എണ്ണ വിലയിൽ കുതിപ്പ്; എണ്ണ കമ്പനി ഓഹരികളിൽ ഇടിവ്
text_fieldsന്യൂഡൽഹി: ഇസ്രായേൽ-ഇറാൻ സംഘർഷം യുദ്ധസാഹചര്യത്തിലേക്ക് വളർന്നതോടെ അസംസ്കൃത എണ്ണവിലയിലുണ്ടായ കുതിപ്പ് ബന്ധപ്പെട്ട ഓഹരികളിൽ വെള്ളിയാഴ്ച ഇടിവുണ്ടാക്കി. എണ്ണ വിപണനം, വ്യോമയാനം, പെയിന്റ്, ടയർ കമ്പനികളുടെ ഓഹരികളിലാണ് വിലയിടിവ്. ഭാരത് പെട്രോളിയം കോർപറേഷൻ (ബി.പി.സി.എൽ)ഓഹരി വില 1.90 ശതമാനവും ഇന്ത്യൻ ഓയൽ കോർപറേഷൻ 1.78 ശതമാനവും ഹിന്ദുസ്ഥാൻ പെട്രോളിയം 1.41 ശതമാനവും ഇടിഞ്ഞു. വ്യാപാരത്തിനിടയിൽ ബി.പി.സി.എൽ ആറു ശതമാനത്തിലേറെയും എച്ച്.പി 5.34 ശതമാനവും തകർന്നിരുന്നു.
ഇറാനു സ്വാധീനമുള്ള ഹുർമുസ് കടലിടുക്ക് വഴിയാണ് പശ്ചിമേഷ്യയിൽനിന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലേക്ക് അസംസ്കൃത എണ്ണ പോകുന്നത്. അതിനാൽ, ഇസ്രായേൽ-ഇറാൻ യുദ്ധം രൂക്ഷമായാൽ എണ്ണവില വർധിക്കുക മാത്രമല്ല എണ്ണനീക്കം തടസ്സപ്പെടുകയും ചെയ്യും.
ബ്രെന്റ് എണ്ണക്ക് ഇന്നലെ ഒറ്റയടിക്ക് 8.39 ശതമാനം വില കയറി വീപ്പക്ക് 75.20 ഡോളറായി. ഈ വർഷത്തെ ഏറ്റവും വലിയ കുതിപ്പാണിത്. ഇന്ത്യക്ക് ആവശ്യമായ എണ്ണയിൽ 90 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്നതാണ്. പെയിന്റ് കമ്പനികളായ ഇൻഡിഗോ, ബെർജർ, ഏഷ്യൻ പെയിന്റ്സ് എന്നിവയുടെയും ടയർ കമ്പനികളായ സിയറ്റ്, അപ്പോളോ എന്നിവയുടെയും ഓഹരി വിലയിൽ ഇന്നലെ ഇടിവുണ്ടായി.
അതേസമയം, ഓഹരി വിപണി ആടിയുലയുന്ന സൂചന വന്നതോടെ സുരക്ഷിത നിക്ഷേപമായ സ്വർണത്തിന്റെ വില കുതിക്കാനും തുടങ്ങി. കേരളത്തിൽ ഇന്നലെ സ്വർണവില ഗ്രാമിന് 195 രൂപ ഉയർന്ന് 9295 രൂപയും പവന് 1560 രൂപ ഉയർന്ന് 74,360 രൂപയുമായി പുതിയ റെക്കോഡിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

