Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുതിപ്പിനൊരുങ്ങി കുരുമുളക്

text_fields
bookmark_border
കുതിപ്പിനൊരുങ്ങി കുരുമുളക്
cancel

അന്താരാഷ്‌ട്രതലത്തിൽ കുരുമുളക്‌ ലഭ്യത ചുരുങ്ങിയതോടെ ഉൽപാദന രാജ്യങ്ങൾ നിരക്ക്‌ ഉയർത്തി. അമേരിക്കയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും നിറസാന്നിധ്യം സുഗന്ധവ്യഞ്ജന വിപണിയിൽ ദൃശ്യമായ തക്കത്തിലാണ്‌ കയറ്റുമതി സമൂഹം ക്വട്ടേഷൻ നിരക്ക്‌ ഉയർത്തിയത്. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ കുരുമുളക്‌ കയറ്റുമതി ചെയ്യുന്ന വിയറ്റ്‌നാമിലെ ഗോഡൗണുകൾ പലതും ഇതിനകം ശൂന്യമായത്‌ ഇറക്കുമതിക്കാരെ അസ്വസ്ഥരാക്കുന്നു.

ഇറക്കുമതി രാജ്യങ്ങളിൽനിന്നുള്ള വർധിച്ച ഡിമാൻഡ് കണക്കിലെടുത്താൽ അന്താരാഷ്‌ട്ര മാർക്കറ്റിൽ കുരുമുളക്‌ വില ടണിന്‌ 10,000 ഡോളറിലേക്ക്‌ പ്രവേശിക്കാം. ആവശ്യം ഉയർന്നതോടെ ഉൽപാദന രാജ്യങ്ങൾ ചരക്ക്‌ കയറ്റുമതിക്ക്‌ ക്ലേശിക്കുകയാണ്‌. മലേഷ്യൻ കയറ്റുമതിക്കാർ മുളക്‌ വില ടണിന്‌ 9800 ഡോളറായി (ഏകദേശം എട്ടര ലക്ഷം രൂപ) ഉയർത്തി. അവരുടെ വെള്ള കുരുമുളക്‌ വില ടണിന്‌ 12,300 ഡോളറാണ്‌. വൈറ്റ്‌ പെപ്പറിന്‌ വിയറ്റ്‌നാമും ഇന്തോനേഷ്യയും 10,000 ഡോളറിന്‌ മുകളിൽ ആവശ്യപ്പെടുന്നു.

കൊച്ചിയിൽ പിന്നിട്ടവാരം അൺ ഗാർബ്ൾഡ്‌ കുരുമുളക്‌ വില ക്വിന്റലിന് 2200 രൂപ ഉയർന്ന്‌ 68,900 രൂപയായി. കാർഷിക മേഖലയിൽനിന്നുള്ള ചരക്ക്‌ വരവ്‌ ചുരുങ്ങിയത്‌ അന്തർസംസ്ഥാന ഇടപാടുകാരെ വിപണിയിലേക്ക്‌ അടുപ്പിച്ചു. രാജ്യാന്തരതലത്തിൽ മലബാർ മുളക്‌ വില ടണിന്‌ 8000 ഡോളറിന്‌ മുകളിലാണ്‌.

*********

ഏലക്ക സംഭരിക്കാൻ ആഭ്യന്തര വിദേശ ഇടപാടുകാർ ലേല കേ​ന്ദ്രങ്ങളിൽ സജീവമെങ്കിലും ശരാശരി ഇനങ്ങൾക്ക്‌ ലഭിക്കുന്നത്‌ കിലോ 2700 രൂപ മാത്രമാണ്‌. ഉയർന്ന താപനിലയിൽ നട്ടംതിരിയുകയാണ്‌ ഏലം കർഷകർ. ഉയർന്ന ചൂടിൽ ഏലച്ചെടികൾ കരിഞ്ഞ്‌ ഉണങ്ങുന്നത്‌ തടയാൻ പലരും ഗാർഡൻ നെറ്റുകൾ പന്തലാക്കി പ്രതിസന്ധി മറികടക്കാനുള്ള നീക്കത്തിലാണ്‌. പല ഭാഗങ്ങളിലും കുളങ്ങളും കിണറുകളും വറ്റിയത്‌ കർഷകർക്ക്‌ തിരിച്ചടിയായി. വൻകിട തോട്ടങ്ങൾ ടാങ്കർ ലോറികളിൽ വെള്ളം എത്തിക്കുന്നുണ്ട്‌. കാർഷിക ചെലവുകൾ ഉയരുന്നതിന്‌ അനുസൃതമായി ലേലത്തിൽ ഏലക്ക മുന്നേറുന്നില്ല.

*********

ഭക്ഷ്യയെണ്ണ ഇറക്കുമതിയിലെ ഇടിവ്‌ വെളിച്ചെണ്ണയുടെ റെക്കോഡ്‌ കുതിപ്പിന്‌ അവസരം ഒരുക്കി. ഫെബ്രുവരിയിൽ പാമോയിൽ ഇറക്കുമതിയിൽ 25 ശതമാനമാണ്‌ കുറഞ്ഞത്‌. കഴിഞ്ഞ മാസം പാമോയിൽ ഇറക്കുമതി 3.73 ലക്ഷം ടണിൽ ഒതുങ്ങി, 2024 ഫെബ്രുവരിയില ഇറക്കുമതി 4.97 ലക്ഷം ടണായിരുന്നു. രാജ്യത്തെ മൊത്തം ഭക്ഷ്യയെണ്ണ ഇറക്കുമതി 2020ന്‌ ശേഷമുള്ള ഏറ്റവും താഴ്‌ന്ന നിലവാരത്തിലാണ്‌. അതേസമയം, വെളിച്ചെണ്ണ വില പിന്നിട്ടവാരം ക്വിൻറലിന്‌ 1100 രൂപ വർധിച്ച്‌ സർവകാല റെക്കോഡായ 24,000 രൂപയിലും കൊപ്ര 16,000 രൂപയിലും വിപണനം നടന്നു.

*********

വ്യവസായിക മേഖലയിലെ മ്ലാനതയും അമേരിക്ക സൃഷ്‌ടിച്ച വ്യാപാര യുദ്ധവും ടയർ മേഖലയുടെ ആത്മവിശ്വാസത്തിന്‌ മങ്ങലേൽപിച്ചു. ഏഷ്യൻ ടയർ നിർമാതാക്കൾ റബർ സംഭരണത്തിൽ വരുത്തിയ കുറവ്‌ നിക്ഷേപകരെ അവധി വ്യാപാരത്തിൽനിന്ന് പിന്തിരിപ്പിച്ചു. കേരളത്തിലെ വിപണികളിൽ ഷീറ്റും ലാറ്റക്‌സും കാര്യമായി വിൽപനക്ക്‌ ഇറങ്ങിയതിനെ തുടർന്ന്‌ ടയർ കമ്പനികൾ നാലാം ഗ്രേഡ്‌ കിലോ 198 രൂപയിലേക്ക്‌ ഉയർത്തി. ഒരു വിഭാഗം കർഷകർ 200 രൂപയിലേക്ക്‌ ഷീറ്റ്‌ വില ഉയർന്ന ശേഷം വിൽപനയിലേക്ക്‌ തിരിയാമെന്ന നിലപാടിലാണ്‌.

*********

അന്താരാഷ്‌ട്ര വിപണിയിൽ സ്വർണ വില ട്രോയ്‌ ഔൺസിന്‌ 3000 ഡോളറിലേക്ക്‌ കുതിച്ചു. വാരാരംഭത്തിൽ 2880 ഡോളറിൽ നീങ്ങിയ മഞ്ഞലോഹം ശരവേഗത്തിലാണ്‌ പുതിയ ഉയരം സ്വന്തമാക്കിയത്‌. സാങ്കേതികമായി സ്വർണം ബുള്ളിഷ്‌ ട്രെൻഡിലെങ്കിലും ഉയർന്നതലത്തിൽ ലാഭമെടുപ്പിന്‌ ഫണ്ടുകൾ ഉത്സാഹിക്കുന്നു. കേരളത്തിൽ പവന്റെ വില 64,320 രൂപയിൽനിന്ന് എക്കാലത്തെയും ഉയർന്ന നിരക്കായ 65,840ലേക്ക്‌ കയറിയ ശേഷം ശനിയാഴ്‌ച 65,760 രൂപയിലാണ്‌.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Increase in Pepper price
Next Story