ഖത്തറിൽ പന്തുരുളും മുൻപേ ഷോപ്പിങ് മേളക്ക് കിക്കോഫ് കുറിച്ച് ലുലു ഗ്രൂപ്പ്
text_fieldsപേൾ ഖത്തറിലെ ഗിയാർഡിനോയിലെ ഹൈപ്പർ മാർക്കറ്റ് ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി മുഖ്യാതിഥികൾക്കൊപ്പം ഉദ്ഘാടനം ചെയ്യുന്നു
ദോഹ: പന്തുരുണ്ടു തുടങ്ങുംമുമ്പേ ഷോപ്പിങ് മേളക്ക് കിക്കോഫ് കുറിച്ച് പ്രമുഖ ഹൈപ്പർ മാർക്കറ്റ് ശൃംഖലയായ ലുലു ഗ്രൂപ്പും. ലോകകപ്പിനെ വരവേൽക്കാനൊരുങ്ങുന്ന ഖത്തറിൽ വിവിധ രാജ്യങ്ങളിൽനിന്നെത്തുന്ന കാണികൾക്കും സന്ദർശകർക്കും അപൂർവമായ ഷോപ്പിങ് അനുഭവം ഒരുക്കുന്നതിനായി 19ാമത് ഹൈപ്പർ മാർക്കറ്റ് ചൊവ്വാഴ്ച ബർവ മദിനത്നയിലും 20ാമത് ഹൈപ്പർ മാർക്കറ്റ് ബുധനാഴ്ച പേൾ ഖത്തറിലെ ജിയാർഡിനോയിലും ഉദ്ഘാടനം ചെയ്തു.
ലോകകപ്പ് ഫുട്ബാളിനായി വിവിധ വൻകരകളിൽനിന്നും ഫുട്ബാൾ ആരാധകർ ഖത്തറിലേക്ക് ഒഴുകിത്തുടങ്ങിയതിനു പിന്നാലെയാണ് ലുലു ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർ മാർക്കറ്റുകൾ ആരംഭിച്ചത്. അൽ വക്റയിൽ ഫിഫ ഫാൻ സോൺ, താമസ മേഖല എന്നിവയോടു ചേർന്നാണ് 10,750 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ലുലു ഹൈപ്പർ മാർക്കറ്റ് പ്രവർത്തനമാരംഭിച്ചത്.
ബർവ മദീനത്ന ലുലു ഹൈപ്പർ മാർക്കറ്റ് ഉദ്ഘാടനം നിർവഹിച്ചശേഷം ചെയർമാൻ എം.എ. യൂസുഫലി, ഡയറക്ടർ ഡോ. മുഹമ്മദ്അൽതാഫ് എന്നിവർ ലോകകപ്പ് ജഴ്സിയുമായി
ഖത്തറിന്റെ ആഡംബര ദ്വീപായി മാറിയ പേൾ ഖത്തറിൽ ഇരുനിലകളിലായി 1.50 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലാണ് ഏറ്റവും പുതിയ ഹൈപ്പർ മാർക്കറ്റ് ബുധനാഴ്ച തുറന്നു പ്രവർത്തിച്ചത്. ലുലു ഗ്രൂപ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസുഫലി, ഗ്രൂപ് ഡയറക്ടർ ഡോ. മുഹമ്മദ് അൽതാഫ് എന്നിവരുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം നിർവഹിച്ചു. ശൈഖ് ഹസൻ ബിൻ ഖാലിദ് ആൽഥാനി, യു.ഡി.സി ചെയർമാൻ തുർകി ബിൻ മുഹമ്മദ് അൽ ഖാതിർ, യു.ഡി.സി പ്രസിഡൻറും സി.ഇ.ഒയുമായ ഇബ്രാഹിം അൽ ഉഥ്മാൻ, ശൈഖ് മുഹമ്മദ് ബിൻ അഹമ്മദ് ആൽഥാനി, ഹുസൈൻ ഇബ്രാഹിം അൽ ഫർദാൻ, ഫഹദ് അൽ ഫർദാൻ, ഫർദാൻ അൽ ഫർദാൻ, ഹുസൈൻ അൽ ബാകിർ, ഖത്തർ കമേഴ്സ്യൽ ബാങ്ക് ഗ്രൂപ് സി.ഇ.ഒ ജോസഫ് എബ്രഹാം, ഇന്ത്യ, സ്പെയിൻ, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, ഇന്തോനേഷ്യ, തായ്ലൻഡ്, പാനമ, ജോർജിയ എന്നീ രാജ്യങ്ങളുടെ അംബാസഡർമാർ, യു.എസ് എംബസി സീനിയർ കമേഴ്സ്യൽ ഓഫിസർ എന്നിവർ പങ്കെടുത്തു.
ലുലു ഫാഷൻസ്, ഇലക്ട്രോണിക്സ് സെക്ഷനായ ലുലു കണക്ട്, ഐ എക്സ്പ്രസ് തുടങ്ങി വൈവിധ്യമാർന്ന ഡിവിഷനുകൾ അടങ്ങിയതാണ് ഹൈപ്പർ മാർക്കറ്റ്. 500 വാഹന പാർക്കിങ് സൗകര്യങ്ങൾ, എ.ടി.എം കൗണ്ടർ, ഫുഡ് കോർട്ട്, മണി എക്സ്ചേഞ്ച്, ഫാർമസി, ബ്യൂട്ടി സലൂൺ എന്നിവയും ഉൾപ്പെടുന്നു. വീൽചെയർ വഴി ഉപഭോക്താക്കൾക്ക് ഷോപ്പിങ്ങിനെത്താനും സൗകര്യമുണ്ട്. ലോകകപ്പിനൊരുങ്ങുന്ന ഖത്തറിനൊപ്പം ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽനിന്നെത്തുന്ന കാണികളെ സ്വീകരിക്കാനായി ലുലുവും തയാറാണെന്ന് ചെയർമാൻ എം.എ. യൂസുഫലി പറഞ്ഞു.
പേൾ ഖത്തറിലെ ഗിയാർഡിനോ ലുലു ഹൈപ്പർ മാർക്കറ്റ്
'ഖത്തർ അമീർ ശൈഖ് തമീം ബിൻഹമദ് ആൽഥാനി, ഡെപ്യൂട്ടി അമീർ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽഥാനി, പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനി, മറ്റു സർക്കാർ ഉദ്യോഗസ്ഥരിൽനിന്നുള്ള പിന്തുണക്ക് ഈ അവസരത്തിൽ നന്ദി അറിയിക്കുകയാണ്. ലോകകപ്പിനെത്തുന്ന കാണികൾക്ക് സേവനം ചെയ്യുന്നതിനായി മെട്രോ സ്റ്റേഷനുകൾ ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ മിനി ഹൈപ്പർ മാർക്കറ്റുകൾ ആരംഭിക്കാൻ ഞങ്ങൾക്ക് അവസരം നൽകി. ലോകകപ്പിനായി ഖത്തർ ഒരുങ്ങിയതുപോലെ, കാണികളെ സേവിക്കാൻ ലുലുവും തയാറായിക്കഴിഞ്ഞു. യൂറോപ്പ്, തെക്കനമേരിക്ക, ഏഷ്യ തുടങ്ങി എല്ലാ വൻകരകളിൽനിന്നുമെത്തുന്ന സന്ദർശകർക്ക് ആവശ്യമായ ഉപഭോക്തൃ വസ്തുക്കളുമായി ലുലു വിശാലമായ ഷോപ്പിങ് അനുഭവമാണ് ലോകകപ്പിന് ഒരുക്കുന്നത്' -യൂസുഫലി പറഞ്ഞു.
ലോകകപ്പിനെത്തുന്ന വലിയൊരു വിഭാഗം സന്ദർശകരുടെ ആവശ്യങ്ങൾ നിറവേറ്റാനാവുന്നവിധം തങ്ങളുടെ ജീവനക്കാരും സജ്ജമാണെന്ന് ഡോ. മുഹമ്മദ് അൽതാഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

