ജിൻഡാൽ ഷദീദ് ഗ്രൂപ് മൂന്ന് ബില്യൺ ഡോളർ നിക്ഷേപിക്കും
text_fieldsജിൻഡാൽ ഷദീദ് ഗ്രൂപ് പ്രതിനിധി, ദുകമിലെ പ്രത്യേക സാമ്പത്തിക മേഖലയിൽ മെഗാ സ്റ്റീൽ പദ്ധതി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പുവെച്ചപ്പോൾ
മസ്കത്ത്: മിഡിൽ ഈസ്റ്റ് മേഖലയിലെ മുൻനിര സ്റ്റീൽ നിർമാതാക്കളായ ജിൻഡാൽ ഷദീദ് ഗ്രൂപ്, ദുകമിലെ പ്രത്യേക സാമ്പത്തിക മേഖലയിൽ (സെസാഡ്) മെഗാ സ്റ്റീൽ പദ്ധതി വികസിപ്പിക്കുന്നതിന് മൂന്ന് ബില്യൺ യു.എസ് ഡോളറിലധികം നിക്ഷേപിക്കും. ഗ്രീൻ സ്റ്റീൽ ഉൽപ്പാദിപ്പിക്കുന്നതിനുള്ള സെസാഡിലെ ഏറ്റവും വലിയ പ്ലാന്റാണിതെന്ന് കണക്കാക്കപ്പെടുന്നു. "ദുക്മിലെ ഈ മെഗാ സ്റ്റീൽ പദ്ധതി വികസിപ്പിക്കാൻ ജിൻഡാൽ ഷദീദ് മൂന്ന് ബില്യൺ യു.എസ് ഡോളറിലധികം നിക്ഷേപിക്കും.
ഗ്രീൻ ഹൈഡ്രജൻ സ്റ്റീൽ പ്രോജക്ടിനായി ഭൂമി സുരക്ഷിതമാക്കുന്നതിന് ആവശ്യമായ അനുമതികൾ ഞങ്ങൾ ഇതിനകം നേടിയിട്ടുണ്ട്''-ജിൻഡാൽ ഷദീദ് ഗ്രൂപ് സി.ഇ.ഒ ഹർഷ ഷെട്ടി വാർത്താക്കുറിപ്പിൽ അറിയിച്ചു. വാർഷികാടിസ്ഥാനത്തിൽ അഞ്ചു മില്യൺ മെട്രിക് ടണിലധികം ഗ്രീൻ സ്റ്റീൽ ഉൽപാദിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ദുകം തുറമുഖത്തെ കൺസഷൻ സോണിൽ ഏകദേശം രണ്ട് ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് പദ്ധതി വരുന്നത്. ഓട്ടോമൊബൈൽ, കാറ്റ് എനർജി, കൺസ്യൂമർ ഡ്യൂറബിൾസ് മേഖലകളിലേക്ക് ഉയർന്ന നിലവാരമുള്ള സ്റ്റീൽ ഉൽപന്നങ്ങൾ പ്ലാന്റ് വിതരണം ചെയ്യും. പ്രത്യേക സാമ്പത്തിക മേഖലകൾ പബ്ലിക്ക് അതോറിറ്റി ചെയർമാൻ ഡോ. അലി ബിൻ മസൂദ് അൽ സുനൈദിയുടെ മേൽനോട്ടത്തിൽ നടന്ന ധാരണപത്രവും ഭൂമി അനുവദിക്കൽ കരാറും ഒപ്പുവെച്ചു. ഒപാസിന്റെ ഡെപ്യൂട്ടി ചെയർമാൻ അഹമ്മദ് ബിൻ ഹസൻ അൽ ദീബും ജിൻഡാൽ ഷദീദിന്റെ ഹർഷ ഷെട്ടിയും ധാരണപത്രത്തിൽ ഒപ്പുവെച്ചു. ഭൂമി സംവരണ കരാറിൽ ജിൻഡാൽ ഷദീദും ദുകം തുറമുഖത്തിന്റെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ റെജി വെർമ്യൂലനും ഒപ്പുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

