Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightതിരിച്ചു വരവിന്‍റെ...

തിരിച്ചു വരവിന്‍റെ സൂചനകൾ നൽകി ഇന്ത്യൻ ഓഹരി വിപണി

text_fields
bookmark_border
Stock Market
cancel

കൊച്ചി: രണ്ടാഴ്‌ച്ച നീണ്ട സാങ്കേതിക തിരുത്തലുകൾക്ക്‌ ശേഷം ഇന്ത്യൻ ഓഹരി ഇൻഡക്‌സുകൾ തിരിച്ചു വരവിന്‌ വീണ്ടും തയ്യാറെടുപ്പ്‌ തുടങ്ങി. ഒരു ശതമാനം പ്രതിവാരം നേട്ടം കൈവരിച്ച ഓഹരി സൂചിക ഈ വാരം കൂടുതൽ മികവ്‌ കാണിക്കുമെന്ന വിശ്വാസത്തിലാണ്‌ നിഷേപകർ. സെൻസെക്‌സ്‌ 589 പോയിൻറ്റും നിഫ്‌റ്റി സൂചിക 170 പോയിൻറ്റും കഴിഞ്ഞവാരം ഉയർന്നു.

ഒമിക്രോൺ ആശങ്ക ആഗോള തലത്തിൽ തല ഉയർത്തുന്നതിനാൽ വാരാന്ത്യം യുറോപ്യൻ മാർക്കറ്റുകളിലും യു എസ്‌ വിപണിയിലും ഫണ്ടുകൾ ലാഭമെടുപ്പിന്‌ മുൻ തൂക്കം നൽകി. അതേ സമയം ഏഷ്യൻ ഓഹരി വിപണികളിൽ ഹോങ്‌ങ്കോങ്‌ ഒഴിക്കെ മറ്റ്‌ പ്രമുഖ ഇൻഡക്‌സുകൾ എല്ലാം നേട്ടത്തിലാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌. അനുകുല വാർത്തകൾ പോയവാരം ഇന്ത്യൻ മാർക്കറ്റിന്‌ നേട്ടമായി. മെച്ചപ്പെട്ട ജി.ഡി.പിയും മാനുഫാക്ചറിംഗ് പി.എം.ഐയും വിപണിയെഉയർത്തുന്നതിൽ മുഖ്യ പങ്ക്‌ വഹിച്ചു.

ആഭ്യന്തര വിപണിയിൽ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലയിൽ കാര്യമായ മാറ്റമില്ലെങ്കിലും രാജ്യാന്തര മാർക്കറ്റിൽ ക്രൂഡ്‌ ഓയിൽ വില വീണ്ടും കുറഞ്ഞത്‌ ബുൾ ഇടപാടുകാരുടെ ആത്‌മവിശ്വാസം ഉയർത്തും. ഈവാരം നടക്കുന്ന ആർ.ബി.ഐ വായ്‌പാ അവലോകന യോഗത്തെ ഉറ്റ്‌ നോക്കുകയാണ്‌ സാമ്പത്തിക മേഖല. പലിശ നിരക്കുകളിൽ ഭേദഗതികൾക്ക്‌ റിസർവ്‌ തയ്യാറാവുമോ, അതോ കഴിഞ്ഞ ഏതാനും യോഗങ്ങളിൽ സ്വീകരിച്ച അതേ നിലപാടിൽ തുടരുമോയെന്നതിനെ ആശ്രയിച്ചാവും വാരത്തിന്‍റെ രണ്ടാം പകുതിയിൽ ഓഹരി സൂചികയുടെ ചാഞ്ചാട്ടം.

നിലവിൽ റിപ്പോ നിരക്ക്‌ നാല്‌ ശതമാനത്തിലും റിവേഴ്‌സ്‌ റിപ്പോ നിരക്ക്‌ 3.35 ശതമാനവുമാണ്‌. ഓവർ വെയിറ്റായി മാറിയ ഇന്ത്യൻ മാർക്കറ്റിൽ വിദേശ ഫണ്ടുകളും ബ്രോക്കറേജുകളും കനത്തതോതിലുള്ള ലാഭമെടുപ്പിന്‌ നവംബറിൽ ഉത്സാഹിച്ചു. ഡിസംബർ തുടങ്ങിയിട്ടും അവർ വിൽപ്പനയിൽ നിന്നും പിൻമാറിയിട്ടില്ല.

പോയവാരത്തിലും എല്ലാ ദിവസങ്ങളിലും വിദേശ ഫണ്ടുകൾ വിൽപ്പനക്കാരായി നിലകൊണ്ടു, മൊത്തം 15,809 കോടി രൂപയുടെ ഓഹരികൾ അവർ വിറ്റഴിച്ചു, അതേ സമയം വിപണിക്ക്‌ ശക്തമായ പിൻതുണ നൽകി 16,450 കോടി രൂപ വിലമതിക്കുന്ന ഓഹരികളാണ്‌ ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ വാങ്ങി കൂട്ടിയത്‌.

മുൻ നിര രണ്ടാം നിര ഓഹരികളായ ടി.സി.എസ്‌, വിപ്രോ, എച്ച്‌.സി.എൽ, ഇൻഫോസിസ്‌, ടാറ്റാ മോട്ടേഴ്‌സ്‌, എസ്‌.ബി.ഐ, എച്ച്‌.ഡി.എഫ്‌.സി, എച്ച്‌.ഡി.എഫ്‌.സി ബാങ്ക്‌, ഐ.ഒ.സി, ബി.പി.സി.എൽ, ഹിൻഡാൽക്കോ, മാരുതി, ടാറ്റാ സ്‌റ്റീൽ, കോൾ ഇന്ത്യ തുടങ്ങിയവ നിക്ഷപ താൽപര്യത്തിൽ മുന്നേറിയപ്പോൾ ഫണ്ടുകളുടെ വിൽപ്പന മൂലം സൺ ഫാർമ്മ, ഡോ: റെഡീസ്‌,സിപ്ല, ഏയർടെൽ, എം ആൻറ്‌ എം, ഐ.ടി.സി, ബജാജ്‌ ഓട്ടോ തുടങ്ങിയവയ്‌ക്ക്‌ തിരിച്ചടിനേരിട്ടു.

ബോംബെ സെൻസെക്‌സ്‌ വാരത്തിന്‍റെ തുടക്കത്തിൽ മികവിലായിരുന്നു. മുൻവാരത്തിലെ 57,107 പോയിൻറ്റിൽ നിന്ന്‌ നേരിയ ചാഞ്ചാട്ടങ്ങൾ കാഴ്‌ച്ചവെച്ച്‌ നീങ്ങിയ സൂചിക ഒരവസരത്തിൽ 58,757 ലേയ്‌ക്ക്‌ ഉയർന്ന ശേഷം മാർക്കറ്റ്‌ ക്ലോസിങിൽ 57,696 പോയിൻറ്റിലാണ്‌. ഈവാരം സെൻസെക്‌സിന്‌ 58,625 ലും 59,550 ലും പ്രതിരോധം നിലനിൽക്കുന്നു, വിൽപ്പന സമ്മർദ്ദമുണ്ടായാൽ56,900‐56,100 ൽ താങ്ങ്‌ പ്രതീക്ഷിക്കാം.

നിഫ്‌റ്റി സൂചിക താഴ്‌ന്ന നിലവാരമായ 16,972 പോയിന്‍റിൽ നിന്നും 17,489 വരെ ഉയർന്ന ശേഷം വ്യാപാരാന്ത്യം 17,196 പോയിന്‍റിലാണ്‌. വിദേശ ഫണ്ടുകൾ ഡോളറിനായി ഉത്സാഹിച്ചത്‌ മൂലം രൂപയുടെ മൂല്യം വീണ്ടും കുറഞ്ഞു. രൂപ 74.87 ൽ നിന്ന്‌ 75.23 ലേയ്‌ക്ക്‌ഇടിഞ്ഞു.

രാജ്യാന്തര മാർക്കറ്റിൽ ക്രൂഡ്‌ ഓയിലിനെ ബാധിച്ച മാന്ദ്യം തുടരുന്നു. പിന്നിട്ടവാരം എണ്ണ വില രണ്ടര ശതമാനം ഇടിഞ്ഞു. ക്രൂഡ്‌ വില ബാരലിന്‌ 76 ഡോളറിൽ നിന്ന്‌ 67 ലേയ്‌ക്ക്‌ഇടിഞ്ഞ ശേഷം വാരാവസാനം 70 ഡോളറിലാണ്‌.

Show Full Article
TAGS:sensex nifty 
News Summary - Indian Stock market review
Next Story