Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightരാജേഷ് എക്സ്പോർട്സ്...

രാജേഷ് എക്സ്പോർട്സ് പൊട്ടുന്ന മറ്റൊരു കുമിളയോ?

text_fields
bookmark_border
രാജേഷ് എക്സ്പോർട്സ് പൊട്ടുന്ന മറ്റൊരു കുമിളയോ?
cancel

ധാന്യങ്ങൾ പൊടിച്ചുനൽകുന്ന ഒരു മില്ലിന്‍റെ വരുമാനം കണക്കാക്കുന്നത് എങ്ങനെയാണ്? ആളുകൾ വിലക്കുവാങ്ങി കഴുകി വൃത്തിയാക്കി നൽകുന്ന ധാന്യങ്ങൾ മില്ലിൽ പൊടിച്ചുനൽകുകയാണ് സാധാരണ ചെയ്യുന്നത്. 250 രൂപയുടെ അഞ്ചുകിലോ അരി പൊടിച്ചുനൽകുന്നതിന് കൂലിയായി 50 രൂപ കിട്ടിയാൽ അതാണ് മില്ലുടമയുടെ വരുമാനം. അതേസമയം, മില്ലുടമ അരി വിലക്ക് വാങ്ങി വൃത്തിയാക്കി പൊടിച്ചു നൽകിയാൽ അരിയുടെ വില ഉൾപ്പെടെയായിരിക്കും വിറ്റുവരവ്. അതായത് 300 രൂപ. ഇവിടെ വിറ്റുവരവ് കണക്കാക്കുന്നതിൽ ആശയക്കുഴപ്പമില്ല. ഏത് രീതിയിലാണ് വരുമാനം എന്നതിെന്റ കണക്കുകൾ കൃത്യമായിരിക്കണമെന്ന് മാത്രം.

എന്നാൽ, കണക്കുകൾ കൃത്യമല്ലാത്തതിനാൽ സമാന രീതിയിലുള്ള മറ്റൊരു ബിസിനസിെന്റ കാര്യത്തിൽ വടിയെടുത്തിരിക്കുകയാണ് ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി). ബംഗളൂരു ആസ്ഥാനമായ സ്വർണാഭരണ കയറ്റുമതി സ്ഥാപനം രാജേഷ് എക്സ്പോർട്സ് ആണ് ഇവിടെ ‘വില്ലൻ’. സെബി നെറ്റിചുളിക്കാൻ കാരണം കമ്പനിയുടെ അതിഭീമമായ വിറ്റുവരവ് തന്നെ. ഇതാകട്ടെ, നിക്ഷേപകരെ പരിഭ്രാന്തരാക്കുകയും ചെയ്തു. മറ്റൊരു ഓഹരി തട്ടിപ്പാണോ പുറത്തുവരുന്നത് എന്ന ആശങ്കയിലാണ് നിക്ഷേപകർ.

2021-2025 കാലയളവിൽ കമ്പനിയുടെ സംയോജിത വിറ്റുവരവ് 15.15 ലക്ഷം കോടി രൂപയാണ് കാണിച്ചിരിക്കുന്നത്. എന്നാൽ, ഉപകമ്പനികൾ കൂട്ടാതെ കമ്പനിയുടെ ഒറ്റക്കുള്ള വരുമാനം 26,486 കോടി രൂപയും. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം കമ്പനിയുടെ സംയോജിത വരുമാനമായി കാണിച്ചിരിക്കുന്നത് 7.78 ലക്ഷം കോടി രൂപയാണ്. അറ്റാദായം കേവലം 112 കോടി രൂപയും. അതേസമയം, ഒറ്റക്കുള്ള വരുമാനം 9188 കോടി രൂപയും അറ്റാദായം 32 കോടി രൂപയും മാത്രമാണ്. ഈ ഭീമൻ വ്യത്യാസമാണ് സെബി ചോദ്യം ചെയ്യുന്നത്.

ഒരു നിക്ഷേപകനിൽനിന്ന് ലഭിച്ച പരാതിയാണ് സെബിയുടെ അന്വേഷണത്തിലേക്ക് നയിച്ചത്. നീണ്ട അന്വേഷണത്തിനൊടുവിൽ സെബി കണ്ടെത്തിയത് ഇതാണ്; കമ്പനിയുടെ സംയോജിത വിറ്റുവരവിൽ 97 ശതമാനവും പെരുപ്പിച്ച് കാണിച്ചതാണ്. വിറ്റുവരവിെന്റ കൃത്യമായ രേഖകൾ ചോദിച്ചെങ്കിലും കമ്പനി നൽകിയില്ലെന്ന് സെബി പറയുന്നു. തുടർന്ന് പ്രമോട്ടർ രാജേഷ് മേത്തയെ കമ്പനിയുടെ ഓഹരിയിൽ ഇടപാട് നടത്തുന്നതിൽനിന്ന് വിലക്കുകയും ചെയ്തു. ജൂൺ മൂന്നിന് ഈ ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെ കമ്പനിയുടെ ഓഹരി വില അനുദിനം കൂപ്പുകുത്തുകയാണ്. ഉത്തരവ് വന്ന ദിവസം രാവിലെ 110 രൂപയായിരുന്ന ഓഹരി വില പിന്നീടുള്ള ദിവസങ്ങളിൽ തുടർച്ചയായി ലോവർ സർക്യൂട്ടടിച്ച് ഇപ്പോൾ 76.31 രൂപ എന്ന നിലയിലാണ്. ചുരുക്കത്തിൽ, രാജേഷ് എക്സ്പോർട്സ് വിവാദം സമീപകാലത്തെ ഇന്ത്യയിലെ ഏറ്റവും വലിയ കോർപറേറ്റ് അക്കൗണ്ടിങ് വിവാദങ്ങളിലൊന്നായി മാറിയിരിക്കുകയാണ്. കമ്പനിയുടെ ഓഡിറ്റർമാർ എന്തുചെയ്യുകയായിരുന്നു എന്നാണ് നിക്ഷേപകർ ചോദിക്കുന്നത്.

തങ്ങളുടെ സ്വിസ് അനുബന്ധ സ്ഥാപനമായ വൽകാംബി എസ്.എയുടെ വരുമാനമാണ് സംയോജിത വരുമാനത്തിലെ വൻ വർധനക്ക് കാരണമെന്നാണ് കമ്പനി പറയുന്നത്. സ്വർണ ശുദ്ധീകരണ രംഗത്തെ ലോകത്തെ പ്രമുഖ കമ്പനിയാണ് ഇത്. വൽകാംബി സ്വന്തം നിലയിൽ സ്വർണം വാങ്ങി ശുദ്ധീകരിച്ച് ഉപഭോക്താക്കൾക്ക് വിൽപന നടത്തുന്നു എന്നാണ് രാജേഷ് എക്സ്പോർട്സ് അവകാശപ്പെടുന്നത്. എന്നാൽ, സെബിയുടെ സംശയം, കമ്പനി മറ്റുള്ളവരുടെ സ്വർണം കമീഷൻ അടിസ്ഥാനത്തിൽ ശുദ്ധീകരിച്ച് നൽകുക മാത്രമാണ് ചെയ്യുന്നതെന്നാണ്.

വാൽകാംബിയുടെ ഓഡിറ്റ് ചെയ്ത തനത് അക്കൗണ്ട് സെബി പരിശോധിച്ചപ്പോൾ അവിടെ കാണിച്ച റവന്യൂ ഏകദേശം 400-700 കോടി രൂപ മാത്രമായിരുന്നു. എന്നാൽ, രാജേഷ് എക്സ്പോർട്സ് ഗ്രൂപ്പിന്റെ സംയോജിത അക്കൗണ്ടിൽ വാൽകാംബിയെയും മറ്റ് വിദേശ യൂനിറ്റുകളെയും ആശ്രയിച്ചാണ് ലക്ഷക്കണക്കിന് കോടി രൂപ വരുമാനം കാണിച്ചിരിക്കുന്നത്. ഈ വലിയ വ്യത്യാസമാണ് സെബി ചോദ്യം ചെയ്യുന്നത്.

വരുമാനക്കണക്ക് കമ്പനി അന്യായമായി പെരുപ്പിച്ച് കാണിച്ചതാണെങ്കിൽ മറ്റൊരു ഓഹരി കുംഭകോണമായിരിക്കും അത്. നിക്ഷേപകരുടെ ആശങ്കയും അതുതന്നെ. വൻകിട നിക്ഷേപകരെ ആകർഷിക്കാനും വൻതോതിൽ കടമെടുക്കാനുമാണ് കമ്പനികൾ കണക്കുകൾ ഊതിപ്പെരുപ്പിച്ച് കാണിക്കുന്നത്. ഒരു സുപ്രഭാതത്തിൽ ഇത്തരം കമ്പനികൾ പൊട്ടിത്തകരുകയും നിക്ഷേപകർ വെള്ളത്തിലാവുകയും ചെയ്യും. സത്യം കമ്പ്യൂട്ടർ സർവിസസ് എന്ന കമ്പനിയുടെ തകർച്ച നമുക്ക് മുന്നിലുണ്ട്. കമ്പനിയുടെ ലാഭവും വരുമാനവും യഥാർഥത്തിനേക്കാൾ കൂടുതലായി കാണിക്കുകയാണ് അവർ ചെയ്തത്. ഒടുവിൽ കമ്പനി പൊട്ടുകയും നിക്ഷേപകരുടെ പണം പോവുകയും ചെയ്തു.

സ്വർണ ശുദ്ധീകരണവും ബുള്ളിയൻ ട്രേഡിങ്ങും ചെയ്യുന്ന കമ്പനികൾക്ക് വരുമാനം വളരെ വലുതും ലാഭ മാർജിൻ വളരെ ചെറുതുമായിരിക്കുക സാധാരണമാണ്. രാജേഷ് എക്സ്പോർട്സ് സ്വർണം (ഗോൾഡ് ബുള്ളിയൻ), ശുദ്ധീകരിച്ച സ്വർണം, ആഭരണങ്ങൾ എന്നിവയിൽ വലിയ തോതിൽ വ്യാപാരം നടത്തുന്ന കമ്പനിയാണ്. ഉദാഹരണത്തിന്, 24 കാരറ്റിെന്റ ഒരു കിലോ സ്വർണം 1.50 കോടി രൂപക്ക് വാങ്ങി ശുദ്ധീകരിച്ച് 1.52 കോടിക്ക് വിൽപന നടത്തിയാൽ വിറ്റുവരവ് 1.52 കോടി രൂപയും ലാഭം കേവലം രണ്ട് ലക്ഷം രൂപയുമായിരിക്കും.

എന്നാൽ, രാജേഷ് എക്സ്പോർട്സിെന്റ വിദേശ യൂനിറ്റുകൾ ഈ രീതിയിൽതന്നെയാണോ ബിസിനസ് ചെയ്യുന്നത് എന്ന് തെളിയിക്കാൻ ആവശ്യമായ രേഖകൾ കമ്പനി നൽകിയിട്ടില്ലെന്നാണ് സെബിയുടെ വാദം. അഥവാ, മറ്റുള്ളവരുടെ സ്വർണം ശുദ്ധീകരിച്ച് അവർക്ക് തന്നെ നൽകുകയാണ് ചെയ്യുന്നതെങ്കിൽ അതിന് കിട്ടുന്ന ചെറിയ കമീഷൻ മാത്രമായിരിക്കും വരുമാനക്കണക്കിൽപ്പെടുക. ഇതിൽ വ്യക്തത വരാത്തിടത്തോളം നിക്ഷേപകരുടെ ആശങ്ക തുടരും.



സെബിയുടെ പ്രധാന ആരോപണങ്ങൾ

കമ്പനി 2021-2025 കാലയളവിൽ ഏകദേശം 15.15 ലക്ഷം കോടി രൂപയുടെ വരുമാനം തെറ്റായി കാണിച്ചു

സ്വിസ് അനുബന്ധ സ്ഥാപനമായ വൽകാംബി എസ്.എയുടെ വൻ വരുമാന കണക്കുകൾ അവിടത്തെ രേഖകളുമായി പൊരുത്തപ്പെടുന്നില്ല

വൽകാംബിയുടെ അക്കൗണ്ടുകളിൽ കാണുന്ന വരുമാനവും രാജേഷ് എക്സ്പോർട്സ് ഗ്രൂപ്പിന്റെ സംയോജിത വരുമാനവും തമ്മിൽ വലിയ പൊരുത്തക്കേട്

ചില ഇടപാടുകൾ യഥാർഥമാണോ എന്ന് സ്ഥിരീകരിക്കാൻ ആവശ്യമായ രേഖകൾ ലഭിച്ചില്ല

ചില ഇടപാടുകൾ കൃത്രിമമായിരിക്കാം

കമ്പനിയുടെ ഫണ്ടുകൾ വ്യക്തിപരമായ ട്രേഡിങ്ങിന് ഉപയോഗിച്ചു

കമ്പനിയുടെ നിലപാട്

കമ്പനിയുടെ വരുമാന കണക്കുകൾ യഥാർഥമാണ്

സ്വിസ് യൂനിറ്റായ വൽകാംബിയുടെ ബിസിനസ് മാതൃകയെ സെബി തെറ്റായി മനസ്സിലാക്കി

സ്വന്തമായി സ്വർണം വാങ്ങി ശുദ്ധീകരിച്ച് വിൽപന നടത്തുകയാണ് വൽകാംബി ചെയ്യുന്നത്

അതിനാൽ, വില ഉൾപ്പെടെ മുഴുവൻ തുകയും വരുമാനമായി കാണിക്കാൻ കഴിയും

വരുമാനം സംബന്ധിച്ച എല്ലാ രേഖകളും സെബിക്ക് നൽകി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:exportsbuisness newsKerala
News Summary - Is Rajesh Exports another bubble about to burst?
Next Story