Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightജി.എസ്.ടി പരിഷ്‍കാരവും...

ജി.എസ്.ടി പരിഷ്‍കാരവും വിപണിയും

text_fields
bookmark_border
ജി.എസ്.ടി പരിഷ്‍കാരവും വിപണിയും
cancel

ഇന്ത്യയിലെ സാധാരണക്കാർക്ക് ഏറെ ആശ്വാസവും വിപണിക്ക് ഉത്തേജനവും പകരുന്ന ചരിത്രപരമായ നികുതി പരിഷ്‍കാരത്തിനാണ് ജി.എസ്.ടി കൗൺസിൽ സെപ്റ്റംബർ മൂന്നിന് അംഗീകാരം നൽകിയത്. ചരക്കു സേവന നികുതി ഘടനയിലെ സങ്കീർണത കുറച്ചതിനൊപ്പം ബഹുഭൂരിഭാഗം നിത്യോപയോഗ സാധനങ്ങൾക്കും നികുതി കുറച്ചതും വിപണിയിൽ വലിയ സ്വാധീനം ചെലുത്തും. അതേസമയം, ഓഹരി വിപണിയിൽ ജി.എസ്.ടി പരിഷ്‍കാരത്തിന്റെ മെച്ചം പ്രതിഫലിക്കാൻ മൂന്നോ നാലോ മാസം കൂടി കാത്തിരിക്കേണ്ടിവരും.

ജി.എസ്.ടി പരിഷ്‍കാരത്തിന്റെ വിശദാംശങ്ങൾ ധനമന്ത്രി വാർത്തസമ്മേളനത്തിൽ വിശദീകരിച്ചതിന്റെ തൊട്ടടുത്ത ദിവസവും ഓഹരി വിപണിക്ക് മുന്നേറ്റത്തോടെ വ്യാപാരം അവസാനിപ്പിക്കാൻ കഴിഞ്ഞില്ല. വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ കൂട്ട വിൽപനയാണ് മുന്നേറ്റം തടയുന്നത്. അവർ വാങ്ങലുകാരാവണമെങ്കിൽ ഒന്നുകിൽ ന്യായമായ വിലനിലവാരത്തിലേക്കും മൂല്യത്തിലേക്കും വിപണി താഴണം. അല്ലെങ്കിൽ കോർപറേറ്റ് വരുമാനത്തിൽ മുന്നേറ്റമുണ്ടാകണം.

ഇപ്പോഴും ഇന്ത്യൻ ഓഹരി വിപണിയും മിക്കവാറും ഓഹരികളും അമിത മൂല്യത്തിലാണ്. സെപ്റ്റംബർ 22 മുതലാണ് ജി.എസ്.ടി പരിഷ്‍കാരം പ്രാബല്യത്തിൽ വരുന്നത്. അതുകൊണ്ടുതന്നെ ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബർ പാദത്തിലെ കമ്പനികളുടെ പ്രകടനത്തിൽ ഇത് പ്രതിഫലിക്കില്ല. 2026 ജനുവരിയിലാണ് കോർപറേറ്റുകളുടെ മൂന്നാം പാദഫലം പുറത്തുവരുക. അതിൽ കമ്പനികളുടെ വിൽപനയും ലാഭവും വർധിക്കുമെന്നാണ് കരുതുന്നത്. അതിനിടയിലും ചില സെക്ടറുകളും ഓഹരികളും കരുത്തുകാട്ടുന്നുണ്ട്.

അടുത്ത വർഷങ്ങളിൽ കുതിപ്പിന് സാധ്യതയുള്ള സെക്ടറുകളിലെ മികച്ച ഓഹരികളാണ് ഇപ്പോൾ മുന്നേറുന്നത്. ബാക്കിയുള്ളവ കയറിയിറങ്ങിക്കളിക്കുകയോ പതിയെ താഴുകയോ ആണ്. സെമികണ്ടക്ടർ, വാഹനഭാഗങ്ങൾ, ആശുപത്രി, ഊർജ വിതരണം തുടങ്ങിയ മേഖലകളിലെ ഓഹരികളാണ് കരുത്ത് കാണിക്കുന്നത്. നിത്യോപയോഗ സാധനങ്ങൾ, കാർഷിക ഉൽപന്നങ്ങൾ, ഇൻഷുറൻസ്, ഫാർമ തുടങ്ങി ജി.എസ്.ടി പരിഷ്‍കാരത്തിന്റെ ഗുണം ലഭിക്കുന്ന മേഖലകളും വരും മാസങ്ങളിൽ കരുത്ത് പ്രകടിപ്പിക്കാൻ സാധ്യതയുണ്ട്.

ജനത്തിന് ആശ്വാസം; ഉപഭോഗം വർധിക്കും

ചരക്കുസേവന നികുതിയിൽ അഞ്ച്, 18 ശതമാനം സ്ലാ​ബു​ക​ൾ നിലനിർത്തി 12, 28 ശതമാനം ഒഴിവാക്കിയെന്ന് മാത്രമല്ല 28 ശതമാനം സ്ലാബിലുള്ള 90 ശതമാനം ഉൽപന്നങ്ങളും 18ലേക്കും 12 ശതമാനം സ്ലാബിലുള്ള 99 ശതമാനം ഉൽപന്നങ്ങളും അഞ്ചു ശതമാനത്തിലേക്കും മാറ്റിയത് നികുതിഭാരത്തിൽ വലിയ കുറവാണ് വരുത്തുക.

പാക്ക് ചെയ്ത ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെ നിത്യോപയോഗ സാധനങ്ങളിൽ ഭൂരിഭാഗവും അഞ്ച് ശതമാന നികുതി പരിധിയിലേക്ക് മാറുന്നു. 33 ജീവൻരക്ഷാ മരുന്നുകൾക്കും വ്യക്തിഗത ജീവൻ-ആരോഗ്യ ഇൻഷുറൻസുകൾക്കും നികുതിയില്ല. പിസ, പനീർ, ബ്രെഡ്, പൊറോട്ട, ചപ്പാത്തി, ഉയർന്ന താപനിലയിൽ തിളപ്പിച്ച ലോങ് ലൈഫ് പാൽ തുടങ്ങി ഭക്ഷ്യവിഭവങ്ങളുടെ നികുതിയൊഴിവാക്കി. വിദ്യാർഥികൾ ഉപയോഗിക്കുന്ന പെൻസിൽ, ഷാർപ് നർ, ഇറേസർ, ക്രയോൺ, എക്സർസൈസ് ബുക്ക്, ഗ്രാഫ് ബുക്ക്, ലാബ് ബുക്കുകൾ, ജ്യോമട്രി ബോക്സ്, ഭൂപടം തുടങ്ങിയവയുടെ നികുതിയും ഒഴിവാക്കി.

സിമന്റ്, ഗ്രാനൈറ്റ്, മാർബിൾ ഉൾപ്പെടെ സാധനങ്ങളുടെ നികുതി കുറച്ചത് നിർമാണ മേഖലക്ക് ഊർജം പകരും. വില കുറയുന്നതിലൂടെ സാധാരണക്കാർക്കുണ്ടാകുന്ന മെച്ചം അധിക ഉപഭോഗത്തിലൂടെ വിപണിയിലേക്കുതന്നെ എത്തുമെന്നാണ് സർക്കാറിന്റെ കണക്കുകൂട്ടൽ. ഉപഭോഗം വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് കഴിഞ്ഞ ബജറ്റിൽ കേന്ദ്ര സർക്കാർ ആദായനികുതി പരിധി ഉയർത്തിയത്.

അതേസമയം, നികുതി കുറച്ചത് കമ്പനികൾ എത്രത്തോളം വിലക്കുറവായി ഉപഭോക്താക്കളിലേക്ക് എത്തിക്കും എന്നത് കണ്ടറിയണം. മോഡൽ മാറ്റിയും മറ്റു കുറുക്കുവഴികളിലൂടെയും കമ്പനികൾ വില വർധിപ്പിച്ച് നികുതി കുറഞ്ഞത് ലാഭമാക്കി മാറ്റാനിടയുണ്ട്. നികുതി കുറച്ച 25 സാധനങ്ങൾ മുൻനിർത്തി മുമ്പ് സംസ്ഥാന ജി.എസ്.ടി വകുപ്പ് പഠനം നടത്തിയപ്പോൾ വിപണിയിൽ വില കുറയുന്നില്ലെന്നാണ് ബോധ്യപ്പെട്ടത്.

വില കൂടുന്നവയുമുണ്ട്

സിഗരറ്റ്, പാൻമസാല, കോളകൾ പോലെയുള്ള പ്രോത്സാഹിപ്പിക്കേണ്ടതില്ലാത്ത ചില ഉൽപന്നങ്ങൾക്കും ചില ആഡംബര ഉൽപന്നങ്ങൾക്കും ജി.എസ്.ടി 40 ശതമാനമാക്കി ഉയർത്തി. ചെറുവാഹനങ്ങളുടെ വില കുറയുമ്പോൾ ആഡംബര വാഹനങ്ങളുടെ നികുതി ഗണ്യമായി വർധിപ്പിക്കുകയാണ് ചെയ്തത്. 350 സി.സിയിൽ കൂടുതൽ ശക്തിയുള്ള ബൈക്കുകൾ, വ്യക്തിഗത ആവശ്യത്തിനുള്ള വിമാനം, ആഡംബര നൗക എന്നിവക്ക് 40 ശതമാനമാണ് ചരക്കുസേവന നികുതി. 1200 സി.സിയിൽ കൂടുതൽ ​ശക്തിയുള്ള പെട്രോൾ കാറുകളുടെ നികുതി 28 ശതമാനത്തിൽനിന്ന് 40 ശതമാനമായി ഉയരും.

ഹ്യൂണ്ടായ് ക്രെറ്റ, ടാറ്റ നെക്സൺ, മഹീന്ദ്ര എക്സ്‍യുവി700, എം.ജി ഹെക്ടർ, കിയ സെൽറ്റോസ്, ടാറ്റ ഹാരിയർ, മാരുതി എർട്ടിഗ, മഹീന്ദ്ര ഥാർ, ജീപ്പ് കംപാസ് തുടങ്ങിയവ ഈ ഗണത്തിൽ വരുന്നതാണ്. എന്നാൽ, ഇവക്ക് ഉണ്ടായിരുന്ന സെസ്‌ പൂർണമായും എടുത്തുകളഞ്ഞതോടെ വില കുറയുമെന്നാണ് ഔദ്യോഗിക വിശദീകരണം. ഇവയിൽ പലതും ഇടത്തരക്കാർ ഉപയോഗിച്ചുവരുന്നതാണ്. 2500 രൂപക്ക് മുകളിൽ വിലയുള്ള വസ്ത്രങ്ങളുടെ നികുതി 12 ശതമാനത്തിൽനിന്ന് 18 ശതമാനമായി ഉയരും.

സർക്കാറിന് വരുമാന നഷ്ടം

22 ലക്ഷം കോടി രൂപയാണ് കഴിഞ്ഞവർഷം ഇന്ത്യയിലാകെ ജി.എസ്.ടി ഇനത്തിൽ കിട്ടിയത്. പരിഷ്കാരത്തോടെ ഇതിൽ നാല് ലക്ഷം കോടിയുടെ കുറവുണ്ടാകും. ആനുപാതിക കുറവ് സംസ്ഥാനങ്ങളുടെ വരുമാനത്തിലുമുണ്ടാകും. ഉപഭോഗം വർധിക്കുന്നതിലൂടെ ഇതിൽ കുറച്ചൊക്കെ നികത്ത​പ്പെടും എന്നാണ് പ്രതീക്ഷ.

സംസ്ഥാന ധനവകുപ്പിന്റെ കണക്കുകൾ അനുസരിച്ച് കേരളത്തിന് പ്രതിവർഷം 8000 മുതൽ 10000 കോടിയുടെ വരെ വരുമാന നഷ്ടമാണ് പ്രതീക്ഷിക്കുന്നത്. നഷ്ടപരിഹാരം വേണമെന്ന കേരളം ഉൾപ്പെടെ സംസ്ഥാനങ്ങളുടെ ആവശ്യത്തിന് കേന്ദ്രം ചെവികൊടുത്തില്ല.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GSTcentral governmentmarketbusinessesNirmala Sitaram
News Summary - GST Reform and Market
Next Story