ഓഹരി വിലയിൽ 40 ശതമാനം വർധന; ഇൻഫോസിസിന് യു.എസിൽ സസ്പെൻഷൻ
text_fieldsന്യൂയോർക്ക്: രാജ്യത്തെ മുൻനിര ഐ.ടി കമ്പനിയായ ഇൻഫോസിന്റെ ഓഹരി വ്യാപാരം സസ്പെൻഡ് ചെയ്ത് ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ച്. വെള്ളിയാഴ്ച അപ്രതീക്ഷിതമായി ഓഹരി വില 40 ശതമാനം കുതിച്ചുയർന്നതിന് പിന്നാലെയാണ് നടപടി. ഇൻഫോസിസിന്റെ അമേരിക്കൻ ഡിപോസിറ്ററി റെസീറ്റ്സ് (എ.ഡി.ആർ) ഓഹരികളാണ് നിക്ഷേപകരെ അത്ഭുതപ്പെടുത്തി 26.62 ഡോളറിലേക്ക് ഉയർന്നത്.
അതേസമയം, ഇന്ത്യൻ വിപണിയിൽ ഇൻഫോസിസ് ഓഹരി 1638 രൂപയിലാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. കറൻസി വിനിമയത്തിന്റെ സങ്കീർണതകളില്ലാതെ നിക്ഷേപകർക്ക് യു.എസ് വിപണിയിൽനിന്ന് വിദേശ കമ്പനികളുടെ ഓഹരികൾ വാങ്ങാൻ സഹായിക്കുന്നതാണ് എ.ഡി.ആർ.
ഓഹരി വിലയിലുണ്ടായ അപ്രതീക്ഷിത ഏറ്റക്കുറച്ചിലാണ് ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരം നിർത്തിവെക്കാൻ കാരണം. ഇൻഫോസിസിന് പുറമെ, വിപ്രോയുടെയും എ.ഡി.ആർ ഓഹരി വില ഏഴ് ശതമാനം വർധിച്ചു. ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ വിപ്രോയുടെ ഓഹരി വില നിലവിൽ 3.07 ഡോളറിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്.
ഇൻഫോസിസ് ഓഹരി വിലയിൽ ഒറ്റം ദിവസം കൊണ്ട് വൻ കുതിപ്പുണ്ടായതിന്റെ കാരണം അവ്യക്തമാണ്. 7.44 ഡോളറിൽനിന്നാണ് 26.62 ഡോളറിലേക്ക് ഓഹരി വില ഉയർന്നത്. നസ്ദാഖ് സ്റ്റോക്ക് എക്സ്ചേഞ്ചിലും 30 ഡോളറിലേക്ക് ഓഹരി വില ഉയർന്നെങ്കിലും മണിക്കൂറുകൾക്കകം 22 ഡോളറിലേക്ക് ഇടിഞ്ഞു. എങ്കിലും 15 ശതമാനം ലാഭത്തിലാണ് ഇപ്പോഴും ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്.
യു.എസിൽ പണപ്പെരുപ്പം കുറഞ്ഞെന്ന റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ ഐ.ടി കമ്പനികളുടെ ഓഹരികൾ തുടർച്ചയായി മൂന്ന് ദിവസത്തോളം മുന്നേറിയതിനു പിന്നാലെയാണ് യു.എസ് വിപണിയിലെ കുതിപ്പ്. സാങ്കേതിക രംഗത്ത് കൂടുതൽ പണം ചെലവിടുമെന്നതിനാൽ, യു.എസിൽ പണപ്പെരുപ്പം കുറയുന്നത് ഇന്ത്യൻ ഐ.ടി കമ്പനികൾക്ക് ശുഭ വാർത്തയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

