ഇന്ത്യ-ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാർ ഇന്ന് പ്രാബല്യത്തിൽ
text_fieldsപ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഇന്ത്യയും ബ്രിട്ടനുമായുള്ള സ്വതന്ത്ര വ്യാപാര കരാർ ഇന്ന് പ്രാബല്യത്തിൽ. ഇന്ത്യ കയറ്റുമതി ചെയ്യുന്ന 99 ശതമാനം ഇനങ്ങൾക്കുള്ള തീരുവ ബ്രിട്ടൻ ഘട്ടം ഘട്ടമായി ഒഴിവാക്കുമ്പോൾ പകരം ബ്രിട്ടനിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന 90 ശതമാനം ഉൽപന്നങ്ങളുടെയും തീരുവ ഇന്ത്യയും കുറക്കും. കർഷകർക്ക് ദോഷകരമാകാതിരിക്കാൻ ക്ഷീരമേഖല, പച്ചക്കറി, ആപ്പിൾ, ഭക്ഷ്യയെണ്ണ, അരി എന്നിവക്കുള്ള തീരുവ ഇന്ത്യ കുറച്ചില്ല.
10 വർഷത്തിനുള്ളിൽ 85 ശതമാനവും തീരുവരഹിതമാകും. 20 ശതമാനം വരെയായിരുന്ന സമുദ്രോൽപന്ന തീരുവ പൂജ്യമാകുന്നതും സുഗന്ധവ്യഞ്ജനങ്ങളുടെ തീരുവ ഒഴിവാക്കുന്നതും കേരളത്തിന് നേട്ടമാകും. ജാഗ്വർ ലാൻഡ് റോവർ, ആസ്റ്റൻ മാർട്ടിൻ, റോൾസ് റോയ്സ് തുടങ്ങിയവയുടെ വിലയിൽ ഗണ്യമായ കുറവുണ്ടാക്കുന്ന തരത്തിൽ ബ്രിട്ടനിൽ നിന്നുള്ള ആഡംബര വാഹന ഇറക്കുമതി തീരുവ 110 ശതമാനം വരെയായിരുന്നത് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 10 ശതമാനമായി ഇന്ത്യ കുറക്കും.
ബ്രിട്ടനിൽ നിന്നുള്ള സ്കോച്ച് വിസ്കിക്കും (ബ്ലെൻഡഡ് അടക്കം) ജിന്നിനും അടുത്ത 10 വർഷത്തിനുള്ളിൽ 150 ശതമാനത്തിൽ നിന്ന് 40 ശതമാനമായി തീരുവ കുറയും. ബ്രാണ്ടി, റം, വോഡ്ക, തുടങ്ങിയവയുടെ തീരുവ 150 ശതമാനമായിരുന്നത് 75 ശതമാനമായും കുറയും.
ഇന്ത്യൻ കമ്പനിയിലെ ജീവനക്കാരെ അതേ കമ്പനിയുടെ ബ്രിട്ടീഷ് ശാഖയിലേക്കു മാറ്റുമ്പോൾ മൂന്ന് വർഷത്തെ വിസ ലഭിക്കും. ജീവനക്കാർക്കു പുറമെ ജീവിതപങ്കാളിക്കും തൊഴിൽവിസ ലഭിക്കും. ബ്രിട്ടനിലേക്ക് ജോലി ആവശ്യങ്ങൾക്കായി പോകുന്ന ഇന്ത്യക്കാർക്ക് ബാധകമായ സാമൂഹിക സുരക്ഷാ നികുതിയുടെ കാലയളവും വർധിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ ഷെഫുമാർ, യോഗ അധ്യാപകർ, ശാസ്ത്രീയ സംഗീതജ്ഞർ എന്നിവർക്ക് ബ്രിട്ടനിലേക്ക് പോകാൻ താൽക്കാലിക അവസരം ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

