ഒമാന്റെ ദേശീയ ദിനാഘോഷത്തിനായി വിപണി ഒരുങ്ങി
text_fieldsമത്ര സൂക്കിലെ കാഴ്ച,
മത്ര: ഒമാന്റെ 55ാമത് ദേശീയ ദിനാഘോഷം കളറാക്കാന്‍ വിപണി ഒരുങ്ങി. ദേശീയവര്ണങ്ങളില് ചാലിച്ച ധാരാളം ഉല്പന്നങ്ങള് കച്ചവടക്കാർ വിപണിയിൽ എത്തിച്ചിട്ടുണ്ട്. ദേശീയദിനാഘോഷത്തെ വരവേല്‍ക്കാനായി എത്തുന്നവരുടെ കണ്ണും മനസും കുളിര്‍പ്പിക്കും വിധമുള്ള നിരവധി ഉൽപന്നങ്ങളാണ് വിപണി കീഴടക്കിയിട്ടുള്ളത്.
ഒമാന്‍ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെയും മുന്‍ ഭരണാധികാരി സുൽത്താന്‍ ഖാബൂസിന്റെയും ചിത്രങ്ങള്‍ ആലേഖനം ചെയ്ത ഷാളുകള്‍, ടീഷര്‍ട്ടുകള്‍, കുട്ടിയുടുപ്പുകള്‍, ബാഡ്ജുകള്‍, ബാനറുകള്‍, വിവിധ വലുപ്പങ്ങളിലുള്ള കൊടിതോരണങ്ങള്‍ എന്നിവ കടകളിൽ സന്ദർശകർക്കായി നിരത്തിവെച്ചിരിക്കുന്നു.ദേശീയ ചിഹ്നമായ ഖഞ്ജര്‍ പിടിപ്പിച്ച പെന്നുകൾ, വാച്ച്, കേശാലങ്കാരങ്ങള്‍ തുടങ്ങി നിത്യജീവിതവുമായി ബന്ധപ്പെട്ട ഇനങ്ങളെല്ലാം ദേശീയ വര്‍ണങ്ങളില്‍ വാങ്ങാന്‍ കിട്ടും.
ദേശീയ ദിനാഘോഷത്തെ വരവേല്‍ക്കാനായി മത്രയിലെ വിപണിയിൽ വിൽപനക്കായി വസ്തുക്കൾ ഒരുക്കിയ നിലയിൽ
വിവിധ വലുപ്പത്തിലുള്ള മൂവര്‍ണക്കൊടികള്‍ പാറിപ്പറക്കുകയാണെങ്ങും. ദിഷ്ദാശയില് പിടിപ്പിക്കാവുന്ന ഒമാന്‍ ദേശീയ ചിഹ്നമായ സ്വര്‍ണനിറത്തിലുള്ള ഖഞ്ചറുകള്ക്ക് നല്ല ഡിമാന്റാണ്. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ഉപയോഗിക്കാന്‍ പറ്റുംവിധമുള്ള ബ്രേസ്ലെറ്റുകളും വിപണി കീഴടക്കുന്നു. സ്വദേശി കലാകാരന് രൂപകൽപന ചെയ്ത സുല്‍ത്താന്റെ ചിത്രമുള്ള ഷാള്‍ നല്ല രീതിയിൽ വിറ്റുപോകുന്നതായി മത്രയിലെ കച്ചവടക്കാരനായ ഹിജാസ് പൊന്നാനി പറഞ്ഞു. ഒമാന്‍ സന്ദർശനത്തിന് എത്തിച്ചേരുന്ന വിദേശസഞ്ചാരികളും ദേശീയദിനാഘോഷത്തിനായി ഒരുക്കിയ വിവിധ തരം ദേശീയ അടയാളങ്ങള്‍ സന്ദർശനത്തിന്റെ ഓര്‍മക്കെന്നോണം വാങ്ങിക്കൊണ്ടുപോകുന്നുണ്ട്.
പ്രധാനമായും മൊത്തവിതരണ കച്ചവടസ്ഥാപനങ്ങളില്‍ മാത്രമേ നാഷനല്‍ ഡേ സീസന് കച്ചവടം ഇപ്പോള്‍ കാര്യമായി നടക്കുന്നുള്ളൂ. പൊതുവേയുള്ള മാന്ദ്യം ചില്ലറ വിപണിയെ വല്ലാതെ ബാധിച്ചതിനാല്‍ സീസന് വിപണി ഉണര്‍ന്നില്ലെന്ന് റീട്ടെയില്‍ വ്യാപാരികള്‍ പറയുന്നു. ദേശീയ ദിനാഘോഷ ദിവസങ്ങള്‍ അടുത്ത് വരുന്നതോടെ വിപണിയിൽ ചലനങ്ങളുണ്ടാകുമെന്ന പ്രതീക്ഷയില്‍ കഴിയുകയാണ് കച്ചവടക്കാര്‍. അതേസമയം, സ്വദേശി ചിഹ്നങ്ങൾ വിൽക്കണമെങ്കില് പ്രത്യേക ഫീസ് നല്കി അനുമതി വാങ്ങണമെന്ന അറിയിപ്പുള്ളതിനാല്‍ വ്യാപകമായ രീതിയിൽ കച്ചവട സ്ഥാപനങ്ങളില്‍ വില്‍പ്പന നടക്കുന്നില്ല
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

