Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റഷ്യൻ എണ്ണ ഉപരോധം: പെട്രോളിന് വില കൂടുമോ? അറിയേണ്ട 7 കാര്യങ്ങൾ

text_fields
bookmark_border
റഷ്യൻ എണ്ണ ഉപരോധം: പെട്രോളിന് വില കൂടുമോ? അറിയേണ്ട 7 കാര്യങ്ങൾ
cancel

റഷ്യൻ എണ്ണയും പ്രകൃതിവാതകവും വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ 100 ശതമാനം വരെ താരിഫ് ഏർപ്പെടുത്താൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് അധികാരം നൽകുന്ന റഷ്യൻ ഉപരോധ ബിൽ യു.എസ് ജനപ്രതിനിധിസഭ പാസാക്കിയിരിക്കുകയാണ്. ഇതോടെ റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ക്രൂഡ് ഓയിൽ വാങ്ങൽ വീണ്ടും ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്. ബിൽ ട്രംപിന്‍റെ ഒപ്പിനായി അയച്ചിട്ടുണ്ട്.

ബില്ലിൽ ട്രംപ് ഒപ്പിട്ട് നൂറ് ശതമാനം താരിഫ് ഇന്ത്യക്കുമേൽ ചുമത്തിയാൽ അത് ഇന്ത്യയിലെ പെട്രോൾ പമ്പിലെത്തുന്ന ഒരു സാധാരണ പൗരനെ എങ്ങനെ ബാധിക്കുമെന്ന് നോക്കാം? റഷ്യൻ ക്രൂഡ് ഓയിൽ ലഭിക്കാതാകുന്നത് പെട്രോൾ വില ഒരു നിശ്ചിത തുക വർധിക്കാൻ നേരിട്ട് കാരണമാകണമെന്നില്ല. പകരം ഇന്ത്യ എവിടെ നിന്ന് എണ്ണ വാങ്ങുന്നു, ആഗോള ക്രൂഡ് ഓയിൽ വിലയിൽ എന്ത് മാറ്റമുണ്ടാകുന്നു, റിഫൈനറി മാർജിനുകൾ, രൂപ-ഡോളർ വിനിമയ നിരക്ക്, ഏറ്റവും പ്രധാനമായി സർക്കാറും എണ്ണക്കമ്പനികളും റീട്ടെയിൽ വില എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ഇതിന്റെ ആഘാതം.

ഇന്ത്യ യഥാർഥത്തിൽ എത്രത്തോളം റഷ്യൻ എണ്ണ വാങ്ങുന്നുണ്ട്?

പാശ്ചാത്യ ഉപരോധങ്ങളും ആഗോള എണ്ണ വ്യാപാരത്തിലെ മാറ്റങ്ങളും കാരണം കുറഞ്ഞ വിലയിൽ റഷ്യൻ എണ്ണ ലഭ്യമായതോടെ 2022 മുതൽ ഇന്ത്യയുടെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ സ്രോതസുകളിലൊന്നായി റഷ്യ മാറി. ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനിഷ്യേറ്റീവ് കണക്കുകൾ പ്രകാരം 2026 സാമ്പത്തിക വർഷത്തിൽ ഇന്ത്യ 4,080 കോടി ഡോളറിന്‍റെ (40.8 ബില്യൺ ഡോളർ) റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തു. ഇത് മൊത്തം ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ 30.3 ശതമാനത്തോളമാണ്.

2026 ജൂലൈ ആയപ്പോഴേക്കും ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ റഷ്യയുടെ പങ്ക് 51 ശതമാനമായി ഉയർന്നു. ഇന്ത്യ ഉപയോഗിക്കുന്ന അസംസ്കൃത എണ്ണയുടെ 88 ശതമാനത്തിലധികവും ഇറക്കുമതി ചെയ്യുന്നതിനാൽ അന്താരാഷ്ട്ര എണ്ണ വിലയിലെ മാറ്റങ്ങൾ രാജ്യത്തെ കാര്യമായി ബാധിക്കും. അതിനാൽ റഷ്യൻ വിതരണം പെട്ടെന്ന് നിലച്ചാൽ ഇന്ത്യക്ക് വൻതോതിലുള്ള ക്രൂഡ് ഓയിൽ പകരം കണ്ടെത്തേണ്ടി വരും.

റഷ്യൻ എണ്ണ ഇറക്കുമതി ഇന്ത്യ നിർത്തിയാൽ ഉടനടി പെട്രോൾ വില വർധിക്കണമെന്നില്ല. റഷ്യൻ അസംസ്കൃത എണ്ണ റിഫൈനറികൾ വാങ്ങുകയും പെട്രോൾ, ഡീസൽ, വിമാന ഇന്ധനം എന്നിവയാക്കി മാറ്റുകയുമാണ് ചെയ്യുന്നത്. ഇന്ത്യൻ റിഫൈനറികൾ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തിയാൽ, പശ്ചിമേഷ്യ, ആഫ്രിക്ക, അമേരിക്കൻ രാജ്യങ്ങൾ എന്നിവയുൾപ്പെടെയുള്ള മറ്റ് നിർമാതാക്കളിൽ നിന്ന് ക്രൂഡ് ഓയിൽ കണ്ടെത്താനാകും. എന്നാൽ പകരം വാങ്ങുന്ന എണ്ണക്ക് കൂടുതൽ ചെലവ് വന്നേക്കും.

അന്താരാഷ്ട്ര വിപണിവിലയേക്കാൾ കുറഞ്ഞ വിലയിൽ ലഭിച്ചതുകൊണ്ടാണ് റഷ്യൻ ക്രൂഡ് ഇന്ത്യക്ക് ആകർഷകമായത്. എന്നാൽ ഈ വർഷം പല ഘട്ടങ്ങളിലായി ആ കിഴിവ് കാര്യമായി കുറഞ്ഞിട്ടുണ്ട്. ജൂലൈയിൽ ഇന്ത്യയിലെത്തുന്ന റഷ്യൻ യൂറാൽസ് ക്രൂഡിന്റെ കിഴിവ് ബാരലിന് 10 ഡോളറിൽ കൂടുതൽ ആയിരുന്നത് ഏകദേശം 1-2 ഡോളറായി കുറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. വലിയ തോതിൽ കിഴിവ് ലഭിച്ചിരുന്ന സമയത്തേക്കാൾ കുറഞ്ഞ ആഘാതമേ ഇപ്പോൾ റഷ്യൻ എണ്ണ നഷ്ടപ്പെടുമ്പോൾ ഉണ്ടാകൂ എങ്കിലും അത് പ്രധാനപ്പെട്ട ഒരു മാറ്റം തന്നെയായിരിക്കും. ആഗോള ക്രൂഡ് ഓയിൽ വിലയിൽ ഉണ്ടാകുന്ന മാറ്റമാണ് വലിയ അപകടസാധ്യത.

അസ്ഥിരമായ അന്താരാഷ്ട്ര എണ്ണ വിപണിയാണ് ഇന്ത്യ നിലവിൽ നേരിടുന്ന പ്രശ്നം. പശ്ചിമേഷ്യയിലെ സംഘർഷങ്ങളും വിതരണ തടസങ്ങളും കാരണം വ്യാഴാഴ്ച ബ്രെന്‍റ് ക്രൂഡ് ഓയിൽ വില ബാരലിന് 105 ഡോളറോളം എത്തിയിരുന്നു. ഇതുകൊണ്ട് തന്നെ രണ്ട് വ്യത്യസ്ത സാധ്യതകളുണ്ട്. റഷ്യൻ കിഴിവ് നഷ്ടപ്പെടുന്നത് ഇന്ത്യൻ റിഫൈനറികൾക്ക് ഉയർന്ന ചെലവുണ്ടാക്കും, അതേസമയം ആഗോള എണ്ണ വിതരണത്തിലെ കുറവ് അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില ഉയരാൻ ഇടയാക്കും. രണ്ടാമത്തെ ഘടകമായിരിക്കും പെട്രോൾ വിലയെ കൂടുതൽ സ്വാധീനിക്കുന്നത്.

റഷ്യൻ എണ്ണക്ക് പകരം ഇന്ത്യക്ക് മറ്റ് വഴികളുണ്ട്, എന്നാൽ ചെലവ് കൂടും

ക്രൂഡ് ഓയിലിനായി ഇന്ത്യ റഷ്യയെ മാത്രം ആശ്രയിക്കുന്നില്ല. ഇന്ത്യൻ റിഫൈനറികൾ പാരമ്പര്യമായി പശ്ചിമേഷ്യയിൽ നിന്ന് വൻതോതിൽ എണ്ണ വാങ്ങാറുണ്ട്, കൂടാതെ ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, മറ്റ് വിതരണക്കാർ എന്നിവരിൽ നിന്നും വാങ്ങാൻ കഴിയും.

എന്നാൽ വിതരണക്കാരെ മാറ്റുന്നത് അത്ര എളുപ്പമല്ല. അസംസ്കൃത എണ്ണ ഓരോ റിഫൈനറികൾക്കും അനുയോജ്യമായിരിക്കണം, കൂടാതെ ചരക്കുകൂലി, ഇൻഷുറൻസ്, ലഭ്യതാ തടസങ്ങൾ, പണമടക്കൽ ക്രമീകരണങ്ങൾ എന്നിവയും പ്രധാനമാണ്. പകരമുള്ള എണ്ണ വാങ്ങാൻ ഇന്ത്യയും മറ്റ് രാജ്യങ്ങളും പെട്ടെന്ന് ശ്രമിക്കുന്നത് തന്നെ വില ഉയരാൻ കാരണമാകും.

ഏഷ്യയിൽ ഇതിനകം തന്നെ ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നതിന് തെളിവുകളുണ്ട്. ചില പരമ്പരാഗത സ്രോതസുകളിൽ നിന്നുള്ള വിതരണം തടസ്സപ്പെട്ടതോടെ റിഫൈനറികൾ പകരമുള്ള ക്രൂഡ് ഓയിൽ അന്വേഷിക്കാൻ തുടങ്ങി. ഇത് ചില ഇനം എണ്ണകളുടെ പ്രീമിയം വില ഉയർത്തി. അതിനാൽ, ഇന്ത്യക്ക് മറ്റെവിടെ നിന്നെങ്കിലും എണ്ണ വാങ്ങാൻ കഴിഞ്ഞേക്കാം. എന്നാൽ ഏത് വിലക്ക് വാങ്ങാൻ കഴിയുമെന്നതാണ് ഏറ്റവും വലിയ ചോദ്യം.

പെട്രോൾ വില എങ്ങനെയാണ് തീരുമാനിക്കപ്പെടുന്നത്?

ഇവിടെയാണ് ഉപഭോക്താക്കൾക്കുമേലുള്ള ആഘാതം കൂടുതൽ സങ്കീർണ്ണമാകുന്നത്. പെട്രോൾ, ഡീസൽ വിലകൾ വിപണി അധിഷ്ഠിതമാണെന്നും അന്താരാഷ്ട്ര വിപണിയിലെ വിലയും മറ്റ് വിപണി സാഹചര്യങ്ങളും അനുസരിച്ച് ഇന്ത്യൻ ഓയിൽ, ബി.പി.സി.എൽ, എച്ച്.പി.സി.എൽ എന്നീ എണ്ണ വിപണന കമ്പനികളാണ് വില നിശ്ചയിക്കുന്നതെന്നുമാണ് സർക്കാർ പറയുന്നത്.

എന്നാൽ പമ്പിലെ വില ക്രൂഡ് ഓയിലിന്‍റെ വില മാത്രം അടിസ്ഥാനമാക്കിയുള്ളതല്ല. അസംസ്കൃത എണ്ണയുടെയും ശുദ്ധീകരണത്തിന്റെയും ചെലവ്, ചരക്കുകൂലി, ഡീലർ കമ്മീഷൻ, കേന്ദ്ര നികുതികൾ, സംസ്ഥാന നികുതികൾ/വാറ്റ് തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. പെട്രോളും ഡീസലും ജി.എസ്.ടി പരിധിക്ക് പുറത്താണ്. കേന്ദ്ര എക്സൈസ് തീരുവ വിലയുടെ പ്രധാന ഘടകമായി തുടരുന്നു. അന്താരാഷ്ട്ര എണ്ണവില കുതിച്ചുയരുമ്പോൾ ഉപഭോക്താക്കൾക്ക് ആശ്വാസം നൽകാൻ ഇത് സർക്കാറിന് അവസരം നൽകുന്നു.

ഉദാഹരണത്തിന്, 2026 മാർച്ച് മാസത്തിൽ ആഗോള ക്രൂഡ് ഓയിൽ വില ബാരലിന് 70 ഡോളറിൽ നിന്ന് 122 ഡോളറിലേക്ക് ഉയർന്നപ്പോൾ സർക്കാർ പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ ലിറ്ററിന് 10 രൂപ കുറച്ചിരുന്നു. പമ്പുകളിലെ റീട്ടെയിൽ വില മാറ്റമില്ലാതെ നിലനിർത്തുകയും, എക്സൈസ് തീരുവ കുറച്ചത് പൊതുമേഖലാ എണ്ണക്കമ്പനികളുടെ നഷ്ടം നികത്താൻ സഹായിക്കുകയും ചെയ്തു. അതിനാൽ, ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി ചെലവ് ഉയർന്നാലും ആ വർധനവ് മുഴുവൻ പെട്രോൾ പമ്പുകളിൽ ഉടനടി പ്രതിഫലിക്കണമെന്നില്ല.

യു.എസ് താരിഫ് ഭീഷണി

റഷ്യൻ ഊർജം വാങ്ങുന്നത് തുടരുന്ന രാജ്യങ്ങൾക്ക് മേൽ സമ്മർദ്ദം ചെലുത്താനാണ് ഉപരോധ ബിൽ പ്രധാനമായും ലക്ഷ്യമിടുന്നത്. ഇന്ത്യ ഉൾപ്പെടെ റഷ്യൻ ഊർജം വാങ്ങുന്നത് തുടരുന്ന രാജ്യങ്ങൾക്ക് മേൽ 100 ശതമാനം വരെ താരിഫ് ഏർപ്പെടുത്താൻ ഈ നിയമനിർമ്മാണം യു.എസ് പ്രസിഡന്‍റിന് അധികാരം നൽകുന്നു.

നിയമമാകുന്ന നിമിഷം തന്നെ ഈ ബിൽ ഇന്ത്യയ്ക്ക് മേൽ 100% താരിഫ് യാന്ത്രികമായി ചുമത്തുന്നില്ല. അത്തരം താരിഫുകൾ ചുമത്താൻ ട്രംപിന് അധികാരം നൽകുക മാത്രമാണ് ചെയ്യുന്നത്. കൂടാതെ, ഈ താരിഫ് യു.എസിലേക്ക് പോകുന്ന ഇന്ത്യൻ കയറ്റുമതി ഉൽപ്പന്നങ്ങൾക്കാണ് ബാധകമാകുന്നത്, അല്ലാതെ ഇന്ത്യൻ പമ്പുകളിൽ വിൽക്കുന്ന പെട്രോളിനെയല്ല ഇത് നേരിട്ട് ബാധിക്കുന്നത്.

എന്നാൽ നിയമം പരോക്ഷമായി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ബാധിച്ചേക്കാം. വലിയൊരു യു.എസ് താരിഫ് ഇന്ത്യൻ കയറ്റുമതിക്കാരെ ബാധിക്കുകയും യു.എസുമായുള്ള ഇന്ത്യയുടെ വ്യാപാര ബന്ധം വഷളാക്കുകയും ചെയ്യും. ഇത് രൂപയുടെ മൂല്യം, ഇറക്കുമതി ചെലവുകൾ, വിശാലമായ സാമ്പത്തിക മേഖല എന്നിവയെ ബാധിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - how russian oil sanction affect petrol price in India
Next Story