കശുവണ്ടിപരിപ്പ് തീറ്റയിൽ സായിപ്പന്മാരെ കടത്തിവെട്ടി ഇന്ത്യക്കാർ
text_fieldsകശുവണ്ടിപരിപ്പ് കൊറിക്കുന്ന ശീലം സായിപ്പന്മാർക്ക് മാത്രമല്ല. ഇപ്പോൾ നമ്മുടെ നാട്ടിലും നാട്ട് നടപ്പാണ്. കശുവണ്ടിപ്പരിപ്പ് കൊറിച്ച് കൊറിച്ച് സായിപ്പന്മാരെ ഒക്കെ കടത്തിവെട്ടിയിരിക്കുകയാണ് നമ്മുടെ നാട്ടുകാർ. ലോകത്ത് ഏറ്റവും വലിയ കശുവണ്ടി ഉപഭോഗ രാജ്യമാണ് ഇപ്പോൾ ഇന്ത്യ. ചായക്കൊപ്പം കഴിച്ചിരുന്ന എണ്ണ പലഹാരങ്ങളൊക്കെ മാറ്റിവച്ച് കശുവണ്ടി പരിപ്പ് കൊറിക്കുന്ന ശീലത്തിലേക്ക് നമ്മളും എത്തി. ഇത്തിരിയും ഇമ്മിണിയുമൊന്നുമല്ലല്ലോ നമ്മുടെ ജനസംഖ്യ. നമ്മളിൽ ഇത്തിരിപേർക്ക് ഒന്ന് കൊറിക്കണമെങ്കിൽ ഇമ്മിണിയൊന്നും പോരല്ലോ സാധനം. അതാണ് സായിപ്പന്മാരെ അതിശയിപ്പിക്കുന്ന അളവിൽ കൊറിക്കുന്ന നിലയിലേക്ക് നമ്മളെ എത്തിച്ചത്. ഇന്ത്യൻ കുടുംബങ്ങളുടെ വാങ്ങൽ ശേഷി (സാമ്പത്തിക സ്ഥിതി) യിലുണ്ടായ മെച്ചമാണ് കശുവണ്ടി ഉപഭോഗത്തിലെ വർധന സൂചിപ്പിക്കുന്നത്. മുമ്പ് കശുവണ്ടി കയറ്റുമതിയിൽ ലോക നമ്പർ വൺ സ്ഥാനത്ത് കയറി നിന്നിരുന്ന ഇന്ത്യയെ വിയറ്റ്നാം അവിടുന്ന് ഇറക്കിവിട്ടിട്ട് നാളുകൾ കുറച്ചായി. വിയറ്റ്നാമിന്‍റെ കടന്നുവരവ് നമ്മുടെ കശുവണ്ടി വ്യവസായത്തെയും അതിൽ പണിയെടുക്കുന്ന തൊഴിലാളികളെയും ബാധിക്കുന്ന അവസ്ഥയിലേക്ക് എത്തിനിൽകുന്നു. നമ്മുടെ നാട്ടിലെ കശുവണ്ടിപ്പരിപ്പ് തൊഴിലാളികൾ കൈകൊണ്ട് തല്ലിയെടുത്ത് ഉണ്ടാക്കുന്നതാണ്. അതാണ് നമ്മുടെ പ്ലസ്. വിയറ്റ്നാം മെഷീൻ പ്രോസസ്ഡ് കശുവണ്ടി വിപണിയിലിറക്കുന്നു. അതിനാൽ അതിന് വിലയും കുറവാണ്. അവർ ലോക കമ്പോളം കൈയ്യടക്കുന്നത് കണ്ട് അന്തംവിട്ട് നിൽകുകയാണ് നമ്മുടെ വ്യവസായികൾ.
കളം കൈയടക്കി വിയറ്റ്നാം
‘ലോകത്തിന്‍റെ കശുവണ്ടി തലസ്ഥാനം’ എന്നറിയപെട്ടിരുന്നത് കൊല്ലം ജില്ലയാണ്. അത് പഴങ്കഥയാക്കിയിരിക്കുകയാണ് വിയറ്റ്നാം. ലോക കശുവണ്ടിപരിപ്പ് ഉൽപാദനത്തിന്‍റെ 80 ശതമാനവും വിയറ്റ്നാമിലാണ് നടക്കുന്നത്. കശുവണ്ടി തല്ലിപ്പൊളിച്ച് പരിപ്പാക്കി മാറ്റുന്ന സംസ്കരണ വിപണിയിൽ ഇന്ത്യയ്ക്ക് 36.5% വിഹിതമേ ഇപ്പോഴുള്ളൂ. ഇന്ത്യയുടെ കശുവണ്ടി പരിപ്പ് കയറ്റുമതി വിഹിതം ആഗോള വിപണിയിൽ ഏകദേശം 8% ആയി ചുരുങ്ങി. വിയറ്റ്നാമിന്‍റെ കടന്നുകയറ്റവും ഇന്ത്യയിലെ ആഭ്യന്തര വിപണിയിൽ കശുവണ്ടിയുടെ ഉപയോഗം വൻതോതിൽ വർധിച്ചതുമാണ് കയറ്റുമതി വിഹിതം കുറയാൻ കാരണം. 2026 ജനുവരി മുതൽ ആഗസ്റ്റ് വരെയുള്ള മാസങ്ങളിൽ മാത്രം വിയറ്റ്നാം 4,74,000 ടൺ കശുവണ്ടിപ്പരിപ്പ് കയറ്റുമതി ചെയ്തു. വിയറ്റ്നാമിൽ നിന്നുള്ള കശുവണ്ടി ഏറ്റവും കൂടുതൽ വാങ്ങുന്നത് ചൈന, അമേരിക്ക എന്നീ രാജ്യങ്ങളാണ്. ഇതിൽ ചൈനയാണ് ഇപ്പോൾ വിയറ്റ്നാമിന്‍റെ ഏറ്റവും വലിയ കശുവണ്ടി വിപണി.
ഇന്ത്യക്കാർ തിന്നത് 425821.06 മെട്രിക് ടൺ പരിപ്പ്
ആഗോളതലത്തിൽ കഴിക്കുന്ന ആകെ കശുവണ്ടി പരിപ്പിന്‍റെ 30.5% ഇന്ത്യക്കാരാണ് ഉപയോഗിക്കുന്നത്. 2025 - 26 വർഷം ഇന്ത്യയുടെ ആഭ്യന്തര കശുവണ്ടിപ്പരിപ്പ് ഉപഭോഗം 425821.06 മെട്രിക് ടണ്ണാണ്. കയറ്റുമതി ചെയ്തത് 6816.91മെട്രിക് ടൺ മാത്രമാണ്. കശുവണ്ടിപരിപ്പ് തീറ്റയിൽ നേരത്തെ ഒന്നാമതായിരുന്ന അമേരിക്കക്കാരുടെ സ്ഥാനം ഇപ്പോൾ ചൈനക്കും പിറകിലാണ്. 2025-ൽ ചൈന അമേരിക്കയെ മറികടന്ന് വിയറ്റ്‌നാമിന്‍റെ ഏറ്റവും വലിയ കശുവണ്ടി കയറ്റുമതി വിപണിയായി മാറി. ചൈനയിൽ നിന്നുള്ള വിയറ്റ്നാമിന്‍റെ വിറ്റുവരവ് 1.115 ബില്യൺ ഡോളറിലെത്തി. അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി ഉൽപാദനത്തിന്‍റെ 3% മായി ചുരുങ്ങി. ഇന്ത്യ ഏറ്റവുമധികം കയറ്റുമതി ചെയ്യുന്നത് മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്കാണ്.
ഇന്ത്യൻ മാർക്കറ്റിലും വിയറ്റ്നാം ഭീഷണി
ഇന്ത്യൻ മാർക്കറ്റിൽ കശുവണ്ടിപരിപ്പിന് ഡിമാൻഡ് ഏറിയതോടെ വിയറ്റ്നാം ഇവിടേക്കും കണ്ണ്വച്ച് തുടങ്ങി. വിയറ്റ്നാമിൽ സംസ്കരണം 100 ശതമാനം യന്ത്രവത്കൃതമാണ്. അതിനാൽ സംസ്കരണത്തിനിടെ പൊടിഞ്ഞുപോകുന്ന പരിപ്പിന്‍റെ അളവ് കൂടുതലാണ്. അത് പച്ചക്കറി വേസ്റ്റ്, കാലിത്തീറ്റ, കശുവണ്ടിത്തൊലി തുടങ്ങിയ ഗണത്തിൽപെടുത്തി നികുതി വെട്ടിച്ച് ഇന്ത്യൻ മാർക്കറ്റിലേക്ക് കയറ്റി അയക്കുന്നു. അതുകൂടി കൂട്ടിയാൽ ഇന്ത്യയുടെ ഉപഭോഗം 425821.06 മെട്രിക് ടൺ എന്നതിന്‍റെ 25 % കൂടി വർധിക്കുമെന്ന് കാഷ്യൂ എക്സ്പോർട് ഡവലപ്മെന്‍റ് കൗൺസിൽ ചെയർമാൻ ഡോ. ആർ.കെ. ഭൂതേഷ് മാധ്യമത്തോട് പറഞ്ഞു. വിയറ്റ്നാം പരിപ്പിന് വില വളരെ കുറവായതിനാൽ അവിടെ നിന്ന് ഇറക്കുമതി ചെയ്ത് അത് ഇവിടുത്തേത് എന്ന് പറഞ്ഞ് ഉയർന്ന വിലയിൽ കയറ്റുമതി ചെയ്യുന്നവരും ഏറിവരുന്നുണ്ട്. നമ്മുടെ സംസ്കരണ രീതിയുടെ മികവ് കൊണ്ടാണ് നമ്മുടെ പരിപ്പിന് വില കൂടുതലാണെങ്കിലും ആവശ്യക്കാരുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

