റെക്കോർഡ് ഉയരത്തിൽ നിന്ന് അതിവേഗ വീഴ്ച; നിക്ഷേപകർക്ക് നഷ്ടമായത് 14 ലക്ഷം കോടി
text_fieldsമുംബൈ: റെക്കോർഡ് ഉയരത്തിൽ നിന്നും അതേ വേഗതയിൽ ഓഹരി വിപണി താഴേക്ക് പതിച്ചതോടെ നിക്ഷേപകർക്കുണ്ടായത് വൻനഷ്ടം. ഒക്ടോബർ 19നായിരുന്നു വിപണികൾ റെക്കോർഡുകൾ ഭേദിച്ച് മുന്നേറിയത്. സെൻസെക്സ് 62,245 പോയിന്‍റിലും നിഫ്റ്റി 18,064 പോയിന്‍റിലുമാണ് അന്ന് വ്യാപാരം അവസാനിപ്പിച്ചത്. അതിന് ശേഷം ഇരു സൂചികകളും എട്ട് ശതമാനം ഇടിഞ്ഞു. നിക്ഷേപകർക്ക് നഷ്ടമായത് ഏകദേശം 14 ലക്ഷം കോടി.
ഒക്ടോബർ 19ന് സെൻസെക്സിന്റെ വിപണിമൂലധനം 2,74,69,606.93 കോടിയായിരുന്നു. എന്നാൽ, ഇന്ന് അത് 2,60,81,433.97 കോടിയിലെത്തി. ഇരു സൂചികകളും രണ്ട് ശതമാനമാണ് ഇടിഞ്ഞത്. 1400 പോയിന്‍റ് ഇടിവാണ് സെൻസെക്സിൽ രേഖപ്പെടുത്തിയത്. നിഫ്റ്റി 400 പോയിന്‍റും ഇടിഞ്ഞു.വിപണിയിൽ എല്ലാ സെക്ടറുകൾക്കും തകർച്ച നേരിട്ടു. ഏറ്റവും കൂടുതൽ ഇടിഞ്ഞത് ബി.എസ്.ഇ മെറ്റൽ ഇൻഡക്സായിരുന്നു. 13.6 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. എനർജിയും ഇരട്ടയക്കത്തിന്‍റെ നഷ്ടം രേഖപ്പെടുത്തി.
ബി.എസ്.ഇ ബാങ്ക്എക്സ്(8.2), ഫിനാൻസ്(7.37), എഫ്.എം.സി.ജി(7.04), ബി.എസ്.ഇ ഐ.ടി(6.68), ബി.എസ്.ഇ ഓയിൽ&ഗ്യാസ്(6.1), ബി.എസ്.ഇ ഓട്ടോ(6.01), ബി.എസ്.ഇ റിയാലിറ്റി(5.74) എന്നിങ്ങനെയാണ് വിവിധ സെക്ടറുകളിലെ നഷ്ടം. ബി.എസ്.ഇ മിഡ്ക്യാപ്പും സ്മോൾ ക്യാപ്പും യഥാക്രമം 5.65 ശതമാനവും 4.6 ശതമാനവും ഇടിഞ്ഞു.
വിവിധ രാജ്യങ്ങളുടെ കേന്ദ്രബാങ്കുകൾ പലിശനിരക്ക് ഉയർത്താനുള്ള സാധ്യത, പണപ്പെരുപ്പം, കോവിഡ് തുടങ്ങിയവയാണ് വിപണിയെ സ്വാധീനിക്കുന്നത്. ദക്ഷിണാഫ്രിക്കയിൽ പുതിയ കോവിഡ് വകഭേദം കണ്ടെത്തിയത് സ്ഥിതി സങ്കീർണമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

