Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightതുടർച്ചയായ നാലാം...

തുടർച്ചയായ നാലാം വാരത്തിലും തിളക്കം നിലനിർത്തി സൂചിക

text_fields
bookmark_border
Stock Market, union budget 2023, Union Budget of India
cancel

കൊച്ചി: ആഗോള ഓഹരി വിപണികളിൽ അലയടിച്ച ബുൾ തരംഗത്തിൽ ഇന്ത്യൻ മാർക്കറ്റ്‌ ഒരു വർഷത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് ഉയർന്നു. തുടർച്ചയായ നാലാം വാരത്തിലും തിളക്കം നിലനിർത്തിയ ഇൻഡക്‌സുകൾ ഒരു ശതമാനത്തിലധികം പ്രതിവാര നേട്ടം കൈവരിച്ചു. ബോംബെ സെൻസെക്‌സ്‌ 844 പോയിൻറ്റും നിഫ്‌റ്റി സൂചിക 232 പോയിൻറ്റും വർദ്ധിച്ചു.

യു എസ്‌ ഫെഡ്‌ റിസർവ്‌ തിരക്കിട്ടുള്ള പലിശ നിരക്ക്‌ വർദ്ധനയിൽ നിന്നും താൽക്കാലികമായി പിന്നോക്കം മാറുമെന്ന സൂചന അമേരിക്കാൻ ഓഹരി വിപണികളെ മാത്രമല്ല, യുറോപ്‌, ഏഷ്യൻ വിപണികളെയും സജീവമാക്കി. പിന്നിട്ട ഏതാനും മാസങ്ങളായി കേന്ദ്ര ബാങ്കുകൾ നാണയപ്പെരുപ്പം പിടിച്ച്‌ നിർത്താൻ അടിക്കടി പലിശ നിരക്ക്‌ ഉയർത്തി. ഇത്‌ സാമ്പത്തിക മേഖലയുടെ മുന്നേറ്റത്തിന്‌ ഭീഷണിയായ ഘട്ടത്തിലാണ്‌ ഫെഡ്‌ റിസർവിൽ നിന്നും അനുകുല സൂചനകൾ പുറത്തുവന്നത്‌.

ചൈന ക്വാറന്റൈൻ കാലയളവ് വെട്ടിക്കുറച്ച വിവരം ഹോങ്കോംഗ് ഓഹരി സൂചികയായ ഹാൻസെങിൽ പ്രതിഫലിച്ചു. വെളളിയാഴ്‌ച്ച ഒറ്റ ദിവസം സൂചിക എഴ്‌ ശതമാനം ഉയർന്നു. സിംഗപ്പുർ, കൊറിയ, ചൈനീസ്‌ മാർക്കറ്റുകളും നേട്ടത്തിൽ തിളങ്ങിയതോടെ ബോംബെ സെൻസെക്‌സ്‌ വാരാന്ത്യ ദിനം 1181 പോയിൻറ്റ്‌ വർദ്ധിച്ചു.

തൽക്കാലം പുതിയ പലിശ ഭാരത്തിൽ നിന്നും ആശ്വാസം ലഭിക്കുമെന്ന സൂചന ആഗോള തലത്തിൽ നിക്ഷേപകർക്ക്‌ ആശ്വാസം പകരും. ഇന്ത്യയിൽ തുടർച്ചയായി വിൽപ്പനയ്‌ക്ക്‌ മത്സരിച്ച ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ വെളളിയാഴ്‌ച്ച ഓഹരികൾ ശേഖരിക്കാൻ തിരിച്ചെത്തി. അവരുടെ മനം മാറ്റം വിരൽ ചുണ്ടുന്നത്‌ ബുൾ തരംഗത്തിന്‌ ആയുസ്‌ വർധിപ്പിക്കുമെന്നതാണ്. വിദേശ ഓപ്പറേറ്റർമാർ പിന്നിട്ടവാരം 6330 കോടി രൂപയുടെ ഓഹരികൾ വാങ്ങി. നവംബറിൽ അവർ ഇതിനകം 16,669 കോടി രൂപ നിക്ഷേപിച്ചു.

മുൻ നിര ഓഹരികളിലെ വാങ്ങൽ താൽപര്യം ഓഹരി ഇൻഡക്‌സുകളുടെ അടിത്തറയ്‌ക്ക്‌ ശക്തിപകരുന്നുണ്ട്‌. എച്ച്‌.ഡി.എഫ്‌. സി ബാങ്ക്‌ ഓഹരി വില 7.6 ശതമാനം വർദ്ധിച്ച്‌ 1610 രൂപയായി. എച്ച്‌.ഡി.എഫ്‌ സി 6.5 ശതമാനം നേട്ടവുമായി 2651 രൂപയായി. എസ്‌.ബി.ഐ, ഐ.സി.ഐ.സി.ഐ ബാങ്ക്‌, ഇൻഫോസിസ്‌, ടി.സി.എസ്‌, വിപ്രോ, എച്ച്‌.സി.എൽ ടെക്‌, ടെക്‌ മഹീന്ദ്ര, ആർ.ഐ.എൽ, ഐ.ടി.സി, ഡോ: റെഡീസ്‌, ‌എയർടെൽ, ടാറ്റാ സ്‌റ്റീൽ തുടങ്ങിയവയിൽ നിക്ഷേപകർ പിടിമുറുക്കി. അതേ സമയം ഇടപാടുകാർ ലാഭമെടുപ്പിന്‌ കാണിച്ച ഉത്സാഹം മാരുതി, എൽ ആൻറ്‌ ടി, എച്ച്‌.യു.എൽ, സൺ ഫാർമ്മ ഓഹരികളെ തളർത്തി.

ബോംബെ സെൻസെക്‌സ്‌ 60,950 പോയിന്റിൽ നിന്നും നേട്ടത്തോടെയാണ് പിന്നിട്ടവാരം ഇടപാടുകൾ ആരംഭിച്ചത്‌. വാരമധ്യത്തിലെ പ്രോഫിറ്റ്‌ ബുക്കിങിൽ സൂചിക 60,445 പോയിന്റിലേയ്‌ക്ക്‌ തളർച്ച ശേഷമുള്ള തിരിച്ചു വരവിൽ ഇരട്ടി വീര്യമായി സെൻസെക്‌സ്‌ 61,840 പോയിൻറ്റ്‌ വരെ ഉയർന്നു. വാരാന്ത്യം സൂചിക 61,795 പോയിൻറ്റിലാണ്‌. അനുകൂല തരംഗം നിലനിന്നാൽ സെൻസെക്‌സ്‌ 62,275 നെ ലക്ഷ്യമാക്കി നീങ്ങും. ഈ തടസം മറിടകന്നാൽ പുതിയ നിക്ഷേപകരുടെ വരവിൽ സൂചിക 62,750 ലേയ്‌ക്ക്‌ ഉയരാം. 60,888 ൽ വിപണിക്ക്‌ താങ്ങ്‌ നിലവിലുണ്ട്‌.

നിഫ്‌റ്റി സൂചിക 18,350 ന്‌ മുകളിൽ കരുത്ത്‌ കാണിച്ച ആവേശത്തിലാണ്‌. മുൻവാരത്തിലെ 18,117 ൽ നിന്നും വാരത്തിൻറ്റ ആദ്യ പകുതിയിൽ 17,976 ലേയ്‌ക്ക്‌ താഴ്‌ന്നങ്കിലും പിന്നീട്‌ ഫണ്ടുകളുടെ തിരിച്ചു വരവിൽ മുൻ വാരം സൂചിപ്പിച്ച 18,200‐18,300 റേഞ്ചിൽ വൻ കടമ്പകൾ തകർത്ത്‌ 18,362 വരെ ഉയർന്നു.

മാർക്കറ്റ്‌ ക്ലോസിങിൽ നിഫ്‌റ്റി 18,349 പോയിന്റിലാണ്‌. ഒക്‌ടോബർ മധ്യത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയായ 83.29 ലേയ്‌ക്ക്‌ യു എസ്‌ ഡോളറിന്‌ മുന്നിൽ ഇടിഞ്ഞ രൂപയുടെ മൂല്യം ചുരുങ്ങിയ ദിവസങ്ങളിൽ ശക്തമായ തിരിച്ചു വരവ്‌ കാഴ്‌ച്ചവെച്ചു. ഡോളർ സൂചികയിലെ തളർച്ചയും ആർ.ബി.ഐ ഉയർന്ന അളവിൽ കരുതൽ ധനം വിൽപ്പനയ്‌ക്ക്‌ ഇറക്കിയ ഫലമായി രൂപയുടെ 80.80 ലേയ്‌ക്ക്‌ കരുത്ത്‌ നേടി.

പലിശ നിരക്കുകൾ തൽക്കാലം സ്‌റ്റെഡിയായി തുടരുമെന്ന സൂചനകൾ നിക്ഷേപകരെ ആഗോള സ്വർണ വിപണിയിലേയ്‌ക്ക്‌ ആകർഷിച്ചു. ട്രോയ്‌ ഔൺസിന്‌ 1683 ഡോളറിൽ ഓപ്പൺ ചെയ്‌ത മഞ്ഞലോഹം 1773 ഡോളർ വരെ ഉയർന്നു. വിപണി 1800 ലെ പ്രതിരോധം മറികടക്കാനുള്ള ഒരുക്കത്തിലാണ്‌. വാങ്ങൽ താൽപര്യം ശക്തമായാൽ 1840 ഡോളർ വരെ സ്വർണം തിളങ്ങാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sensexnifty
News Summary - Indian stock market review
Next Story