ലെൻസ്കാർട്ട് ഐ.പി.ഒ വെള്ളിയാഴ്ച; ഓഹരിക്ക് വില 402
text_fieldsമുംബൈ: ജനപ്രിയ കണ്ണടകളുടെ ബ്രാൻഡായ ലെൻസ്കാർട്ട് ഐ.പി.ഒ വെള്ളിയാഴ്ച ഓഹരി വിപണിയിലെത്തുമെന്ന് റിപ്പോർട്ട്. പ്രഥമ ഓഹരി വിൽപനയിലൂടെ 7278 കോടി രൂപ സമാഹരിക്കാനാണ് കമ്പനിയുടെ പദ്ധതി. ചെറുകിട നിക്ഷേപകർക്ക് നവംബർ നാലുവരെ ഐ.പി.ഒക്ക് അപേക്ഷിക്കാനുള്ള അവസരമുണ്ടാകും. 402 രൂപയായിരിക്കും ഒരു ഓഹരിയുടെ വില. നവംബർ പത്തിന് ലെൻസ്കാർട്ട് ഓഹരി വിപണിയിൽ വ്യാപാരം തുടങ്ങും.
രാജ്യത്ത് ഏറ്റവും കൂടുതൽ കണ്ണടകൾ വിൽക്കുന്ന ലെൻസ്കാർട്ട് 2,150 കോടി ഓഹരികളാണ് വിൽക്കുന്നത്. ഉടമസ്ഥരായ പിയൂഷ് ബൻസാൽ, അമിത് ചൗധരി, സുമീത് കപാഹി എന്നിവർ 12.75 കോടി ഓഹരികളും വിൽക്കുന്നുണ്ട്. ഐ.പി.ഒക്ക് മുന്നോടിയായി പ്രമുഖ ഓഹരി നിക്ഷേപകനായ രാധാകിഷൻ ധമാനി 90 കോടി രൂപ ലെൻസ്കാർട്ടിൽ നിക്ഷേപിച്ചിരുന്നു.
ഐ.പി.ഒയിലൂടെ സമാഹരിക്കുന്ന തുകയിൽനിന്ന് 272 കോടി രൂപ പുതിയ സ്റ്റോറുകൾ തുറക്കാനും 591 കോടി രൂപ നിലവിലെ സ്റ്റോറുകളുടെ വാടക, ലൈസൻസ് പുതുക്കാനും മറ്റുമായി ചെലവഴിക്കും. മാത്രമല്ല, സാങ്കേതിക വിദ്യ മെച്ചപ്പെടുത്താനും ക്ലൗഡ് അടിസ്ഥാന സൗകര്യം വികസിപ്പിക്കാനും പദ്ധതിയുണ്ട്. ബ്രാൻഡ് മാർക്കറ്റിങ് കൂടുതൽ ശക്തിപ്പെടുത്തും. ഒപ്പം, പുതിയ കമ്പനികളെ ഏറ്റെടുക്കുകയും ചെയ്യും.
ഇന്ത്യക്ക് പുറമെ, ജപ്പാൻ, പശ്ചിമേഷ്യ തുടങ്ങിയ അന്താരാഷ്ട്ര വിപണികളിലും ലെൻസ്കാർട്ട് സജീവമാണ്. ടാറ്റ ഗ്രൂപ്പിന്റെ ടൈറ്റാൻ കമ്പനി, ഐഗിയർ ഒപ്റ്റിക്സ് ഇന്ത്യ, ഗംഗാർ ഒപ്റ്റീഷ്യൻസ്, ജി.കെ.ബി ഒപ്റ്റിക്കൽസ്, ലോറൻസ് ആൻഡ് മയോ, സ്പെക്സ്മേകേസ് ഒപ്റ്റീഷ്യൻസ് തുടങ്ങിയ കമ്പനികളാണ് വിപണിയിൽ ലെൻസ്കാർട്ടിന്റെ എതിരാളികൾ. കഴിഞ്ഞ സാമ്പത്തിക വർഷമാണ് ആദ്യമായി ലെൻസ്കാർട്ട് ലാഭത്തിലെത്തിയത്. 2024 സാമ്പത്തിക വർഷത്തെ 10 കോടി രൂപയുടെ നഷ്ടത്തിൽനിന്ന് 297 കോടി രൂപയുടെ ലാഭമാണ് കൈവരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

