കേരളത്തിന്റെ സ്വന്തം ഈസ്റ്റേൺ ഉടമയുടെ ഐ.പി.ഒ 29ന്; ഓഹരി വിൽക്കുന്നത് മീരാൻ കുടുംബവും
text_fieldsമുംബൈ: മലയാളിയുടെ ജനപ്രിയ ഭക്ഷ്യ ബ്രാൻഡായ ഈസ്റ്റേൺ കോണ്ടിമെന്റ്സിന്റെയും എം.ടി.ആറിന്റെയും ഓഹരികൾ സ്വന്തമാക്കാൻ നിക്ഷേപകർക്ക് അവസരം. ഇരു ബ്രാൻഡുകളുടെയും ഉടമകളായ ഓർക്‍ല ഇന്ത്യയുടെ പ്രഥമ ഓഹരി വിൽപന (ഐ.പി.ഒ) ഒക്ടോബർ 29ന് തുടങ്ങും. നവംബർ ആറിന് ഓഹരികൾ നാഷനൽ സ്റ്റോക് എക്സ്ചേഞ്ചിലും ബോംബെ സ്റ്റോക് എക്സ്ചേഞ്ചിലും വ്യാപാരം ആരംഭിക്കും. 1667.54 കോടി രൂപയാണ് ഓഹരി വിൽപനയിലൂടെ കമ്പനി സമാഹരിക്കുക. 695-730 രൂപയായിരിക്കും ഓഹരി വില. പുതിയതിന് പകരം നിലവിലെ ഉടമകളുടെ കൈയിലുള്ള ഓഹരികളാണ് ഐ.പി.ഒയിലൂടെ വിൽക്കുക.
നോർവെ ആസ്ഥാനമായ ഒർക്‍ല ഏഷ്യ പസിഫിക് പി.ടി.ഇയാണ് നിലവിൽ ഇരു ബ്രാൻഡുകളുടെയും ഉടമ. കൊച്ചിയിലെ സഹോദങ്ങളായ നവാസ് മീരാനും ഫിറോസ് മീരാനുമാണ് ഈസ്റ്റേൺ സ്ഥാപിച്ചത്. മീരാൻ കുടുംബം 1,14,118 ഓഹരികളാണ് (1.67 ശതമാനം) വിൽക്കുന്നത്. ഇതിലൂടെ 17 കോടിയോളം രൂപയാണ് ഇരുവരും കീശയിലാക്കുക.
ഐ.പി.ഒയിൽ കമ്പനിയുടെ മൈനോറിറ്റി പ്രമോട്ടർമാരും ഓഹരിയിൽ ചെറിയൊരു ഭാഗം വിൽക്കണമെന്ന ചട്ടപ്രകാരമാണ് മീരാൻ കുടുംബത്തിന്റെ നീക്കം. 2020ലാണ് കേരളത്തിലെ ആദ്യകാല മസാല ബ്രാൻഡായ ഈസ്റ്റേൺ കോണ്ടിമെന്റ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ 67.8% ഓഹരികൾ 1,500 കോടി രൂപക്ക് ഒർക്‍ല ഏഷ്യ പസിഫിക് പി.ടി.ഇ ഏറ്റെടുത്തത്. ഈ വർഷം ആദ്യത്തിൽ ഡിവിഡന്റ് പ്രഖ്യാപിച്ചപ്പോൾ മീരാൻ സഹോദരങ്ങൾക്ക് 75 കോടി രൂപ ലഭിച്ചിരുന്നു. നിലവിൽ ഇസ്റ്റേൺ, എം.ടി.ആർ ബ്രാൻഡുകളിലൂടെ ഉത്പന്നങ്ങൾ വിൽക്കുന്ന ഓക്‍ല ഇന്ത്യ, ഈ രംഗത്ത് ഏറ്റവും വരുമാനമുള്ള നാലാമത്തെ കമ്പനിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

