ഇന്ധനവില വർധനവ് പിടിച്ചു നിർത്താൻ തിരക്കിട്ട ചർച്ചകൾ; മോദി ധനകാര്യമന്ത്രാലയം ഉദ്യോഗസ്ഥരെ കാണും
text_fieldsന്യൂഡൽഹി: യുക്രെയ്നെ റഷ്യ ആക്രമിച്ചതിന് പിന്നാലെ റോക്കറ്റ് വേഗത്തിലാണ് ആഗോള വിപണിയിൽ എണ്ണവില കുതിക്കുന്നത്. വൈകീട്ട് ബാരലിന് 104 ഡോളറിലാണ് എണ്ണ വ്യാപാരം പുരോഗമിക്കുന്നത്. എണ്ണവില കുതിച്ചതോടെ ഇന്ത്യ കടുത്ത പ്രതിസന്ധിയേയാണ് അഭിമുഖീകരിക്കുന്നത്. ആഗോള വിപണിയുടെ ചുവടുപിടിച്ച് ഇന്ത്യയിൽ പെട്രോൾ-ഡീസൽ വില ഉയർത്തിയാൽ അത് കടുത്ത പ്രതിസന്ധിയാവും രാജ്യത്തെ സമ്പദ്‍വ്യവസ്ഥയിലുണ്ടാക്കുക.
ഇതുമൂലം പണപ്പെരുപ്പം സകല റെക്കോർഡുകളും ഭേദിക്കുന്ന അവസ്ഥയുണ്ടാവും. ഈയൊരു സാഹചര്യത്തിൽ സമ്പദ്‍വ്യവസ്ഥയുടെ ആഘാതം പരമാവധി കുറച്ച് പ്രതിസന്ധി നേരിടാനുള്ള നീക്കങ്ങൾക്ക് കേന്ദ്രസർക്കാർ തുടക്കം കുറിച്ചുവെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
നിലവിലെ സാഹചര്യം വിലയിരുത്താൻ ധനകാര്യ മന്ത്രാലയത്തോട് നരേന്ദ്ര മോദി നിർദേശം നൽകിയിട്ടുണ്ട്. ധനകാര്യ മന്ത്രാലയം ഉന്നത ഉദ്യോഗസ്ഥരുമായി മോദി കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോർട്ടുണ്ട്. നവംബർ നാലിന് ശേഷം ഇന്ത്യയിൽ എണ്ണവില വർധിച്ചിട്ടില്ല. നിലവിലെ സാഹചര്യത്തിൽ ഉടൻ എണ്ണവില വർധിപ്പിക്കണമെന്നാണ് കമ്പനികളുടെ നിലപാട്.
എന്നാൽ, യു.പി ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ നിലവിൽ എണ്ണവില വർധിപ്പിക്കുന്നതിനെ കേന്ദ്രസർക്കാർ എതിർക്കുകയാണ്. പക്ഷേ മാർച്ച് ഏഴിന് തെരഞ്ഞെടുപ്പുകൾ പൂർത്തിയാകുമ്പോൾ വില കൂട്ടേണ്ടി വരുമെന്ന് ഉറപ്പാണ്. അതുണ്ടാക്കുന്ന പ്രതിസന്ധി നേരിടാനുള്ള നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്. നേരത്തെ ചെയ്തത് പോലെ നികുതി കുറച്ച് വീണ്ടും എണ്ണവില നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ തയാറാകുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

