തുടർച്ചയായ അഞ്ചാം ദിവസവും ഓഹരി വിപണികളിൽ തകർച്ച
text_fieldsമുംബൈ: തുടർച്ചയായ അഞ്ചാം ദിവസവും ഇന്ത്യൻ ഓഹരി വിപണികൾ നഷ്ടത്തിൽ വ്യാപാരം അവസാനിച്ചു. ദേശീയ സൂചിക നിഫ്റ്റി 17,000 പോയിന്റിനും താഴെയാണ് വ്യാപാരം അവസാനിപ്പിച്ചത്. എഫ്.എം.സി.ജി, റിയാലിറ്റി, ഓയിൽ ആൻഡ് ഗ്യാസ്, ഫിനാൻഷ്യൽ തുടങ്ങിയ സെക്ടറുകളിലെല്ലാം കടുത്ത വിൽപന സമ്മർദമാണ് നേരിട്ടത്.
സെൻസെക്സ് 344 പോയിന്റ് നഷ്ടത്തോടെ 57,555 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 71.10 പോയിന്റ് ഇടിവോടെ 16,972ൽ ക്ലോസ് ചെയ്തു. ആഗോള വിപണിയിലെ നേട്ടം മുതലാക്കി ഇന്ത്യൻ സൂചികകളും നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. എന്നാൽ, ഈ നേട്ടം നിലനിർത്താൻ പിന്നീട് സൂചികകൾക്കായില്ല. വലിയ വിൽപന സമ്മർദത്തിനൊടുവിൽ സൂചികകൾ ഇടിയുകയായിരുന്നു.
അതേസമയം, ഫെഡറൽ റിസർവ് വലിയ രീതിയിൽ പലിശ ഉയർത്താൻ സാധ്യതയില്ലെന്ന റിപ്പോർട്ടുകൾ വരും ദിവസങ്ങളിൽ ഇന്ത്യൻ സൂചികകളെ സ്വാധീനിക്കുമെന്നാണ് നിഗമനം. പണപ്പെരുപ്പം കുറയുന്നതും സിലിക്കൺ വാലി ബാങ്ക് ഉൾപ്പടെയുള്ളവയുടെ തകർച്ചയും നിരക്ക് ഉയർത്തുന്നതിന്റെ തോത് കുറക്കാൻ ഫെഡറൽ റിസർവിനെ പ്രേരിപ്പിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ നൽകുന്ന സൂചന. പലിശനിരക്കിൽ 25 ബേസിക്സ് പോയിന്റിന്റെ വർധനവ് മാത്രമേ യു.എസ് കേന്ദ്രബാങ്ക് വരുത്താൻ ഇടയുള്ളുവെന്നാണ് റിപ്പോർട്ട്.