പാചകവാതക വില വീണ്ടും കൂട്ടി; വർധന വാണിജ്യ സിലിണ്ടറുകൾക്ക്
text_fieldsന്യൂഡൽഹി: ഇടവേളക്കുശേഷം രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽ.പി.ജി സിലിണ്ടറുകളുടെ വിലയിൽ വർധന. 19 കിലോഗ്രാം ഭാരമുള്ള വാണിജ്യ എൽ.പി.ജി സിലിണ്ടറിന് 11.50 രൂപ വരെയാണ് കൂട്ടിയത്. ഇതോടെ ഡല്‍ഹിയില്‍ 19 കിലോഗ്രാം സിലിണ്ടറിന് 2,747.50 രൂപയായി. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ 9.50 രൂപ മുതല്‍ 11.50 രൂപ വരെയാണ് വില വര്‍ധന.
വാണിജ്യ എല്‍പിജി വിലയില്‍ ഏറ്റവും ഉയര്‍ന്ന വര്‍ധന കൊല്‍ക്കത്തയിലാണ്. ഇവിടെ 19 കിലോഗ്രാം സിലിണ്ടറിന് 11.50 രൂപ കൂട്ടി 2,884 രൂപയായി. ഭുവനേശ്വര്‍, ഹൈദരാബാദ്, പട്‌ന തുടങ്ങിയ നഗരങ്ങളിലും 11 രൂപയിലധികം വര്‍ധന രേഖപ്പെടുത്തി. അതേസമയം, ഡല്‍ഹി, മുംബൈ, ഗുരുഗ്രാം, നോയിഡ, ചണ്ഡിഗഢ്, ലഖ്നൗ തുടങ്ങിയ നഗരങ്ങളില്‍ സിലിണ്ടറിന് 9.50 രൂപയാണ് വര്‍ധിപ്പിച്ചത്. മുംബൈയില്‍ വില 2,701 രൂപയായി. ചെന്നൈയില്‍ 10.50 രൂപ വര്‍ധിച്ച് 2,916.50 രൂപയുമായി.
പശ്ചിമേഷ്യൻ പ്രതിസന്ധിയെ തുടർന്ന് പാചകവാതക ഇറക്കുമതി കുറയുന്നത് ചൂണ്ടിക്കാട്ടിയാണ് വിലവർധന. കൂടാതെ മുംബൈയിൽ സിഎൻജി, ഗാർഹിക പിഎൻജി വില വർദ്ധിപ്പിച്ചതായി മഹാനഗർ ഗ്യാസ് ലിമിറ്റഡ് (എം.ജി.എൽ) അറിയിച്ചു. സിഎൻജി വില കിലോഗ്രാമിന് 2 രൂപ വർധിച്ച് 88 രൂപയായി. ഗാർഹിക പിഎൻജി വില എസ്.സി.എമ്മിന് ഒരു രൂപ വർധിച്ചു. ഈ നിരക്കുകൾ ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു.
യു.എസ്, ഇസ്രായേൽ -ഇറാൻ യുദ്ധത്തെ തുടർന്ന് കുത്തനെ കൂട്ടിയ വാണിജ്യ എൽ.പിജിക്ക് കഴിഞ്ഞ മാസം 200 രൂപയിലേറെ കുറച്ചിരിന്നു. അതേസമയം, അന്ന് വിലകൂട്ടിയ ഗാർഹിക ആവശ്യത്തിനുള്ള 14.2 കിലോ എൽ.പി.ജി സിലിണ്ടറുകളുടെ വിലയിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ല. നിലവിൽ ഗാർഹിക സിലിണ്ടർ വിലകൾ രാജ്യത്ത് മാറ്റമില്ലാതെ തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

