിരുന്നു.
തിങ്കളാഴ്ച ഹുർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം ആറ് കപ്പലുകളായി കുറഞ്ഞതായി ഷിപ്പിംഗ് ഡാറ്റ കാണിക്കുന്നു. എന്നാൽ 10 ദിവസത്തെ ശരാശരി ഏകദേശം 11 കപ്പലുകളായിരുന്നു. യുദ്ധത്തിന് മുമ്പ്, ഈ ജലപാതയിലൂടെ ദിവസേന ശരാശരി 125 മുതൽ 140 വരെ കപ്പലുകൾ സഞ്ചരിച്ചിരുന്നു. യു.എസിലെ അസംസ്കൃത എണ്ണ, ഇന്ധന ശേഖരത്തിൽ കുറവുണ്ടായതായി ചൊവ്വാഴ്ച റോയിട്ടേഴ്സ് നടത്തിയ സർവേ പ്രവചിച്ചിരുന്നു.
ഹുർമുസ് കടലിടുക്കിലേക്ക് നയിക്കുന്ന ഒമാൻ ഉൾക്കടലിലും ചെങ്കടലിന്റെ പ്രവേശന കവാടത്തിലുമാണ് ചൊവ്വാഴ്ച ആക്രമണങ്ങൾ ഉണ്ടായത്. ഹുർമുസ് തങ്ങളുടെ പൂർണ നിയന്ത്രണത്തിലാണെന്നും ധാരണ ഉടൻ ഉണ്ടാകുമെന്നും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവർത്തിക്കുന്നതിനിടെയാണ് ഈ ആക്രമണങ്ങൾ.
ഇറാനിയൻ തുറമുഖങ്ങളിലേക്കുള്ള നാവിക ഉപരോധം ലംഘിച്ച് മുന്നേറിയ പനാമയുടെ പതാകയേന്തിയ കാർഗോ കപ്പലിന് നേരെ യു.എസ് സൈനിക വിഭാഗം മിസൈൽ ആക്രമണം നടത്തിയതായി അറിയിച്ചു. ചെങ്കടലിന്റെ തെക്കേ അറ്റത്തുള്ള ബാബ് എൽ-മന്ദബ് കടലിടുക്കിൽ ചൊവ്വാഴ്ച കാർഗോ കപ്പലിന് നേരെ ഹൂതികൾ നടത്തിയെന്ന് സംശയിക്കുന്ന ആക്രമണത്തിൽ നാല് ജീവനക്കാർ കൊല്ലപ്പെട്ടതായി യെമൻ ഗതാഗത മന്ത്രാലയം അറിയിച്ചു. ഹൂതി വിരുദ്ധ സൈനിക ഗ്രൂപ്പിൽ നിന്നുള്ള രണ്ട് യെമൻ രക്ഷാപ്രവർത്തകരും കൊല്ലപ്പെട്ടതായി യെമൻ കോസ്റ്റ് ഗാർഡ് അറിയിച്ചു.
ഈജിപ്ത് ഉടമസ്ഥതയിലുള്ള 'തിഹാമ' എന്ന കപ്പലിനു നേരെയാണ് ചെങ്കടലിൽ ആക്രമണം ഉണ്ടായത്. ഇറാൻ യുദ്ധം ആരംഭിച്ചതിനുശേഷം ഹൂതികൾ കപ്പൽ ഗതാഗതത്തിന് നേരെ നടത്തുന്ന ആക്രമണങ്ങളിലെ ആദ്യത്തെ മരണങ്ങളാണിത്. എന്നാൽ ബാബ് എൽ-മന്ദബ് കടലിടുക്കിൽ സൈനിക ഉപകരണങ്ങളുമായി സഞ്ചരിച്ച സൗദി കപ്പലിനെയാണ് തങ്ങൾ ആക്രമിച്ചതെന്ന് ഹൂതികളുടെ നിയന്ത്രണത്തിലുള്ള 'സബ' വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. കപ്പലിന്റെ പേര് അവർ വ്യക്തമാക്കിയിട്ടില്ല. സൗദി അറേബ്യയുടെ പ്രതികരണവും ലഭിച്ചിട്ടില്ല. ഹുർമുസുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് ദിവസമായി ഇറാനും അമേരിക്കയും വാഗ്വാദങ്ങൾ ശക്തമാക്കിയിട്ടുണ്ട്. അതേസമയം, ഇറാനുമായുള്ള സ്ഥിതിഗതികൾ ഭംഗിയായി നടക്കുന്നുണ്ടെന്നും ഹുർമുസ് കടലിടുക്ക് തങ്ങളുടെ പൂർണ്ണ നിയന്ത്രണത്തിലാണെന്നും കഴിഞ്ഞ ദിവസം യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. ഹുർമുസ് തുറക്കുന്നതിന് ഇറാൻ ചില നിബന്ധനകൾ മുന്നോട്ടുവെക്കുകയും, ഇത് അംഗീകരിച്ചില്ലെങ്കിൽ കടലിടുക്ക് അടഞ്ഞുകിടക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

