മഴയിൽ കുടുങ്ങി റബർ കർഷകർ
text_fieldsകനത്ത മഴയിൽ ടാപിങ് നിലച്ച റബർ തോട്ടങ്ങളിലൊന്ന്
കാഞ്ഞിരപ്പള്ളി: മലയോര മേഖലയിൽ ഇടമുറിയാതെ പെയ്യുന്ന കനത്ത മഴയിൽ ടാപിങ് നിലച്ചതോടെ പ്രതിസന്ധിയിലായി റബർ കർഷകർ. മുൻ വർഷങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട വില ലഭിക്കുന്നുണ്ടെങ്കിലും ടാപിങ് നടക്കാത്തത് കർഷകരെയും തൊഴിലാളികളെയും വ്യാപാരികളെയും ഒരു പോലെ ദുരിതത്തിലാക്കി.
മഴക്കാലത്ത് ടാപിങ് നടത്തുമ്പോൾ മരത്തിന് പട്ടമരപ്പ് രോഗം കൂടുന്നതായി തൊഴിലാളികൾ പറയുന്നു. ഇതിന് പുറമെ റെയിൻ ഗാർഡ് ഇടൽ, കാട് തെളിക്കൽ, വളമിടൽ എന്നിവക്കും ചെലവേറി. മഴ ശക്തമായതോടെ ഇല കൊഴിച്ചിലും വ്യാപകമാണ്. മുമ്പ് ഒരു തവണ ഇല കൊഴിഞ്ഞിരുന്ന സ്ഥാനത്ത് മഴക്കാലത്ത് മൂന്നും നാലും തവണ കൊഴിയുന്ന സ്ഥിതിയാണ്.
മഴക്കാലത്ത് ഇല കിളിർക്കാൻ താമസവും നേരിടുന്നു. ഇതെല്ലാം കണക്കിലെടുക്കുമ്പോൾ അധിക മഴമൂലം വേറെ ജോലി കണ്ടു പിടിക്കേണ്ട അവസ്ഥയിലാണ് ടാപിങ് തൊഴിലാളികൾ.
മാസം ശരാശരി 15 ദിവസം ടാപിങ് നടന്നിരുന്നെങ്കിൽ കനത്ത മഴ മൂലം കഴിഞ്ഞ മൂന്നു മാസത്തിനിടെ ഇത്രയും നടന്നിട്ടില്ല. മരങ്ങൾക്ക് പ്ലാസ്റ്റിക്കിട്ടവർക്ക് പോലും കനത്ത മഴയിൽ ടാപിങ് സാധിക്കാത്ത സ്ഥിതിയാണ്. തോരാതെ പെയ്യുന്ന മഴയിൽ റെയിൻ ഗാർഡുകൾക്ക് ചോർച്ച ഉണ്ടാകുന്നതായും കർഷകർ പറയുന്നു.
സാധാരണ ജൂൺ ആദ്യം എത്തുന്ന മഴ ഇത്തവണ മെയ് ആദ്യം ആരംഭിച്ചത് റെയിൻ ഗാർഡ് വിൽക്കുന്ന വ്യാപാരികളെയും ദുരിതത്തിലാക്കി. പ്രതീക്ഷിച്ച കച്ചവടം ലഭിക്കാത്തതാണു കാരണം. കച്ചവട സ്ഥാപനങ്ങളിൽ റെയിൻ ഗാർഡ്, പ്ലാസ്റ്റിക്ക്, പശ എന്നിവ ഉൾപ്പെടെ ലക്ഷകണക്കിന് രൂപയുടെ ഉൽപന്നങ്ങൾ കെട്ടിക്കിടക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

