ട്രെൻഡായി പുതിയ ഓഫർ; ലക്ഷത്തിനരികെ എത്തിയിട്ടും സ്വർണം വാങ്ങാൻ തിരക്കേറി
text_fieldsമുംബൈ: മലയാളികളുടെ പ്രിയപ്പെട്ട ലോഹമായ സ്വർണത്തിന്റെ വില സർവകാല റെക്കോഡിലാണ്. ഒരു പവൻ സ്വർണം വാങ്ങാൻ അധികം വൈകാതെ ഒരു ലക്ഷം രൂപ കൊടുക്കേണ്ടി വരും എന്നാണ് സൂചന. വില എത്ര കൂടിയാലും സ്വർണം മാറ്റിനിർത്തിയുള്ള വിവാഹവും ആഘോഷവും മലയാളിക്കില്ല. പക്ഷെ, വില കുത്തനെ കൂടിയാൽ എങ്ങനെ സ്വർണം വാങ്ങുമെന്ന് ടെൻഷൻ അടിക്കണ്ട. കാരണം, ദീപാവലിയും വിവാഹ സീസണുമായതിനാൽ ഉപഭോക്താക്കളെ പൊന്നു പോലെയാണ് ജ്വല്ലറിക്കാർ കാണുന്നത്. വില താങ്ങാൻ പറ്റാത്തതിനാൽ ആഭരണ പ്രേമികൾ സ്വർണം വാങ്ങുന്നത് വേണ്ടെന്ന് വെക്കുമോയെന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ, ആകർഷകമായ ഓഫർ പുറത്തിറക്കിയത് ഉപഭോക്താക്കളുടെ ഹൃദയം കവരുകയാണെന്നാണ് വിവരം.
സെൻകോ ഗോൾഡ് ആൻഡ് ഡയമണ്ട്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് തുടങ്ങിയ കമ്പനികളാണ് ഓഫർ പ്രഖ്യാപിച്ചത്. വില എത്ര കൂടിയാലും സ്വർണാഭരണങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വൻ ഇളവ് നൽകുന്നതാണ് ഓഫർ. അതായത്, വാങ്ങാൻ ഉദ്ദേശിക്കുന്ന ആഭരണങ്ങൾക്ക് ചെറിയൊരു തുക നേരത്തെ നൽകിയാൽ പിന്നീട് വില എത്ര കൂടിയാലും ബുക്ക് ചെയ്ത സമയത്തെ വിലയ്ക്ക് ലഭിക്കും.
സെൻകോ ഗോൾഡ് ആൻഡ് ഡയമണ്ടിൽനിന്ന് 10 ഗ്രാം സ്വർണം വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ മൂന്ന് ഗ്രാമിന്റെ വില നൽകി ബുക്ക് ചെയ്യാം. ദീപാവലിക്ക് സ്വർണ വില വീണ്ടും കുതിച്ചുകയറിയാലും ആഭരണങ്ങൾ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാം. 15 ശതമാനത്തോളം സ്വർണാഭരണ കച്ചവടവും ഈ ഓഫറിലൂടെയാണ് നടക്കുന്നതെന്ന് കമ്പനി എം.ഡിയും സി.ഇ.ഒയുമായ സുവങ്കർ സെൻ പറഞ്ഞു. ജൂലൈലാണ് കമ്പനി ഇങ്ങനെയൊരു ഓഫർ പുറത്തിറക്കിയത്. ഓഫർ ഉപഭോക്താക്കളെ ആകർഷിച്ചതോടെ ദീപാവലി ബിസിനസിൽ 25 ശതമാനം വർധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാങ്ങാൻ ആഗ്രഹിക്കുന്ന സ്വർണ വിലയുടെ പത്ത് ശതമാനം മാത്രം നൽകിയാൽ ബുക്ക് ചെയ്ത സമയത്തെ കുറഞ്ഞ വിലയിൽ വാങ്ങാമെന്നാണ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഓഫർ. മാത്രമല്ല, ഉപഭോക്താക്കൾക്ക് സിൽവർ കോയിനും സൗജന്യമായി നൽകും. ഓഫറുകൾക്ക് ഈ മാസം അവസാനം വരെയാണ് കാലാവധി. വില കൂടിയിട്ടും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കമ്പനിയുടെ വിൽപനയുടെ എണ്ണത്തിൽ അഞ്ച് ശതമാനവും തുകയിൽ 27 ശതമാനവും വർധനയുണ്ടായതായി ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

