വില ഇനിയും കുറയുമെന്ന് ഭീതി; പഴയ സ്വർണാഭരണങ്ങൾ വിറ്റഴിച്ച് ഇന്ത്യക്കാർ
text_fieldsന്യൂഡൽഹി: റെക്കോർഡ് നിരക്കുകൾ തൊട്ടതിന് ശേഷം സ്വർണവില കുറയാൻ തുടങ്ങിയതോടെ ഇനിയും കുറഞ്ഞേക്കുമെന്ന ഭീതിയിൽ കൈവശമുള്ള പഴയ ആഭരണങ്ങൾ വിറ്റ് പണമാക്കാൻ ആളുകൾ തിരക്ക് കൂട്ടുകയാണ്.
ഇന്ന് എം.സി.എക്സിൽ സ്വർണവില 10 ഗ്രാമിന് 1,44,199 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടന്നത്. എക്കാലത്തെയും ഉയർന്ന നിരക്കിനേക്കാൾ വളരെ കുറവാണിത്. ഇന്ത്യ ബുളളിയൻ ആൻഡ് ജ്വല്ലേഴ്സ് അസോസിയേഷൻ നൽകുന്ന വിവരമനുസരിച്ച്, ഏപ്രിൽ-ജൂൺ പാദത്തിൽ ഇന്ത്യൻ കുടുംബങ്ങൾ ഏകദേശം 50 ടൺ പഴയ സ്വർണമാണ് വിറ്റഴിച്ചത്. ലാഭം കൊയ്യാൻ ആളുകൾ തിരക്ക് കൂട്ടിയതോടെ മുൻവർഷത്തെ അപേക്ഷിച്ച് വിൽപനയിൽ 43 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്.
ഈ വർഷം ആദ്യം സ്വർണവില റെക്കോർഡ് ഉയരത്തിൽ എത്തിയിരുന്നെങ്കിലും സമീപ ആഴ്ചകളിൽ വിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തി. വില അതിന്‍റെ പരമാവധിയിൽ എത്തിയെന്നും ഇനി കുറയാനാണ് സാധ്യതയെന്നുമാണ് പല ഉപഭോക്താക്കളും വിപണിയെ വിലയിരുത്തുന്നത്.
"ഉയർന്ന സ്വർണവില പ്രയോജനപ്പെടുത്തി ഇന്ത്യൻ ഉപഭോക്താക്കൾ തങ്ങളുടെ ആഭരണങ്ങൾ അടിയന്തിര ആവശ്യങ്ങൾക്കുള്ള പണമാക്കി മാറ്റുകയാണ്,"ഐ.ബി.ജെ.എ നാഷണൽ സെക്രട്ടറി സുരേന്ദ്ര മേത്ത ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.
ആഗോളതലത്തിൽ സ്വർണത്തിന് മേൽ സമ്മർദം
രാജ്യാന്തര വിപണിയിലും സ്വർണവില സമ്മർദത്തിലായ പശ്ചാത്തലത്തിലാണ് വിൽക്കാനുള്ള പ്രവണത ഉണ്ടായത്. യു.എസും ഇറാനും തമ്മിലുള്ള സംഘർഷങ്ങൾ വീണ്ടും രൂക്ഷമായത് ക്രൂഡ് ഓയിൽ വില വർധിക്കാൻ കാരണമായി. ഇതോടൊപ്പം അമേരിക്കൻ ഫെഡറൽ റിസർവ് പലിശനിരക്ക് ഇനിയും വർധിപ്പിച്ചേക്കുമെന്ന ആശങ്കയും സ്വർണവില കുറയാൻ കാരണമായിട്ടുണ്ട്. തിങ്കളാഴ്ച സ്പോട്ട് ഗോൾഡ് നിരക്കുകൾ താഴ്ന്നു.
സ്വർണറീസൈക്ലിങ് മേഖല ഉണരുന്നു
പഴയ സ്വർണ വിൽപനയിലുണ്ടായ വർധനവ് ഇന്ത്യയിലെ സംഘടിത സ്വർണ്ണ റീസൈക്ലിങ് വ്യവസായത്തിന് വലിയ നേട്ടമായി മാറുന്നുണ്ട്. ലോക്കറുകളിൽ വെറുതെ കിടക്കുന്നതിന് പകരം, പഴയ ആഭരണങ്ങൾ ഔദ്യോഗിക സമ്പദ്‌വ്യവസ്ഥയിലേക്ക് തിരിച്ചെത്തുകയും അവ ശുദ്ധീകരിച്ച് തങ്കമാക്കി മാറ്റി ആഭരണ നിർമാതാക്കൾക്ക് നൽകുകയും ചെയ്യുന്നു.
ഇന്ത്യക്ക് എങ്ങനെ നിർണായകമാകുന്നു?
ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളിൽ ഒന്നാണ് ഇന്ത്യയെങ്കിലും, ആവശ്യമായ സ്വർണത്തിന്‍റെ ഭൂരിഭാഗവും രാജ്യം ഇറക്കുമതി ചെയ്യുകയാണ്. റിപ്പോർട്ടുകൾ പ്രകാരം 2026 സാമ്പത്തിക വർഷത്തിൽ ഇന്ത്യ ഏകദേശം 72.4 ബില്യൺ ഡോളറിന്‍റെ സ്വർണമാണ് ഇറക്കുമതി ചെയ്തത്. 2025-ൽ റീസൈക്കിൾ ചെയ്ത സ്വർണത്തിന്റെ വിഹിതം 125-150 ടൺ ആയിരുന്നു. നിലവിലെ പ്രവണത തുടരുകയാണെങ്കിൽ ഈ വർഷം ഇത് 200-250 ടണ്ണായി ഉയർന്നേക്കാമെന്നാണ് വ്യവസായ രംഗത്തെ വിദഗ്ദരുടെ കണക്കുകൂട്ടൽ.
ഇന്ത്യൻ കുടുംബങ്ങളുടെ കൈവശം ഏകദേശം 30,000 ടൺ സ്വർണമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. അതിനാൽ, കൃത്യമായ റീസൈക്ലിങ് സംവിധാനങ്ങളിലൂടെ രാജ്യത്തിന്റെ ഇറക്കുമതി ആശ്രിതത്വം കുറക്കാനും ഉപഭോക്താക്കൾക്ക് തങ്ങളുടെ നിഷ്ക്രിയ ആസ്തികളുടെ മൂല്യം കണ്ടെത്താനും സാധിക്കുമെന്ന് ഈ രംഗത്തുള്ളവർ വിശ്വസിക്കുന്നത്.
സ്വർണം വിൽക്കാൻ പ്ലാനുണ്ടോ?
സ്വർണ വിൽപനയിലുണ്ടായ സമീപകാല വർധന കാണിക്കുന്നത് റെക്കോർഡ് വിലക്കയറ്റത്തിന് ശേഷം ലാഭമെടുക്കാൻ പല കുടുംബങ്ങളും ആഗ്രഹിക്കുന്നു എന്നാണ്. എന്നാൽ, താൽക്കാലികമായ വില വ്യതിയാനങ്ങൾ നോക്കുന്നതിന് പകരം വ്യക്തിപരമായ സാമ്പത്തിക ആവശ്യങ്ങൾ മുൻനിർത്തി വേണം സ്വർണം വിൽക്കാനുള്ള തീരുമാനം എടുക്കേണ്ടതെന്നാണ് സാമ്പത്തിക വിദഗ്ദരുടെ ഉപദേശം.
ഇനി ഒട്ടും ഉപയോഗിക്കാത്ത പഴയ ആഭരണങ്ങൾ കൈവശമുള്ളവർക്ക്, അത് പണമാക്കി മാറ്റാൻ നിലവിലെ വില വലിയൊരു അവസരമാണ് നൽകുന്നത്. എന്നാൽ ദീർഘകാല നിക്ഷേപകരെ സംബന്ധിച്ചിടത്തോളം, പണപ്പെരുപ്പം, ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങൾ, വിപണിയിലെ ഇടിവ് എന്നിവയിൽ നിന്നുള്ള മികച്ച സുരക്ഷാ കവചമായി സ്വർണം എപ്പോഴും നിലകൊള്ളുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

