എൽ.പി.ജി ക്ഷാമം; കോളടിച്ച് കമ്പനികൾ, ഇലക്ട്രിക് കെറ്റിലുകൾക്കും ഇൻഡക്ഷൻ കുക്കറിനും ഡിമാൻഡ് കൂടി
text_fieldsന്യൂ ഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് രാജ്യത്ത് പാചക വാതക വിതരണം പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ഇൻഡക്ഷൻ കുക്കറിന്‍റെയും ഇലക്ട്രിക് കെറ്റിലുകളുടെയും വിൽപന കുത്തനെ ഉയർന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇൻഡക്ഷൻ കുക്കറിന്‍റെ ഡിമാൻഡ് മൂന്നിരട്ടിയായി വർധിച്ചതായി ടാറ്റ ഗ്രൂപ്പിന്റെ ക്രോമ അറിയിച്ചു.
അതേസമയം, ജനപ്രിയ അടുക്കള ഉപകരണ ബ്രാൻഡായ പിജിയണിന്റെ പിന്നിലുള്ള കമ്പനിയായ സ്റ്റൗക്രാഫ്റ്റ് ലിമിറ്റഡ് അവരുടെ ശരാശരി പ്രതിവാര ഓൺലൈൻ വിൽപ്പന നാല് മടങ്ങ് വർധിച്ചതായി പറഞ്ഞു.
"ക്രോമയിൽ, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇൻഡക്ഷൻ കുക്ക്‌ടോപ്പുകൾക്കുള്ള ആവശ്യകതയിൽ കുത്തനെയുള്ള വർധനവുണ്ടായി. ഞങ്ങളുടെ ശരാശരി ദൈനംദിന വിൽപന നിരക്കും ഗണ്യമായി വർധിച്ചു" -ഇൻഫിനിറ്റി റീട്ടെയിൽ ലിമിറ്റഡ് (ക്രോമ) സി.ഇ.ഒയും എം.ഡിയുമായ ഷിബാഷിഷ് റോയ് പറഞ്ഞു.
പതിവില്ലാത്ത വിധം ഉപഭോക്താക്കൾ ഒരേസമയം ഒന്നിലധികം ഉൽപന്നങ്ങൾ വാങ്ങുന്നുണ്ടെന്നും ഇത് മുൻകരുതൽ വാങ്ങലുകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാത്രമല്ല, ഇലക്ട്രിക് കെറ്റിലുകളുടെ വിൽപനയും ഇരട്ടിയായി.
ഇൻഡക്ഷൻ കുക്ക്ടോപ്പുകളും ഇലക്ട്രിക് കെറ്റിലുകളും വിശ്വസനീയവും സൗകര്യപ്രദവുമായ ഒരു ബദൽ പാചക മാർഗമായി കണക്കാക്കുന്നു. കൂടാതെ വീടുകളിൽ ഇലക്ട്രിക് പാചക ഉപകരണങ്ങൾ ഉപയോഗിക്കേണ്ടതിന്‍റെ സാഹചര്യവും ഉണ്ടായി. ഡിമാൻഡ് കൂടിയതിനാൽ ക്രോമയുടെ സ്റ്റോറുകളിലും ഓൺലൈൻ സൈറ്റുകളിലും മതിയായ ലഭ്യത ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ ഇൻഡക്ഷൻ കുക്ക്‌ടോപ്പുകളുടെ വിൽപ്പന 30 മടങ്ങ് വർധിച്ചതായി ആമസോൺ ഇന്ത്യ വക്താവ് പറഞ്ഞു. അതേസമയം റൈസ് കുക്കറുകളുടെയും ഇലക്ട്രിക് പ്രഷർ കുക്കറുകളുടെയും വിൽപ്പന 4 മടങ്ങ് വർധിച്ചു. എയർ ഫ്രയറുകളുടെയും മൾട്ടി-പർപസ് കെറ്റിലുകളുടെയും വിൽപ്പന ഇരട്ടിയായി.
മിഡിൽ ഈസ്റ്റിൽ സംഘർഷങ്ങൾ ആരംഭിച്ചതിനുശേഷം ഇ-കൊമേഴ്‌സ് സൈറ്റുകളിൽ ഇൻഡക്ഷൻ കുക്ക്‌ടോപ്പുകളുടെ ശരാശരി പ്രതിവാര വിൽപനയിൽ നാലിരട്ടി വർധനവ് ഉണ്ടായതായി സ്റ്റൗക്രാഫ്റ്റ് മാനേജിംഗ് ഡയറക്ടർ രാജേന്ദ്ര ഗാന്ധി പറഞ്ഞു. കർണാടകയിലെ ഹരോഹള്ളിയിലുള്ള നിർമാണ കേന്ദ്രത്തിൽ കമ്പനി നിലവിൽ ഏകദേശം 2 ലക്ഷം യൂണിറ്റ് ഇൻഡക്ഷൻ കുക്ക്‌ടോപ്പുകൾ നിർമ്മിക്കുന്നുണ്ട്.
വരും നാളുകളിൽ ഇത് വർധിപ്പിക്കാനാണ് നീക്കം. ബദൽ പാചക ഉപകരണങ്ങളിലേക്കുള്ള ഉപഭോക്താക്കളുടെ മാറ്റം ഇനിയും തുടരുമെന്നാണ് കമ്പനികളുടെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

